UPDATES

‘ആ സംഭവത്തിനു ശേഷം ഞാനും തരൂരും സംസാരിച്ചിട്ടില്ല; കുമ്മനത്തെ പിന്തുണയ്ക്കാനുള്ള എന്റെ വ്യക്തിപരമായ തീരുമാനത്തെ ബഹുമാനിക്കണം’: ടിപി ശ്രീനിവാസൻ

ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് ആരെയും പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ടിപി ശ്രീനിവാസൻ കുറിപ്പിൽ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിയെ വ്യക്തിപരമായ ബന്ധം വെച്ച് പിന്തുണച്ചതിന്റെ പേരിൽ ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള വിശ്വാസം താൻ നഷ്ടപ്പെടുത്തിയെന്ന തരത്തിൽ പ്രചാരണം നടക്കുന്നത് ആശ്ചര്യപ്പെടുത്തിയെന്ന് മുൻ നയതന്ത്രജ്ഞൻ ടിപി ശ്രീനിവാസൻ. താൻ ഒരു പാർട്ടിയിലെയും മെമ്പറല്ലെന്നും ഇത് തനിക്ക് ആരെയും പിന്തുണയ്ക്കാനുള്ള വഴക്കം തരുന്നുണ്ടെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരത്തെ കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശി തരൂർ തന്നോട് പിന്തുണയാവശ്യപ്പെട്ടില്ലെന്ന് ഈ കുറിപ്പിൽ പറയുന്നുമുണ്ട് ടിപി ശ്രീനിവാസൻ. തന്നോട് ഇത്തവണ ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികൾ മാത്രമാണ് പിന്തുണ ആവശ്യപ്പെട്ടത്. അവരുടെ രാഷ്ട്രീയത്തോട് ഉയർന്ന ബഹുമാനം സൂക്ഷിക്കുന്നതിനാൽ പിന്തുണ നൽകിയെന്നും ശ്രീനിനാസൻ പറയുന്നു.

“കോൺഗ്രസ്സോ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോ മറ്റാരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, എന്റെ കോളേജിലെ സഹപാഠിയായ സി ദിവാകരൻ വീട്ടിൽ വന്ന് കാണുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. കോളേജിൽപ്പോലും ഞങ്ങളിരുവരും രണ്ട് രാഷ്ട്രീയമായിരുന്നു പുലർത്തിയിരുന്നതെന്ന് ഞാൻ ഓർക്കുകയുണ്ടായി. എങ്കിലും അദ്ദേഹത്തിന് നല്ലതു വരട്ടെയെന്ന് ആശംസിച്ചു. മിസോറം ഗവർണറായിരിക്കെയാണ് കുമ്മനം രാജശേഖരനെ ഞാൻ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ പിന്തുണ ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തിന്റെ പ്രചാരണം നയിക്കണമെന്നും പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രത്യേകിച്ചും ആ ലാളിത്യവും പ്രതിബദ്ധതയും എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തെ വ്യക്തിപരമായ നിലയിൽ പിന്തുണയ്ക്കാനും തീരുമാനിച്ചു.” -ടിപി ശ്രീനിവാസൻ പറഞ്ഞു.

ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് ആരെയും പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ടിപി ശ്രീനിവാസൻ കുറിപ്പിൽ പറഞ്ഞു. 2009ൽ ശശി തരൂരിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നീട് തരൂരുമായുണ്ടായ ബന്ധത്തിലെ ഉലച്ചിലിനെക്കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട് കുറിപ്പിൽ. രാഷ്ട്രീയക്കാരനെന്ന നിലയിൽ തരൂർ പിൽക്കാലങ്ങളിൽ തന്നെ നിരാശപ്പെടുത്തിയെന്നതാണ് പ്രശ്നം. ഇത് സൂചിപ്പിച്ച് ഒരു വെബ് പോർട്ടലിൽ താൻ എഴുതിയപ്പോൾ തങ്ങളുടെ മുൻകാല ബന്ധത്തെ പരിഗണിക്കാതെ അദ്ദേഹം മോശമായി പ്രതികരിച്ചെന്നും ടിപി ശ്രീനിവാസൻ ആരോപിച്ചു. “ആ സംഭവത്തിനു ശേഷം ഞങ്ങളിരുവരും സംസാരിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കാത്തതിനു കാരണം തിരുവന്തപുരം എംപി മാറേണ്ടതുണ്ട് എന്നതിനാലാണ്. ഇതിന് പല കാരണങ്ങളുണ്ട്” -ടിപി ശ്രീനിവാസൻ വിശദീകരിച്ചു.

താൻ കുമ്മനത്തെ പിന്തുണയ്ക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്നവർ തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും ടിപി ശ്രീനിവാസൻ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍