UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎച്ച്പി വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും തൊഗാഡിയയെ തെറിപ്പിക്കാൻ ആർഎസ്എസ് വ്യാജന്‍മാരെ ഇറക്കുന്നു

കത്ത് പുറത്തു വന്നതിനു ശേഷവും ആർഎസ്എസ് തുടരുന്ന മൗനം അർത്ഥഗർഭമാണ്. എന്തു വിലകൊടുത്തും തൊഗാഡിയയെ നീക്കുക എന്ന തീരുമാനത്തിലേക്ക് ആർഎസ്എസ്സ് എത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

വിശ്വഹിന്ദു പരിഷത്ത് അന്തർദ്ദേശീയ വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് പ്രവീൺ തൊഗാഡിയയെ നീക്കം ചെയ്യാൻ ആർഎസ്എസ് ഇടപെടൽ നടത്തുന്നതായി റിപ്പോർട്ട്. സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പട്ടികയിൽ ആർഎസ്എസ് ഇടപെട്ട് കൃത്രിമം കാണിച്ചെന്നാണ് ആരോപണം.

212 മെമ്പർമാരുള്ള വോട്ടേഴ്സ് ലിസ്റ്റിൽ 37 വ്യാജ വോട്ടർമാരുടെ പേര് കൂട്ടിച്ചേർത്തെന്ന് ആരോപണമുന്നയിക്കുന്നത് അന്തർദ്ദേശീയ പ്രസിഡണ്ടായ ജി രാഘവ റെഡ്ഢിയാണ്.

ആർഎസ്എസ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സംഘപരിവാർ സംഘടനകളിലൊന്നാണ് വിശ്വഹിന്ദു പരിഷത്ത്. 1964ൽ എംഎസ് ഗോൾവാൾക്കറും എസ്എസ് ആപ്തെയും സ്വാമി ചിന്മയാനന്ദയും ചേർന്ന് സ്ഥാപിച്ചതാണ് വിഎച്ച്പി.

ഏപ്രിൽ 14-15 തിയ്യതികളിലായി ഗുഡ്ഗാവിൽ നടക്കുന്ന വിഎച്ച്പി സമ്മേളനത്തിലാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. പ്രസിഡണ്ട് സ്ഥാനത്തേക്ക് തൊഗാഡിയ മത്സരിക്കുന്നില്ല. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ രാഘവറെഡ്ഢി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ തൊഗാഡിയയുടെ കാര്യം പരുങ്ങലിലാകും. മെമ്പർമാർ വോട്ടെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ശേഷം പ്രസിഡണ്ട് ഒരാളെ വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും. രാഘവറെഡ്ഢി തൊഗാഡിയയുടെ ആളായതു കൊണ്ട് വർക്കിങ് പ്രസിഡണ്ട് സ്ഥാനം മറ്റാർക്കും പോകില്ല. ഇത് തടയാനായി രാഘവ റെഡ്ഢിയെ എങ്ങനെയെങ്കിലും തോൽപ്പിക്കാൻ ആർഎസ്എസ്സ് ശ്രമിക്കുന്നതായാണ് അറിയുന്നത്.

വോട്ടേഴ്സ് ലിസ്റ്റിൽ ആർഎസ്എസ് വ്യാജന്മാരെ തിരുകിക്കയറ്റുന്നെന്ന ആരോപണം റെഡ്ഢി ആദ്യമുന്നയിച്ചത് രണ്ടാഴ്ച മുമ്പാണ്. വിഎച്ച്പി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ ഹൈക്കോടതി ജ‍ഡ്ജിയും ഹിമാചൽ ഗവർണറുമായ വിഎസ് കോക്ജെക്ക് റെഡ്ഢി ഈ വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതിയിരുന്നു. ആർഎസ്എസ് പിന്തുണയോടെയാണ് കോക്ജെ മത്സരിക്കുന്നത്.

അയോഗ്യരായ വോട്ടർമാരെ നീക്കാതെ, സംഘടനയുടെ ബൈലോ ലംഘിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് റെഡ്ഢി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് പുറത്തു വന്നതിനു ശേഷവും ആർഎസ്എസ് തുടരുന്ന മൗനം അർത്ഥഗർഭമാണ്. എന്തു വിലകൊടുത്തും തൊഗാഡിയയെ നീക്കുക എന്ന തീരുമാനത്തിലേക്ക് ആർഎസ്എസ്സ് എത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

നരേന്ദ്ര മോദി തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രവീൺ തൊഗാഡിയ രംഗത്തു വന്നിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ അദ്ദേഹം കരയുകയും ചെയ്തു. മോദിയും തൊഗാഡിയയും തമ്മിലുള്ള ബന്ധം വഷളായത് ആർഎസ്എസ്സിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് തൊഗാഡിയ തയ്യാറാകാത്തതും ആർഎസ്എസ്സിന് രുചിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍