UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019ൽ ഭൂരിപക്ഷം നേടുമെന്ന് ആർഎസ്എസ്സിന് വിശ്വാസമില്ല; പ്രണബിനെ പ്രധാനമന്ത്രിയാക്കാൻ പദ്ധതിയെന്ന് ശിവസേന

ബിജെപിയുമായി ഇതിനകം തന്നെ കടുത്ത ആശയസംഘർഷങ്ങളില്‍ ഏർപ്പെട്ടു കഴിഞ്ഞ ശിവസേനയുടെ വിയോജിപ്പുകൾ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ രാഷ്ട്രപതി പ്രണബ് മുഖർ‌ജിയെ ആർഎസ്എസ് സംഘ് ശിക്ഷാ വർഗിൽ പങ്കെടുപ്പിച്ചതിനു പിന്നാലെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് ശിവസേന രംഗത്ത്. നാഗ്പൂരിലെ പരിപാടിയിൽ പ്രണബിനെ പങ്കെടുപ്പിച്ചത് നൽകുന്ന സൂചന 2019 തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ഭാഗമാകാമെന്ന് മുതിർന്ന സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

ബിജെപിയുമായി ഇതിനകം തന്നെ കടുത്ത ആശയസംഘർഷങ്ങളില്‍ ഏർപ്പെട്ടു കഴിഞ്ഞ ശിവസേനയുടെ വിയോജിപ്പുകൾ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് കേവലഭൂരിപക്ഷം കണ്ടെത്താൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ പ്രണബിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയേക്കുമെന്നാണ് ശിവസേന സംശയിക്കുന്നത്. 2019 തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ ബിജെപി ബുദ്ധിമുട്ടുമെന്നു തന്നെയാണ് ശിവസേന കരുതുന്നത്. ഇപ്പോഴുള്ള വിലയിരുത്തൽ പ്രകാരം 110 സീറ്റുകളെങ്കിലും ബിജെപിക്ക് നഷ്ടമാകും.

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിന് ശിവസേന നിൽക്കുമോയെന്ന ഭീതി നിലനില്‍ക്കെയാണ് അമിത് ഷായുടെ സന്ദർശനമുണ്ടായത്. ഇതിൽ ഉദ്ധവ് അനുകൂലമായ പ്രതികരണമൊന്നും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ 7നാണ് പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയത്. ആർഎസ്എസ്സിന്റെ ആശയഗതികള്‍ എന്തുകൊണ്ട് ഭാരതീയമല്ലെന്ന് വിശദീകരിച്ചാണ് പ്രണബ് പ്രസംഗിച്ചതെങ്കിലും കോൺഗ്രസ്സിന് അതൊരു വലിയ ക്ഷീണമാണുണ്ടാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍