UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല കരിദിനം: പാർലമെന്റിൽ കറുത്ത ബാൻഡുമായെത്തിയ കേരള എംപിമാരെ സോണിയ തടഞ്ഞു

ആർത്തവപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന ആചാരം സുപ്രീംകോടതി നീക്കം ചെയ്തപ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം കേരളത്തിലെ കോൺഗ്രസ്സ് പ്രഖ്യാപിച്ച കരിദിനം പാർലമെന്റിനകത്തും ആചരിക്കാനുള്ള കേരളത്തിൽ നിന്നുള്ള എംപിമാരുടെ നീക്കം പാളി. മുൻ പ്രസിഡണ്ട് സോണിയ ഗാന്ധി ഈ നീക്കം ശ്രദ്ധിക്കുകയും ഉടൻ തന്നെ തടയുകയും ചെയ്തതോടെയാണ് നീക്കം പാളിയത്. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് എംപിമാർ ലോകസഭാ ചേംബറിൽ കറുത്ത ബാൻഡ് വിതരണം ചെയ്യാൻ തുടങ്ങിയത്. ഇത് കണ്ട സോണിയ കാര്യമെന്തെന്ന് അന്വേഷിക്കുകയായിരുന്നു.

ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടാണ് കരിദിനാചരണം എന്ന് എംപിമാർ അറിയിച്ചതോടെ അത് നടത്തരുതെന്ന് സോണിയ അറിയിച്ചു. കോൺഗ്രസ്സ് സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയണെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ എംപിമാരെ തടഞ്ഞെതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കേരളത്തിൽ തങ്ങളുടെ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമരങ്ങൾ കോൺഗ്രസ്സിന് നടത്താമെന്നും എന്നാൽ ദേശീയ തലത്തിൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ സമരങ്ങൾ പാടില്ലെന്നും സോണിയ കേരളത്തിൽ നിന്നും കോൺഗ്രസ് എംപിമാരോട് പറഞ്ഞു. സ്ത്രീപുരുഷ സമത്വമെന്ന പ്രഖ്യാപിത കോൺഗ്രസ്സ് നിലപാടിന് വിരുദ്ധമായിരിക്കും അത്.

കോൺഗ്രസ്സിന് കേരളത്തിൽ നിന്ന് ഏഴ് എംപിമാരാണ് നിലവിലുള്ളത്. ആർത്തവപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന ആചാരം സുപ്രീംകോടതി നീക്കം ചെയ്തപ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ കേരളത്തിൽ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

ജനുവരി രണ്ടിന് രണ്ട് യുവതികൾ ക്ഷേത്രപ്രവേശനം നടത്തിയതിനെതിരെ നിൽക്കുന്ന നിലപാടാണ് കോൺഗ്രസ്സ് പ്രഖ്യാപിച്ചത്. ഇന്നലെ കരിദിനം പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയാണ് സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റിയതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഉയർന്ന ജാതിക്കാരുടെ വോട്ടുകൾ ബിജെപിയിലേക്ക് നീക്കി വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞദിവസം സംഘപരിവാർ സംഘടനകൾ ഹർത്താൽ ആചരിച്ചപ്പോൾ കോൺഗ്രസ്സ് സമാന്തരമായി പ്രതിഷേധങ്ങളും നടത്തുന്നുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍