UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ കയറിയാൽ ആർത്തവരക്തം തിരിച്ചുകയറുമെന്ന് ഡോക്ടറുടെ കണ്ടുപിടിത്തം; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

പ്രത്യേക കാന്തികമണ്ഡലം ഉള്ള സ്ഥലം നോക്കിയാണത്രേ ക്ഷേത്രം പണിയുക.

ശബരിമലയിൽ ആർത്തവകാലത്ത് സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുന്നതിന്റെ കാരണമെന്താണ്? അത് അശുദ്ധിയല്ലെന്ന് ഡോ. നിഷ പിള്ളയ്ക്ക് ഉറപ്പാണ്. എങ്കിൽ മറ്റെന്താണ് കാരണം. അതിന് ‘ ശാസ്ത്രീയ വിശദീകരണം’ ഉണ്ട്. ഇത് കഴിഞ്ഞ 30 വർഷമായി മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചുണ്ടായ പരിചയത്തിന്റെ ബലത്തില്‍ പറയുന്നതാണെന്നും നിഷ പിള്ള പറയുന്നു.

പ്രത്യേക കാന്തികമണ്ഡലം ഉള്ള സ്ഥലം നോക്കിയാണത്രേ ക്ഷേത്രം പണിയുക. ഇത് മറ്റൊരു മതത്തിന്റെയും ദേവാലയങ്ങൾക്ക് അവകാശപ്പെടാനാകാത്ത ഗുണമാണ്. വിശുദ്ധവൽക്കരണസമയത്ത് മൂർത്തിക്ക് ഒരു പ്രത്യേക ഭാവം അനുവദിച്ചു നൽകുന്നു. ഇങ്ങനെ വിശുദ്ധീകരിക്കപ്പെട്ട തന്ത്രിയിൽ നിന്നും ഒരു പ്രാണൻ ഈ മൂർത്തിയിലേക്ക് കൊടുത്ത് അത് ഉത്തേജിപ്പിച്ച് ഒരു ദിവ്യമായ സാഹചര്യം സൃഷ്ടിക്കുന്നതായി ഡോക്ടർ അവകാശപ്പെടുന്നു. ആധുനിക ശാസ്ത്രത്തിന് ശരീരത്തിന്റെ വിവിധ നിലകളെക്കുറിച്ച് കാര്യമായ ധാരണയില്ലെന്നും അത് തനിക്കറിയാമെന്നും ഇവര്‍ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ഘടനയില്ലാത്ത ഒരു സാധനത്തിനെ ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാൻ സാധിച്ചിട്ടില്ല. മൂലാധാരപത്മത്തിൽ നിന്നു തുടങ്ങി അനാഹതത്തിലേക്ക് പോകുന്ന വിശദീകരണങ്ങൾക്കൊടുവിൽ സ്ത്രീ ശബരിമലയിൽ പോയാൽ അശുദ്ധിയൊന്നും അയ്യപ്പനുണ്ടാകില്ലെങ്കിലും സ്ത്രീകളുടെ ആരോഗ്യത്തെ ആ സന്ദർശനം ദോഷകരമായി ബാധിക്കുമെന്നും അവർ പറഞ്ഞു വെക്കുന്നു. ക്ഷേത്രത്തിലെ കാന്തികമണ്ഡലത്തിനകത്തേക്ക് കടന്നാൽ, ഗുരുത്വാകർഷണം മൂലം താഴേക്ക് പോകേണ്ട ആർത്തവരക്തം, ഗുരുത്വാകർഷണവിരുദ്ധമായ കാന്തിക പ്രവർത്തനം മൂലം നേരെ തിരിച്ചുപോകുമെന്ന് ഡോക്ടർ പറയുന്നു.

ശബരിമലയിലെ അയ്യപ്പന്റെ ഭാവം തത്വമസിയിലേക്കുള്ള ഒരു ഭാവമാണെന്നും മറ്റും പറഞ്ഞ് യോഗയും പുരാണവുമെല്ലാം കലക്കി ശാസ്ത്രത്തിന്റെ മേമ്പൊടിയിട്ടു കൊണ്ടുള്ള ഡോക്ടറുടെ വിശദീകരണം കേട്ട് സോഷ്യൽ മീഡിയയിലെ ശാസ്ത്രധാരണയുള്ളവർ പോലും അമ്പരന്നിരിക്കുകയാണ്.

“ഈ ഡോക്ടർ ശബരിമലയിലെ സ്ത്രീ അയിത്തത്തിന് ശാസ്ത്രീയ വിശദീകരണം നൽകി എന്ന് കരുതുന്നവർക്കു വേണ്ടി രണ്ട് മിനിറ്റ് മൗനം. ഈ ഡോക്ടറിൽ നിന്നും ചികിത്സ എടുത്തവർക്ക് 10 മിനിറ്റ് മൗനം” എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ വിമർശകരുടെ കമന്റ്. വീഡിയോ കാണാം. ഡോക്ടറുടെ ശാസ്ത്രവാചോടോപത്തിന് മറ്റൊരു ഡോക്ടർ (ബോബോറ്റോ തിമോത്തി) നൽകിയ മറുപടിയും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍