UPDATES

ട്രെന്‍ഡിങ്ങ്

ഷാനിമോൾ ഒസ്മാനിലെ ‘ഒസ്മാനിയ’ സർവ്വകലാശാല; രാജ്യസഭയിലേക്ക് വായനയും വിവേകവുമുള്ള കോൺഗ്രസ്സുകാരി പോകട്ടെയെന്ന് ശാരദക്കുട്ടി

ഷാനിമോളുടെ വായിക്കാനും അറിയാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ശാരദക്കുട്ടി

ഷാനിമോൾ ഒസ്മാനു തന്നെ കോൺഗ്രസ്സ് രാജ്യസഭാ സീറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരിലൊരാളാണ് താനെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷാനിമോൾ തന്റെ അഭിപ്രായം പങ്കുവെച്ചത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഷാനിമോൾ ഒസ്മാൻ വായനയ്ക്ക് നേരം കണ്ടെത്തുന്നുണ്ടെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി,

സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ ഷാനിമോളുടെ വായിക്കാനും അറിയാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ശാരദക്കുട്ടി പറഞ്ഞു. ചാനൽ ചർച്ചകളിൽ വിവേകത്തോടെയേ വാ തുറക്കൂ എന്നത് ഷാനിയിൽ കാണാവുന്ന മറ്റൊരു മികവാണ്. ഷാനിമോൾ ഇങ്ങനെ പുറത്തുമാറി നിൽക്കേണ്ട സ്ത്രീയല്ലെന്നും കോൺഗ്രസ്സുകാർ രാജ്യസഭാ സീറ്റ് കൊടുത്തില്ലെങ്കിലും അവർക്കു വേണ്ടി സംസാരിക്കാമെന്നും ശാരദക്കുട്ടി പറഞ്ഞു.

അതെസമയം രാജ്യസഭാ സീറ്റ് വീണ്ടും പിജെ കുര്യന് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്സിൽ യുവനേതാക്കൾ കലാപം തുടരുകയാണ്. വി.ടി. ബൽറാം, ഷാഫി പറമ്പിൽ, അനിൽ അക്കര, റോജി എം. ജോൺ, ഹൈബി ഈഡൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ എതിർപ്പ് അറിയിച്ചു കഴിഞ്ഞു.

യാത്ര ചെയ്യാൻ പോലും ആരോഗ്യമില്ലാത്ത യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെ മാറ്റാത്തതിനെതിരെയും യുവ നേതാക്കൾ രംഗത്തുണ്ട്. എന്നാൽ മാറില്ലെന്ന നിലപാടിലാണ് തങ്കച്ചൻ.

അതെസമയം, കുര്യനെതിരെ പറ‍ഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹത്തെ സംരക്ഷിച്ചു നിറുത്തുന്ന എകെ ആന്റണിക്കെതിരെ വേണം പറയാനെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ പറഞ്ഞു. കോൺഗ്രസ്സിനെ വൃദ്ധസദനമായി മാറ്റരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ഇത്രയധികം സംഭാവനകൾ നൽകിയ പിജെ കുര്യനെ ഇനി മറ്റൊരു സ്ഥാനം കൂടി നൽകി ബുദ്ധിമുട്ടിക്കരുതെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഷാനിമോൾ ഒസ്മാൻ താൻ പഠിച്ച ഒസ്മാനിയ സർവ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേർത്തിരിക്കുന്നത്. ജാതിപ്പേരോ ഭർത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് ആദ്യം വളരെ കൗതുകകരമായാണ് തോന്നിയത്. പിന്നീട് പല ഘട്ടങ്ങളിൽ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകൾ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിലും സാഹിത്യ സാംസ്കാരിക വിഷയങ്ങൾ സംസാരിക്കുവാൻ ഷാനി കാണിക്കുന്ന താത്പര്യമാണ് എന്നെ ഇവരിലേക്ക് അടുപ്പിച്ചത്. ഇവർ പല പതിവ് കോൺഗ്രസ് രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തയാണ്. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിയിൽ കാണാനാകുന്ന മറ്റൊരു മികവ്. കോൺഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോൾ ഒസ്മാന് തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോൺഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോൾക്കു ലഭിച്ചാൽ അത് കോൺഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും.കോൺഗ്രസുകാർ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോൾക്കു വേണ്ടി സംസാരിക്കാം. അവർ ഇങ്ങനെ പുറംപുറം നിൽക്കേണ്ട സ്ത്രീയല്ല

വിമർശനങ്ങൾക്ക് മറുപടിയായി ശാരദക്കുട്ടി പോസ്റ്റ് ചെയ്ത കുറിപ്പ്

ഷാനിമോൾ കോൺഗ്രസുകാരിയാണ്. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിന് ആ പാർട്ടിയെ നയിക്കുന്ന ഇന്നത്തെ പല നേതാക്കളെക്കാളും ഷാനിമോൾ യോഗ്യയാണ്. അതു സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവർ അവരുടെ അയോഗ്യത എന്താണെന്നു പറയുന്നതിനു പകരം ഉ അല്ല ഒ എന്നൊക്കെ പറഞ്ഞിട്ടൊരു കാര്യവുമില്ല. കുറെയധികം വർഷമായി ആ കസേരയിലിരിക്കുന്ന പി ജെ കുര്യന്റെ യോഗ്യതകൾ എന്തൊക്കെ എന്ന് സമൂഹത്തെ ഒന്നു പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ നന്നായിരുന്നു. ഉസ്മാൻ ഭർത്താവായാലും ഒസ്മാൻ സർവ്വകലാശാല ആയാലും ഷാനിമോൾ വ്യക്തിത്വമുള്ള ഒരു കോൺഗ്രസുകാരിയാണ്. ചർച്ച ആ വഴിക്കാണ് നീങ്ങേണ്ടതും. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ഒരു നല്ല കോൺഗ്രസുകാരിക്കു കൊടുക്കണമെന്നേ ഞാൻ ആവശ്യപ്പെടുന്നുള്ളു. കോൺഗ്രസിന്റെ വർത്തമാനകാലരാഷട്രീയത്തിൽ ആണുങ്ങൾ ഒരു പെണ്ണിന് ഉന്നതമായ ഒരു സീറ്റു കൊടുക്കുകയെന്നത് അത്ര എളുപ്പമല്ല. ചെറിയ കാര്യമല്ല. അതു കൊണ്ടു തന്നെ പാർട്ടിയും നയവും എന്തു തന്നെ ആയാലും മികച്ച ഒരു സ്ത്രീ അവിടെ എത്തുക എന്നതിൽ മറ്റൊരു രാഷ്ട്രീയമുണ്ട്.അതു കാണാതെ പോകരുത്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍