UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കേരളത്തിൽ സിസേറിയനിലൂടെ ജനിച്ച ആദ്യത്തെ കുട്ടി ശവരിമുത്തു അന്തരിച്ചു

മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പുറത്തെത്തിയത് ചാപിള്ളകളായിരുന്നു. ഇക്കാരണത്താൽ മേരിക്കും ഭർത്താവ് മിഖായേലിനും ഏറെ ആശങ്കകളുണ്ടായിരുന്നു.

1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് എം ശവരിമുത്തു പിറന്നത്. കുണ്ടമൺകടവ് തെക്കേമൂലത്തോർപ്പ് വീട്ടിൽ മേരിയുടെ നിറവയറാണ് കേരളത്തിലെ ആദ്യത്തെ സിസേറിയനു വിധേയമായത്. ചരിത്രം സൃഷ്ടിച്ച ഈ ശസ്ത്രക്രിയ നടത്തിയത് ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കി എത്തിയ ഒറു വനിതാ ഡോക്ടറായിരുന്നു. പേര്,
മേരി പുന്നൻ ലൂക്കോസ്.

മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പുറത്തെത്തിയത് ചാപിള്ളകളായിരുന്നു. ഇക്കാരണത്താൽ മേരിക്കും ഭർത്താവ് മിഖായേലിനും ഏറെ ആശങ്കകളുണ്ടായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ ഒന്നുകിൽ കുഞ്ഞ്, അല്ലെങ്കിൽ തള്ള, രണ്ടിലൊരാൾ മരിക്കുമെന്ന് ‍ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് മേരി പുന്നൻ ലൂക്കോസിന്റെ ഇടപെടലുണ്ടായത്.

അമ്മയ്ക്കും കുഞ്ഞിനും കേടില്ലാതെ വയർ കീറിയെടുക്കാന്‍ സംവിധാനമുണ്ടെന്ന് മേരി പുന്നൻ ലൂക്കോസ് മേരിയുടെ ഭർത്താവിനെ അറിയിച്ചു. ശസ്ത്രക്രിയയിൽ പരിശീലനം ലഭിച്ച മേരി ലൂക്കോസ് പുന്നന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് മിഖായേൽ സമ്മതപത്രത്തിൽ ഒപ്പിട്ടു.

ശസ്ത്രക്രിയ വിജയകരമായി. ശവരിമുത്തു നാട്ടിൽ താരമായി വളർന്നു. അത്ഭുതശിശുവെന്നായിരുന്നു വിശേഷണം. മൂന്നുവർഷത്തിനു ശേഷം ഒരനുജൻ കൂടി ശവരിമുത്തുവിനുണ്ടായി. അതും സിസേറിയൻ.

ദീർഘനാൾ പട്ടാളത്തിലായിരുന്നു ശവരിമുത്തു. പിന്നീട് ഗവ. പ്രസ്സിൽ ജീവനക്കാരനായി വിരമിച്ചു. ഭാര്യ: കെ.റോസമ്മ, മക്കൾ: എസ് അലക്സാണ്ടർ, എസ്.ലീല, എസ്.ഫിലോമിന.

ആരാണ് മേരി പുന്നൻ ലൂക്കോസ്?

വൈദ്യബിരുദം നേടിയ ആദ്യത്തെ കേരളീയ വനിതയാണ് മേരി പുന്നൻ ലൂക്കോസ്. മഹാരാജാസ് കോളജിലെ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ആദ്യത്തെ വനിതാ വിദ്യാർത്ഥിയും ഇവരാണ്. തിരുവിതാംകൂറിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനു പോയ ആദ്യത്തെ വനിതയും ഇവർ തന്നെ. ഇന്ത്യയിലെ തന്നെ തന്നെ ആദ്യത്തെ വനിതാ സർജൻസ് ജനറൽ എന്ന നിലയിലും ഇവർ പ്രശസ്തയാണ്.

വൈദ്യരംഗത്തു മാത്രമല്ല മേരി പുന്നൻ ലൂക്കോസിന്റെ സംഭാവനകൾ‌. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ നിയമസഭാംഗവും മേരി പുന്നൻ ലൂക്കോസാണ്!

പാശ്ചാത്യ വൈദ്യബിരുദം ലഭിച്ച ആദ്യത്തെ മലയാളിയായിരുന്ന ഡോ. ടിഇ പുന്നന്റെ മകളായാണ് മേരിയുടെ ജനനം. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിലും മദ്രാസ് സർവ്വകലാശാലയിലും ലണ്ടനിലും ഡിബ്ലിനിലും പഠനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള പുന്നൻ ലൂക്കോസ് റോഡ് ഇവരുടെ പേരിലുള്ളതാണ്.

നഴ്സിങ് മേഖലയിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ അന്നത്തെക്കാലത്തു തന്നെ ശക്തമായ നിലപാടെടുക്കുകയുണ്ടായി മേരി പുന്നൻ. അവിവാഹിതകൾക്കു മാത്രമേ നഴ്സായി ജോലി നൽകാവൂ എന്ന ചട്ടം കൊണ്ടുവന്നത് അന്ന് വലിയ ഒച്ചപ്പാടിനിടയാക്കി. കുടുംബത്തിന്റെ ഉത്തരവാദിത്തമുള്ള സ്ത്രീകൾക്ക് നഴ്സിങ് ജോലി ശരിയായി ചെയ്യാനാകില്ല എന്നായിരുന്നു മേരി പുന്നന്റെ നിലപാട്. അക്കാലത്തെ കുടുംബവ്യവസ്ഥ ഇന്നത്തെക്കാൾ സ്ത്രീവിരുദ്ധമായിരുന്നു എന്നതു കൂടി ഓർക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍