UPDATES

സോഷ്യൽ വയർ

അഭിനന്ദന്‍ തമിഴ്നാട്ടുകാരനാണെന്നതിൽ അഭിമാനിക്കാമെന്ന് മോദി; അദ്ദേഹം ഇന്ത്യാക്കാരനാണെന്ന് സോഷ്യൽ മീഡിയ

നരേന്ദ്രമോദി തന്റെ വിഭാഗീയ രാഷ്ട്രീയം തമിഴ്നാട്ടിലും പോയി കളിക്കുകയാണെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടുകാരെ ഒന്ന് പൊക്കിയടിക്കാൻ ശ്രമിച്ചതാണ്. എന്നാൽ അത് തിരിച്ചടിച്ചു. വിങ് കമാൻഡർ തമിഴ്നാട്ടുകാരനാണെന്നതിൽ എല്ലാ തമിഴന്മാർക്കും അഭിമാനിക്കാം എന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇത് ദേശീയ മാധ്യമങ്ങളെല്ലാം വാർത്തയാക്കി. ഈ വാർത്തകൾക്ക് കമന്റുകളായും പുറത്ത് അഭിപ്രായങ്ങളായും മോദിയുടെ ‘തമിഴ്നാട്ടുകാരൻ’ പ്രസ്താവന വിവാദമായി സോഷ്യൽ മീഡിയയിൽ.

വോട്ട് കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയരുതെന്നും എല്ലായിടത്തും പോയി അവിഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നുമെല്ലാം കമന്റുകളെത്തി. വിങ് കമാൻ‍ഡർ അഭിനന്ദനെ തമിഴ്നാട്ടുകാരൻ എന്നു മാത്രം ചുരുക്കി വിശേഷിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്ന് കമന്റുകള്‍ വന്നു. അദ്ദേഹം ഇന്ത്യാക്കാരനാണ്, പ്രധാനമന്ത്രിയെപ്പോലെ പെരുമാറൂ എന്നും ചിലർ കമന്റിട്ടു.

ഈ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തു വിട്ടുകൊണ്ടിരുന്നു. ഇതില്‍ ഒരു ട്വീറ്റ് അഭിനന്ദിന്റെ തമിഴ് സ്വത്വത്തെ പരാമർശിക്കുന്നതായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തമിഴ്നാട്ടുകാരിയാണെന്നതിൽ താൻ അഭിമാനിക്കുന്നതായും വിങ് കമാൻഡർ അഭിനന്ദനും തമിഴ്നാട്ടുകാരനാണെന്നത് ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണെന്നും പരാമർശമുണ്ടായി. ഇതിനു താഴെ തമിഴ്നാട്ടുകാർ അടക്കമുള്ളവരുടെ പൊങ്കാലയുണ്ടായി.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾ തമിഴ്നാട്ടുകാരനല്ലെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നായിരുന്നു ഇതിൽ ഒരാളുടെ കമന്റ്.

നരേന്ദ്രമോദി തന്റെ വിഭാഗീയ രാഷ്ട്രീയം തമിഴ്നാട്ടിലും പോയി കളിക്കുകയാണെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽ ഇത്തവണ എഐഎഡിഎംകെയുമായി ചേർന്ന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍