UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’ -ശ്രീചിത്രന് ഭീഷണി സന്ദേശം

“മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.”

എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ ശ്രീചിത്രന് ഭീഷണിസന്ദേശം. ഒരു ഇന്റർനെറ്റ് കോൾ വഴിയാണ് ‘അടുത്തത് നീയാണ്’ എന്ന് താക്കീത് നൽകുന്ന ഭീഷണിയെത്തിയതെന്ന് ശ്രീചിത്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സജീവമായി ഏർപ്പെട്ടുവരികയാണ് ശ്രീചിത്രൻ. ഇതിന്റെ ഭാഗമായി നിരവധി വേദികളിൽ പ്രസംഗിക്കുകയും വിവിധയിടങ്ങളിൽ ലേഖനങ്ങളെഴുതുകയും ചെയ്തിരുന്നു. എഴുത്തുകാരനായ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിൽ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ശ്രീചിത്രന് ഭീഷണിസന്ദേശമെത്തുന്നത്.

പൻസാരെയെയും ധാബോൽക്കറെയും ഗൗരി ലങ്കേഷിനെയും പിന്നിട്ട് ഭീഷണികൾ നമുക്കു മുന്നിലും എത്തിയിരിക്കുന്നുവെന്ന് ശ്രീചിത്രൻ പ്രതികരിച്ചു. ‘നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.’ -ശ്രീചിത്രൻ വ്യക്തമാക്കി.

ശ്രീചിത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ഇൻറർനെറ്റ് കോൾ വന്നിരുന്നു. ” സൂക്ഷിച്ചോ, അടുത്തത് നീയാണ് ” എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോൺ വെച്ചു. ഒരു പരിപാടിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിയപ്പോഴാണ് സുനിൽ പി ഇളയിടത്തിന്റെ ഡിപ്പാർട്ട്മെന്റ് കാബിനിൽ ഭീഷണികൾ എഴുതി വെച്ച കാര്യം അറിയുന്നത്.

ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പൻസാരെയും ധാബോൽക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.

നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.

തൽക്കാലം ഇത്രമാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍