UPDATES

വിദേശം

സിരിസേന ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു; ജനുവരി 5ന് തെരഞ്ഞെടുപ്പെന്ന് പ്രഖ്യാപനം

കഴിഞ്ഞ രണ്ടാഴ്ചയോളമായി ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്.

സിരിസേന ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കി. വെള്ളിയാഴ്ച അർധരാത്രി മുതലാണ് ഈ ഉത്തരവ് നിലവിൽ വന്നത്. ജനുവരി 5ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും സിരിസേന ഒപ്പിട്ട ഔദ്യോഗിക വിജ്ഞാപനം പറയുന്നു. സർക്കാരിന് രണ്ടു വർഷത്തെ കൂടി കാലാവധി നിലനിൽക്കെയാണ് ഈ പിരിച്ചുവിടൽ.

ജനുവരി പതിനേഴിന് പുതിയ ശ്രീലങ്കയിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന് സിരിസേന പറഞ്ഞു. സിരിസേനയുടെ സഹായത്തോടെ സർക്കാരിനെ പുറത്തിറക്കി അധികാരത്തിലേറാൻ ശ്രമിച്ച മഹീന്ദ രാജപക്സെയ്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. രാജപക്സയ്ക്ക് പിന്തുണ നൽകാൻ വേണ്ടത്ര അംഗബലം ഉറപ്പിക്കാനായില്ലെന്ന് സിരിസേനയുടെ പാർട്ടി വ്യക്തമാക്കിയതിനു പിന്നാലെയാണ് പാർലമെന്റ് പിരിച്ചുവിടുന്ന വിജ്ഞാപനത്തിൽ സിരിസേന ഒപ്പു വെച്ചത്. ‌‌

കഴിഞ്ഞ രണ്ടാഴ്ചയോളമായി ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. തന്റെ പാർട്ടിയുടെ കൂടി പിന്തുണയോടെ അധികാരത്തിലിരുന്ന റനിൽ വിക്രമസിംഗെയെ പ്രസിഡണ്ട് സിരിസേന നീക്കം ചെയ്യുകയായിരുന്നു. ഭരണഘടന പ്രകാരം ഇങ്ങനെ ചെയ്യാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നിരിക്കെയായിരുന്നു സിരിസേനയുടെ നീക്കം.

രാജപക്സെക്ക് സഭയിൽ വിശ്വാസം നേടാൻ കഴിയുമെന്ന ധാരണയിലായിരുന്നു സിരിസേനയുടെ നീക്കങ്ങളെല്ലാം. എന്നാൽ ഇത് സാധിക്കില്ലെന്നും ഭൂരിപക്ഷത്തിന് എട്ട് അംഗങ്ങളുടെ കുറവുണ്ടെന്നും സിരിസേനയുടെ പാർട്ടി അറിയിച്ചതോടെ അടുത്ത നീക്കത്തിന് പ്രസിഡണ്ട് തയ്യാറാവുകയായിരുന്നു. റനിൽ വിക്രമസിംഗെയുടെ പാർട്ടി അടക്കമുള്ളവയിൽ നിന്നുള്ള അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നാണ് അറിയുന്നത്.

അതെസമയം പാർലമെന്റിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമായാണെന്ന് അധികാരത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ട റനിൽ വിക്രമസിംഗെയുടെ പാർട്ടി ചൂണ്ടിക്കാട്ടുന്നു. അന്തർദ്ദേശീയമായ സമ്മർദ്ദങ്ങൾ സിരിസേനയ്ക്കു മുകളിലുണ്ടെങ്കിലും അദ്ദേഹം അതിനെയെല്ലാം അവഗണിച്ച് തീരുമാനങ്ങളെടുത്ത് നീങ്ങുകയാണ്. ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള സമ്മർദ്ദങ്ങൾക്ക് സിരിസേന വഴിപ്പെടുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍