UPDATES

ഇന്ത്യ

സംസ്ഥാനം ഭൂമി കൊള്ളയടിക്കുന്നു; ഭീകരരെപ്പോലെ കാണുന്നു; പട്ടാളത്തെ വിട്ട് കൊല്ലണമെന്ന് മോദിയോട് ഗുജറാത്തിലെ കർഷകർ

സ്ഥലത്ത് ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തോളമായി ഇത് തുടരുന്നു. സംഘം ചേരാനോ സമരം ചെയ്യാനോ അനുവാദമില്ല. തങ്ങളെ ഭീകരവാദികളെപ്പോലെയാണ് സർക്കാർ കാണുന്നത്.

തങ്ങളുടെ ഭുമി സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്നും ജീവിതം വഴിമുട്ടിയതിനാൽ മരിക്കാൻ അനുവദിക്കണമെന്നുമെന്നും ആവശ്യപ്പെട്ട് ഗുജറാത്തിലെ കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തയച്ചു.

ഒരു വൈദ്യുതി പ്ലാന്റിനു വേണ്ടിയാണ് കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ ഭൂമി തട്ടിയെടുത്തത്. 12 ഗ്രാമങ്ങളിലായി 5259 പേരുടെ ജീവിതമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കാർഷികവൃത്തി മാത്രമറിയാവുന്ന ഗ്രാമവാസികളാണ് മോദിക്ക് കത്തയച്ച് ദയാവധത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്ത് പവർ കോർപ്പറേഷനു വേണ്ടിയാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നതെന്ന് കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഗുജറാത്ത് ഖേദുത്ത് സമാജിലെ അംഗവും കര്‍ഷകനുമായ നരേന്ദ്രസിൻഹ് ഗോഹിൽ പറയുന്നു.

വൻ പൊലീസ് സന്നാഹമെത്തി ബലം പ്രയോഗിച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കൽ തികച്ചും നിയമവിരുദ്ധമായ രീതിയിലാണ് നടപ്പാക്കിയതെന്നും കർഷകർ ആരോപിക്കുന്നു. 2013ലെ ഏറ്റെടുക്കൽ നിയമം പച്ചയായി ലംഘിക്കപ്പെട്ടു; സര്‍ക്കാരിന്റെ കാർമികത്വത്തിൽ.

ഇതിനെതിരെ സമാധാനപരമായി സമരം ചെയ്ത കർഷകർക്കു നേരെ പൊലീസ് ടിയർ ഗാസ് പ്രയോഗിച്ചു, സർക്കാർ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ജീവിക്കാനുള്ള എല്ലാ വഴിയും മുട്ടിയെന്നും കർഷകർ കത്തിൽ വിവരിച്ചു.

സ്ഥലത്ത് ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തോളമായി ഇത് തുടരുന്നു. സംഘം ചേരാനോ സമരം ചെയ്യാനോ അനുവാദമില്ല. തങ്ങളെ ഭീകരവാദികളെപ്പോലെയാണ് സർക്കാർ കാണുന്നത്. പട്ടാളെത്തെ വിട്ട് തങ്ങളെ കൊല്ലുകയാണ് നരേന്ദ്രമോദി ചെയ്യേണ്ടതെന്നും കത്തിൽ പറയുന്നു.

ഗുജറാത്തിലെ ഭൂമിയേറ്റെടുക്കൽ നിരവധി തവണ വിവാദങ്ങളുണ്ടാക്കിയിരുന്നു. മോദിയുടെ പ്രതാപകാലത്ത് ഇത്തരം വാർത്തകൾ പലതും പുറത്തു വന്നിരുന്നില്ല. സംസ്ഥാനത്തിനകത്തു പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങളുണ്ടായി. ടാറ്റ നാനോ ഫാക്ടറി സ്ഥാപിക്കാൻ പശ്ചിമബംഗാളിലെ സിംഗൂരിൽ കർഷകസമരം മൂലം സ്ഥലമേറ്റെടുക്കൽ മുടങ്ങിയപ്പോൾ രത്തൻ ടാറ്റ ഗുജറാത്തിലേക്കാണ് നീങ്ങിയത്. ഗുജറാത്തിലെ സനന്ദിൽ കർഷകരിൽ നിന്ന് സ്ഥലമേറ്റെടുത്ത് വളരെ എളുപ്പത്തിൽ ടാറ്റയ്ക്ക് ഫാക്ടറി സ്ഥാപിക്കാനായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍