ഗുണ്ടകൾ ബസ്സിലേക്ക് ഇരച്ചുകയറുകയും ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കല്ലട ട്രാവൽസിന്റെ ബസ്സിൽ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാർക്ക് ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമർദ്ദനമേറ്റതായി സോഷ്യൽ മീഡിയ. യാത്രാമധ്യേ ബസ്സ് വഴിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമർദ്ദനത്തിനിരയാക്കിയത്. ബസ്സ് വഴിയരികിൽ രാത്രിയിൽ ദീർഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നൽകാൻ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കൾ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി.
കല്ലട ബസ് സർവീസിന്റെ സ്റ്റാഫിനോട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരില് നിന്നും ശരിയായ മറുപടി ലഭിച്ചില്ലെന്ന് ബസ്സിലെ യാത്രക്കാരിലൊരാളായ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ഗുണ്ടകളുടെ ആക്രമണത്തിൽ പരിഭ്രാന്തിയിലായ ഇദ്ദേഹം ബസ്സിലിരുന്ന് തന്നെ എഴുതിയ കുറിപ്പിൽ പറയുന്നതു പ്രകാരം ഹരിപ്പാട് വെച്ചാണ് ബസ്സ് തകരാറിലായത്. എന്നാൽ ബസ്സ് തകരാറിലായെന്ന കാര്യം യാത്രക്കാരോട് പറയാൻ ജീവനക്കാർ തയ്യാറായില്ല. പകരം, കാരണമന്വേഷിച്ചവരോട് തട്ടിക്കയറുകയാണുണ്ടായത്.
ഇതിനിടെ പൊലീസ് എത്തുകയും 30 മിനിറ്റോളം സ്ഥലത്ത് നിൽക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. മറ്റൊരു സൗകര്യം ഉണ്ടാക്കിക്കൊടുക്കാത്തതിൽ പൊലീസ് ജീവനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. ഇവർ പിന്നീട് സ്ഥലംവിട്ടു.
ഇതിനുശേഷം 3 മണിക്കൂർ കഴിഞ്ഞപ്പോഴാണ് കല്ലടയുടെ മറ്റൊരു ബസ്സ് സ്ഥലത്തെത്തി യാത്രക്കാരെ അതിലേക്ക് മാറ്റി യാത്ര തുടർന്നത്. കുറെനേരം കഴിഞ്ഞപ്പോൾ അഞ്ച് പേരോളമടങ്ങുന്ന ഗുണ്ടകൾ ബസ്സിലേക്ക് ഇരച്ചുകയറുകയും ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ രണ്ട് യുവാക്കളെ ഇവർ വാഹനത്തിനു പുറത്തേക്ക് തള്ളിയിട്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പുറത്തേക്ക് തള്ളിയിട്ടതിനു ശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താൻ കണ്ടെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് മണിക്കൂറുകളായെങ്കിലും ഇതുവരെ പ്രശ്നത്തിൽ അധികൃതരുടെ ഇടപെടലുണ്ടായിട്ടില്ല. സമാനമായ സംഭവങ്ങൾ നേരത്തെയും കല്ലട ബസ്സുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച സംഭവം ഏറെ വിവാദമായിരുന്നു. യാത്രക്കാരനാണ് പിന്നീട് ബസ്സിന്റെ നിയന്ത്രണമേറ്റെടുത്തത്.