UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികളെന്ന് തന്ത്രിസമാജം; അങ്കമാലിയിൽ എല്ലാ ജാതിക്കാരുടെയും ആചാര്യസദസ്സ് വിളിക്കുന്നു

ആചാരങ്ങളോടും ഭക്തരോടുമുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേതെന്നും തന്ത്രിമാർ പറഞ്ഞു

ശബരിമലയുടെ ഉടമകളാണ് തന്ത്രിമാരെന്ന ധാരണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിന്നാലെ ആചാര്യസദസ്സ് വിളിക്കാൻ തന്ത്രിമാർ. ആചാര്യസദസ്സ് ചേരാൻ കേരള തന്ത്രിസമാജം പദ്ധതിയിട്ടിട്ടുണ്ട്. വിമോചനസമരകാലത്ത് ഏറെ നിർണായകമായ കേന്ദ്രങ്ങളിലൊന്നായിരുന്ന അങ്കമാലിയിലാണ് ആചാര്യസദസ്സ് ചേരുക.

വിവിധ ജാതികളിലെ തന്ത്രിമാരെ പങ്കെടുപ്പിച്ചാണ് ഈ സദസ്സ് സംഘടിപ്പിക്കുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികളാണെന്ന് തന്ത്രിസമാജം പ്രസിഡണ്ട് വേഴാപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടും ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടും പറഞ്ഞു, ആചാരവിഷയങ്ങളിൽ പൂർണാധികാരം തന്ത്രിമാർക്കാണെന്നും സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യം.

നിലവിലുള്ള ക്ഷേത്രാചാരത്തിന് ഭംഗം വന്നാൽ പരിഹാരക്രിയ ചെയ്ത് ക്ഷേത്രശുദ്ധി വരുന്നതു വരെ അടച്ചിടുക എന്നതാണ് രീതി. അങ്ങനെ ക്ഷേത്രം അടച്ചിട്ടാൽ താക്കോൽ ഊരാഴ്മക്കാരെ ഏൽപ്പിക്കുകയാണ് വഴക്കം. ഇതിന് മറ്റൊരു നടപടിക്രമം സുപ്രീംകോടതി പോലും പറഞ്ഞിട്ടില്ല.

ഈ ആചാരങ്ങളലൊന്നും ഏകപക്ഷീയമായ മാറ്റം വരുത്താൻ തന്ത്രിമാർക്കും അവകാശമില്ല എന്നിരിക്കെയാണ് മുഖ്യമന്ത്രി മാറ്റം നിർദ്ദേശിക്കുന്നത്. ഇത് ഏകകപക്ഷീയമായ നീക്കമാണ്. ആചാരങ്ങളോടും ഭക്തരോടുമുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേതെന്നും തന്ത്രിമാർ പറഞ്ഞു.

ശബരിമല തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലത്തിന് മുഖ്യമന്ത്രി വശംവദനാകുകയാണെന്നും തന്ത്രിസമാജം ആരോപിച്ചു.

യോഗത്തിൽ പുലിയന്നൂർ ശശി, ചേന്നാസ് വിഷ്ണു, പാമ്പുമേക്കാട് ജാതവേദൻ, പുലിയന്നൂർ മുരളീനാരായണൻ, സൂര്യകാലടി സൂര്യൻ പരമേശ്വരൻ, പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട്, അക്കീരമൺ കാളിദാസ, ചേന്നാസ് നാരായണൻ, പുലിയന്നൂർ ശങ്കരനാരായണൻ, വേഴാപ്പറമ്പ് ചിത്രഭാനു തുടങ്ങിയ നമ്പൂതിരിപ്പാടന്മാരും ഭട്ടതിരിപ്പാടന്മാരും പ്രസംഗിച്ചു. അതെസമയം എല്ലാ ജാതികളിലും പെട്ട തന്ത്രിമാർ ആചാര്യസംഗമത്തിൽ പങ്കെടുക്കുമെന്ന് തന്ത്രിസമാജം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍