UPDATES

സിനിമാ വാര്‍ത്തകള്‍

“എന്റെ ജീവിതത്തെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത്” -ടെസ്സ് ജോസഫ്

മുകേഷിനെതിരെ ആരോപണമുയർന്നതിനു പിന്നാലെ കൊല്ലത്ത് വൻ പ്രതിഷേധമുയർന്നിരുന്നു.

MeToo പ്രചാരണത്തിലൂടെ നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ് കൂടുതൽ പ്രതികരണവുമായി രംഗത്ത്. തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ അവര്‍ വിമർശിച്ചു.

കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന വെളിപ്പെടുത്തലാണ് ടെസ്സ് നടത്തിയത്. ചെന്നൈ ലെമെറിഡിയൻ ഹോട്ടലിലായിരുന്നു ഇരുവരുടെയും താമസം. താൻ താമസിക്കുന്ന മുറി മുകേഷ് താമസിക്കുന്ന മുറിയുടെ അടുത്തേക്ക് മാറ്റിച്ചെന്നും ഇതിനായി ഹോട്ടലധികൃതർ ഒത്താശ ചെയ്തെന്നും ടെസ്സ് ആരോപണമുന്നയിച്ചു.

ടെസ്സിന്റെ വാക്കുകൾ

“ഞാൻ പങ്കുവെച്ച കഥ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതായി കാണുന്നു. ഇതെന്റെ ജീവിതമാണ്, നിങ്ങളുടെ രാഷ്ട്രീയമല്ല. മുകേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നവർ ചെയ്യുന്നത് തെറ്റായ കാര്യമാണ്. എന്റെ ജീവിതത്തെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി പാർട്ടികൾ ഉപയോഗിക്കരുത്.

സ്ത്രീകൾക്കെതിരായ ഒരു വ്യവസ്ഥയെ ശരിപ്പെടുത്തുക എന്നതു മാത്രം ഉദ്ദേശിച്ചാണ് ഞാൻ എന്റെ കഥ പങ്കുവെച്ചത്. ലൈംഗിക ആക്രമണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് സിനിമാവ്യവസായത്തിൽ ഒരു ബോധതലം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. മാറ്റങ്ങളുണ്ടാകണം. തൊഴിൽ ചെയ്യാൻ സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കപ്പെടണം. ഇതിന് പിന്തുണ ആവശ്യമാണ്.”

മുകേഷിനെതിരെ ആരോപണമുയർന്നതിനു പിന്നാലെ കൊല്ലത്ത് വൻ പ്രതിഷേധമുയർന്നിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മുകേഷിന്റെ കേലം കത്തിക്കലും ഉണ്ടായി. മഹിളാ മോർച്ചയുടെ പ്രതിഷേധവും ഉണ്ടായിരുന്നു.

നിരവധി പ്രമുഖരാണ് മീടൂ പ്രചാരണത്തിലെ വെളിപ്പെടുത്തലുകളിൽ കുടുങ്ങിയിട്ടുള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെയും നിരവധി സ്ത്രീകൾ ലൈംഗികാക്രമണ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്രം നിശ്ശബ്ദത തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍