UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരിയിൽ മനിതി അംഗത്തിന്റെ വീട് ആർഎസ്എസ്സുകാർ തകർത്തെന്ന് ആരോപണം

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതിന്റെ പേരിൽ ‘മനിതി’യുടെ വോളണ്ടിയർ ഗ്രൂപ്പ് അംഗത്തിന്റെ വീട് ആർഎസ്എസ് പ്രവർത്തകർ അടിച്ചു തകർത്തതായി പരാതി. തലശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ രാമദാസ് കതിരൂരിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

ഇന്നു രാവിലെ ആക്രമണമുണ്ടായ സമയത്ത് രാമദാസിന്റെ ഭാര്യ സുനിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളെ കണ്ടു ഭയന്ന അവർ മുറിക്കുള്ളിൽ കയറി വാതിലടച്ചാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു. ശബരിമല യുവതീപ്രവേശനത്തെ തുടക്കം മുതലേ അനുകൂലിച്ചിരുന്ന തന്റെ നേരെ ഇപ്പോൾ ഒരാക്രമണമുണ്ടാവാൻ കാരണമായി രാമദാസ് ചൂണ്ടിക്കാണിക്കുന്നത് ‘മനിതി’യുമായുള്ള ബന്ധമാണ്. ‘മനിതിക്കൊപ്പം മലയിലേക്ക് ‘എന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിനു ശേഷമുണ്ടായ ആക്രമണം അതു തന്നെയാണ് വ്യക്തമാക്കുന്നതെന്ന് രാമദാസ് പറയുന്നു.

പുന്നോൽ റെയിൽവേ ഗേറ്റിനടുത്തുള്ള വീട്ടിലേക്ക് രാവിലെ 10.30ഓടെയാണ് ഏഴ് പേരടങ്ങുന്ന അക്രമിസംഘം എത്തിയത്. അക്രമികൾ വീടിന്റെ ജനൽ ഗ്ലാസ്സുകൾ അടിച്ചു പൊട്ടിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടു സാധനങ്ങളും തകർക്കുകയും ചെയ്തു. താൻ തിരുവനന്തപുരത്തു പോയ സമയം നോക്കി നടത്തിയ ആസൂത്രിത ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് രാമദാസ് ആരോപിക്കുന്നത്. വീടിരിക്കുന്ന പ്രദേശം ആർഎസ്എസ് ശക്തി കേന്ദ്രമാണെന്നും അവരറിയാതെ പുറത്തുനിന്ന് ഒരു സംഘം വന്ന് ഈ തരത്തിലുള്ള അക്രമം കാണിക്കില്ലെന്നും രാംദാസ് തറപ്പിച്ചു പറയുന്നു. ആക്രമണത്തിനുപയോഗിച്ച ചില ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍