UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുൽ ഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; കെപിസിസിയുടെ നിലപാടിനൊപ്പമാണ് ദേശീയ അധ്യക്ഷൻ

യുവതീപ്രവേശനത്തിന് എതിരാണ് കെപിസിസി. ഈ നിലപാടുമായി കെപിസിസിക്ക് മുമ്പോട്ടു പോകാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ശബരിമല വിഷയത്തിൽ മാധ്യമങ്ങൾ കോൺഗ്രസ്സ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന കെപിസിസിയുടെ നിലപാടിനൊപ്പമാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ നിലപാടല്ല തന്റേതെന്നും സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ പിന്തുണച്ച് കോൺഗ്രസ്സ് പ്രവർത്തകസമിതിയംഗം ആനന്ദ് ശർമയും രംഗത്തെത്തിയിരുന്നു. എന്നാൽ, ആനന്ദ് ശർമയുടെ വാക്കുകളും വളച്ചൊടിക്കപ്പെട്ടെന്നാണ് മുല്ലപ്പള്ളി പറയുന്നത്. യുവതീപ്രവേശനത്തിന് എതിരാണ് കെപിസിസി. ഈ നിലപാടുമായി കെപിസിസിക്ക് മുമ്പോട്ടു പോകാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. സ്ത്രീയും പുരുഷനും തുല്യരെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം ഇത് വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ കോണ്ഗ്രസ് നിലപാട്. കേരളത്തിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും ഏറെ വൈകാരികമായ വിഷയമാണിത്. സ്ത്രീകളും ആചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഞാനും എന്റെ പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ എന്റെ പാർട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാൻ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു” -എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.

യുഡിഎഫ് നേതാക്കൾക്കിടയിൽ ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫും കോൺഗ്രസ്സും.

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍