UPDATES

ട്രെന്‍ഡിങ്ങ്

കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ കൊലക്കേസടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതി; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

അരുൺ ആനന്ദിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ്സെടുക്കും

തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. ഒരു കൊലക്കേസിലും പ്രതിയാണിയാൾ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ ഇയാളെ വെറുതെ വിട്ടെന്നും റിപ്പോർട്ടുകളുണ്ട്. മദ്യപാന സദസ്സിൽ വെച്ച് സുഹൃത്തായ വിജയരാഘവനുമായി തർക്കത്തിലേർപ്പെട്ടെന്നും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്നുമാണ് കേസ്. നന്തൻകോട് സ്വദേശിയാണ് അരുൺ. അച്ഛൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്നു.

കൊലപാതകം, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ തുടങ്ങിയ കേസുകളാണ് അരുണിനെതിരെ കൂടുതലായുള്ളത്. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ തലയോട്ടി പൊട്ടിയ നിലയിൽ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു.

വീട്ടിൽ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചതിനാണ് അരുൺ മൂത്തയാളെ ക്രൂരമായി മർദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ആരാണ് സോഫയിൽ മൂത്രമൊഴിച്ചതെന്ന് മൂത്ത കുട്ടിയോട് ചോദിച്ചു. മറുപടി കിട്ടാതായതോടെ മർദ്ദിക്കുകയായിരുന്നു. കുട്ടിയെ അരുൺ താഴെയിട്ട് പലതവണ ചവുട്ടിയെന്നും അലമാരയ്ക്കുള്ളിൽ വെച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവരുടെ അമ്മ അരുണിനൊപ്പം തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഇവരെയും അരുൺ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. അരുണിനെ ഭയന്നാണ് ഇവർ പൊലീസിനോട് കാര്യങ്ങൾ പറയാന്‍ വിമുഖത കാണിച്ചതെന്നാണ് അറിയുന്നത്. ഇവരുടെ മുഖത്ത് അടികൊണ്ട് നീര് വന്ന് വീർത്തിട്ടുണ്ട്.

ആക്രമണമേറ്റ കുട്ടിക്ക് ഏഴ് വയസ്സാണുള്ളത്. അരുൺ ആനന്ദിന് 35 വയസ്സാണ് പ്രായം. കുട്ടിയെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേര്‍ത്തത്. ചേട്ടനെ അച്ഛൻ കൊന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഇളയ കുട്ടി പറഞ്ഞതെന്ന് അയൽവാസി പറയുന്നു.

നിലവിൽ കുട്ടിയുടെ അവസ്ഥ അതീവഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞദിവസം കുട്ടി കൈകൾ അനക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ പറയുന്നു.

അരുൺ ആനന്ദിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ്സെടുക്കും. തനിക്ക് ഒന്നും ഓർമയില്ലെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നതെന്ന് പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍