UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണനുള്ളത് 300 മൂർത്തികളുടെ ശക്തി; ശിഷ്യൻ കൂട്ടക്കൊല നടത്തിയത് ഗുരുവിന്റെ ‘കരുത്ത്’ സ്വന്തമാക്കാൻ

കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത് ശിഷ്യന്മാർ

തൊടുപുഴ വണ്ണാപ്പുറത്ത് കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ ചേർന്നാണെന്ന് പോലീസ്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയും അടിമാലി സ്വദേശിയുമായ അനീഷ്, കാരിക്കോട് സ്വദേശി ലിബീഷ് (28) എന്നിവർ ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. അനീഷിനെ പിടികൂടാൻ സാധിച്ചിട്ടില്ല.

അതേസമയം കൊല്ലപ്പെട്ടവരിൽ ചിലരെ പാതി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കൃഷ്ണൻ മകൻ അർജുൻ എന്നിവരെയാണ് പാതി ജീവനോടെ കുഴിച്ചിട്ടത്. രണ്ട് പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.

ദുർമന്ത്രവാദത്തിൽ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. മറ്റൊരു മാന്ത്രവാദിക്ക് കീഴിലും ഇയാൾ പൂജകൾ ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്തായി അനീഷിന്റെ പൂജകൾ ഫലിക്കുന്നില്ലായിരുന്നു. കൃഷ്ണന്റെ മന്ത്രവാദ ശക്തിയുടെ ഫലമാണ് ഇതെന്നാണ് അനീഷ് കരുതിയിരുന്നത്. കൃഷ്ണന്റെ കൈവശമുള്ള താളിയോലകളും കോടിക്കണക്കിന് വില വരുന്ന സ്വർണാഭരണങ്ങളും സ്വന്തമാക്കുന്നതിനാണ് കൊല നടത്തിയത്. കൃഷ്ണന് മുന്നൂറോളം മൂർത്തികളുടെ ശക്തിയുണ്ടെന്നായിരുന്നു അനീഷിന്റെ വിശ്വാസം. കൊലപാതക രീതിയെക്കുറിച്ച് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാലിന്റെ വിശദീകരണം.

ആറ് മാസം മുമ്പ് ഇരുവരും ആസൂത്രണം ചെയ്ത കൊലപാതകമാണ് ജൂലൈ 29ന് നടപ്പാക്കിയത്. രാത്രി 8.30ഓടെ മുട്ടത്ത് അനീഷിന്റെ ബൈക്കിൽ എത്തിയ പ്രതികൾ സമയം കളയുന്നതിനായി ചൂണ്ടയിട്ടിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. രാത്രി 12 മണിക്ക് കൃഷ്ണന്റെ വീട്ടിലെത്തിയ പ്രതികൾ വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ആടിനെ അടിച്ച് കൃഷ്ണനെ വീടിന് പുറത്തിറക്കി. വീടിന് പിൻവശത്തേക്ക് ഇറങ്ങിയ കൃഷ്ണനെ അനീഷ് കൈവശമിരുന്ന ഷോക്ക് അബ്സർബർ പൈപ്പുകൊണ്ട് തലക്കടിച്ചു. ഒച്ചകേട്ട് പുറത്തേക്ക് വന്ന കൃഷ്ണന്റെ ഭാര്യ സുശീലയെ ലിബീഷ് തലക്കടിച്ചെങ്കിലും അവർ വീടിനകത്തേക്ക് ഓടിക്കയറി. അനീഷ് പിന്നാലെ ചെന്ന് വീണ്ടും അടിച്ചു വീഴ്ത്തി. ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്ന മകൾ ആശ തന്റെ കൈവശമുണ്ടായിരുന്ന കമ്പിവടി കൊണ്ട് അനീഷിനെ അടിച്ചു. ഇയാളുടെ തലയ്ക്ക് മുറിവുണ്ട്. കൂടാതെ ഇയാളുടെ കൈ കടിച്ചു പറിക്കുകയും ചെയ്തു. അതോടെ ലിബീഷ് ആശയെ അടിച്ചുവീഴ്ത്തി. മനോരോഗിയായ മകൻ അർജുനെ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്തിയ ഇരുവരും വീട്ടിലിരുന്ന വാക്കത്തികൊണ്ട് അർജുനെയും വെട്ടിക്കൊലപ്പെടുത്തി.

എല്ലാവരുടെയും മരണം ഉറപ്പാക്കിയതോടെ വീട് കഴുകി വൃത്തിയാക്കി. നാട്ടുകാരുമായി കുടുംബാംഗങ്ങൾ നല്ല ബന്ധത്തിലല്ലാതിരുന്നതിനാൽ ആരും വരില്ലെന്ന് അനീഷിന് ഉറപ്പായിരുന്നു. മൃതദേഹങ്ങളെല്ലാം വീടിനുള്ളിലാക്കി. പിന്നീട് വെങ്ങല്ലൂർ കടവിൽ പോയി കുളിച്ചു. പിറ്റേദിവസം രാവിലെ കൃഷ്ണന്റെ വീടിന് പിൻവശത്ത് ഇരുവരും ചേർന്ന് കുഴിയെടുക്കുകയും ഒരിക്കൽ കൂടി വീട് കഴുകി വൃത്തിയാക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ ഇവർ വീണ്ടുമെത്തി മൃതദേഹങ്ങൾ കുഴിച്ചിട്ടു. അർജുന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ചുറ്റികയ്ക്ക് അടിച്ച് മരണം ഉറപ്പാക്കാൻ ശ്രമിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഇരുവരും കോഴിവെട്ടും പൂജയും നടത്തിയിരുന്നു.

അതേസമയം കൃഷ്ണനുമായി നേരിട്ട് ബന്ധമില്ലെന്നാണ് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ഷിബുവിന്റെ വെളിപ്പെടുത്തൽ. നേരത്തെ സംശയത്തിന്റെ പേരിൽ ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും അത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് കാളിയാർ സിഐ യൂനിസ് അഴിമുഖത്തോട് പറഞ്ഞു.

നൂറോളം പേരിൽ നിന്നാണ് പോലീസ് ഇതുവരെ വിവരങ്ങൾ ശേഖരിച്ചത്. മരിച്ച കൃഷ്ണന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൃഷ്ണനുമായി സാമ്പത്തിക തർക്കം നിലനിന്നതായി ചിലർ സമ്മതിച്ചിരുന്നു. ഇയാളും കുടുംബവും ഭയന്നാണ് ജീവിച്ചിരുന്നതെന്നും ചിലർ മൊഴി നൽകിയിരുന്നു.

വണ്ണപ്പുറം-ചേലച്ചുവട് ദേശീയ പാതയിലെ വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പത്ത് സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചു. സംശയകരമായ വാഹനങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും കൊലപാതകം നടന്നെന്ന് കരുതുന്ന സമയത്തിന് ശേഷം കടന്നു പോയ വാഹനങ്ങൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെ കൊലപാതകം നടന്ന സ്ഥലത്ത് ഏതെല്ലാം മൊബൈലുകൾ പ്രവർത്തിച്ചു എന്നറിയാനുള്ള സ്പെക്ട്ര സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്താനും സൈബർ സെൽ തീരുമാനിച്ചിരുന്നു. മലപ്പുറം പോലീസ് ഉപയോഗിച്ചിരുന്ന സ്പെക്ട്ര സംവിധാനം കഴിഞ്ഞ ദിവസം വണ്ണപ്പുറത്ത് എത്തിച്ചിരുന്നു. എന്നാൽ അത് ഉപയോഗിക്കേണ്ടി വന്നില്ലെന്നും ഇടുക്കി പോലീസ് മേധാവി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍