UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് നടപ്പാക്കാനുള്ളത് 21 വധശിക്ഷകള്‍

കാസർകോട് സഫിയ വധക്കേസിലെ ഹംസ, കണിച്ചുകുളങ്ങര കേസിലെ ഉണ്ണി, മഞ്ചേരി സെഷൻസ് കോടതി ശിക്ഷിച്ച നാസർ, രാജേന്ദ്രൻ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലും ജിഷ വധക്കേസിലെ അമീറുൽ ഇസ്ലാം, അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ അമ്മയ‌്ക്കൊരു മകൻ എന്നറിയപ്പെടുന്ന സോജു കുമാർ, രതീഷ് എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലും വധശിക്ഷ കാത്തു കഴിയുന്നു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പേർക്ക് കൂടി കോടതി വധശിക്ഷ വിധിച്ചതോടെ സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം 21 ആയതായി ദേശാഭിമാനി റിപ്പോട് ചെയ്യുന്നു. പൂജപ്പുര സെൻട്രൽ ജയിലിലാണ‌് കൂടുതൽ. 11 പേരാണ‌് ഇവിടെയുണ്ടായിരുന്നത‌്. ഉദയകുമാർ കേസിലെ രണ്ട‌് പ്രതിക‌ൾ കൂടി എത്തിയതോടെ ഇവിടെ 13 വധശിക്ഷ തടവുകാരായി. അപൂർവങ്ങളിൽ അപൂർവം ആയ കേസുകൾക്ക് മാത്രമേ രാജ്യത്ത് വധശിക്ഷ വിധിക്കാറുള്ളു.

1991 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്ന റിപ്പർ ചന്ദ്രന്റെതാണ് അവസാനം നടപ്പാക്കിയ വധശിക്ഷ. 15 പേരെ തലക്കടിച്ചു കൊന്ന കേസിലാണ‌് റിപ്പറിന‌് ശിക്ഷ ലഭിച്ചത‌്. പൂജപ്പുര സെൻട്രൽ ജയിലിൽ 1971 ൽ അഴകേശനെ തൂക്കിക്കൊന്ന ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല. ദുർമന്ത്രവാദത്തിനുവേണ്ടി കുഞ്ഞുങ്ങളെ കൊന്ന കേസിലാണ‌് കളിയിക്കാവിള സ്വദേശി അഴകേശനെ തൂക്കിലേറ്റിയത‌്.

വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ നാലുപേർ വീതമാണ് നിലവിൽ വധശിക്ഷ കാത്ത് കഴിയുന്നവർ. ഒടുവിൽ വധശിക്ഷ ലഭിച്ചത് പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ പ്രതിയായ അമീറുൽ ഇസ്ലാമിനാണ്. ഇയാൾ വിയ്യൂർ ജയിലിലാണ്. സൗമ്യ കേസിൽ ഗോവിന്ദ ചാമിക്ക് വധശിക്ഷ ലഭിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ആലുവ കൂട്ടക്കൊല കേസിലെ ആന്റണി, കോട്ടയത്ത് വൃദ്ധ ദമ്പതികളെ കൊന്ന പ്രദീപ് ബോറ, വർക്കലയിൽ പ്രവാസിയെ കൊലപ്പെടുത്തിയ ഷെരീഫ്, കാമുകിയുടെ കുഞ്ഞിനെയും അമ്മൂമ്മയേയും കൊന്ന നിനോ മാത്യു, ജെറ്റ് സന്തോഷിനെ വധിച്ച അനിൽകുമാർ(ജാക്കി), പട്ടാമ്പിയിൽ ഒരു കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ റെജി കുമാർ, നെടുമങ്ങാട്ട‌് പെൺകുട്ടിയെ കുത്തിക്കൊന്ന രാജേഷ് കുമാർ, രാജേഷ് കുമാർ (ജോൺ ഡി രാജേഷ്), നരേന്ദ്ര കുമാർ, ബൈജു, ഗിരീഷ് കുമാർ എന്നിവരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്.

കാസർകോട് സഫിയ വധക്കേസിലെ ഹംസ, കണിച്ചുകുളങ്ങര കേസിലെ ഉണ്ണി, മഞ്ചേരി സെഷൻസ് കോടതി ശിക്ഷിച്ച നാസർ, രാജേന്ദ്രൻ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലും ജിഷ വധക്കേസിലെ അമീറുൽ ഇസ്ലാം, അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ അമ്മയ‌്ക്കൊരു മകൻ എന്നറിയപ്പെടുന്ന സോജു കുമാർ, രതീഷ് എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലും വധശിക്ഷ കാത്തു കഴിയുന്നു.

രാജ്യത്ത് സി പി ഐ എം അടക്കമുള്ള കക്ഷികൾ വധശിക്ഷക്കെതിരായ നിലപാട് എടുത്തിട്ടുള്ളവരാണ്. അജ്മൽ കസബിന്റെയും, അഫ്സൽ ഗുരുവിന്റെയും വധശിക്ഷ വൻ പ്രതിഷേധങ്ങൾക്കും, വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. മാറിയ ലോക സാഹചര്യത്തിൽ ശിക്ഷ രീതികളും മാറേണ്ടതുണ്ടെന്നും, വധശിക്ഷ പ്രാകൃതമാണെന്നും അരുന്ധതി റോയ് അടക്കമുള്ളവർ നിരന്തരം അഭിപ്രായമുന്നയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍