UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിയേറ്റ് മരിച്ചത് പാളയംകോട്ടൈ റോഡിൽ; കളക്ടറേറ്റ് കോംപ്ലക്സിൽ വെച്ചെന്ന് എഫ്ഐആർ: തൂത്തുക്കുടിയിൽ സംഭവിക്കുന്നത്

പാളയംകോട്ടൈ റോഡിലുള്ള ബ്രിട്ടിഷ് ബേക്കറിക്ക് എതിർവശത്തു വെച്ചാണ് സെൽവരാജിന് വെടിയേറ്റത്.

തൂത്തുക്കുടിയിലെ വെടിവെപ്പ് സംബന്ധിച്ച് പൊലീസ് സമർപ്പിച്ച എഫ്ഐആറിൽ നിറയെ കെട്ടുകഥകളാണെന്ന് റിപ്പോർട്ട്. വെടിവെപ്പ് നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ പൊലീസ് അകാരണമായി വെടിവെച്ചു കൊന്ന ആന്റണി സെൽവരാജ് എന്നയാളുടെ മരണത്തെക്കുറിച്ച് പൊലീസ് എഫ്ഐആർ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട സെൽവരാജിനെ തൂത്തുക്കുടി പ്രക്ഷോഭകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭകർക്കെതിരെ നടത്തിയ വെടിവെപ്പിൽ ആന്റണി സെൽവരാജ് കൊല്ലപ്പെട്ടെന്ന പൊലീസ് ഭാഷ്യം തെറ്റാണെന്ന് സാക്ഷികൾ പറയുന്നു.

പാളയംകോട്ടൈ റോഡിൽ വെച്ചാണ് ആന്റണി സെൽവരാജിന് വെടിയേറ്റതെന്ന് സംഭവം കണ്ടുനിന്ന ഡി ജോർജ് എന്ന, ഒരു ക്രിസ്ത്യൻ പ്രാർത്ഥനാസംഘത്തിലെ അംഗം പറയുന്നു. പൊലീസിന്റെ വെടിയേറ്റ സെൽവരാജിനെ ആംബുലൻസിൽ കയറ്റിയത് ഇദ്ദേഹമാണ്. ആ സമയത്ത് നന്നായി രക്തം പോകുന്നുണ്ടായിരുന്നുവെന്ന് ആന്റണി ഓർക്കുന്നു.

ഒരു ഷിപ്പിങ് കമ്പനിയിലെ അക്കൗണ്ടന്റായ സെൽവരാജ് മെയ് 22ന് ഉച്ചതിരിഞ്ഞ് ജോലി പൂർത്തിയാക്കി ഓഫീസിന് പുറത്തിറങ്ങിയപ്പോഴാണ് വെടിവെപ്പുണ്ടായത്. ഓഫീസില്‍ നിന്നിറങ്ങി തന്റെ മോട്ടോർസൈക്കിളിൽ കയറി മീറ്ററുകൾ നീങ്ങിയപ്പോൾ പോലീസ് നേരെ വെടി വെക്കുകയായിരുന്നു.

സെൽവരാജ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ ടിഎം ഹർത്ത്നനും ഈ സംഭവത്തിന് ദൃക്സാക്ഷിയാണ്. ഓഫീസിനു താഴെയുള്ള തന്റെ വീട്ടിൽ കയറിയതിനു ശേഷമാണ് സെൽവരാജ് പോയതെന്ന് ഹർത്ത്നൻ പറയുന്നു. വീട്ടിലെത്തി തന്നോടും അച്ഛനോടും മെയ് 28ന് നടക്കാനിരുന്ന മകളുടെ തിരണ്ടുകല്യാണം ക്ഷണിച്ചാണ് സെൽവരാജ് ഇറങ്ങിയതെന്നും ഹർത്ത്നാൻ പറഞ്ഞു.

പാളയംകോട്ടൈ റോഡിലുള്ള ബ്രിട്ടിഷ് ബേക്കറിക്ക് എതിർവശത്തു വെച്ചാണ് സെൽവരാജിന് വെടിയേറ്റത്. വെടിവെപ്പ് നടന്ന കളക്ടറേറ്റ് കോംപ്ലക്സിന് രണ്ട് കിലോമീറ്റർ അകലെയാണ് ബ്രിട്ടിഷ് ബേക്കറി.

എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളിൽ ധാരാളം വൈരുദ്ധ്യങ്ങള്‍ വേറെയുമുണ്ട്. പൊലീസ് വെടിവെപ്പിനുള്ള ഓർഡറിൽ ഒപ്പുവെച്ചെന്ന് പൊലീസ് പറയുന്ന ഡെപ്യൂട്ടി തഹസിൽദാർ ശേഖറിന്റെ അധികാരപരിധിയിലുള്ള ഇടമല്ല കളക്ടറേറ്റ് കോംപ്ലക്സ് നിൽക്കുന്നയിടം. ഇദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള സ്ഥലത്തേക്ക് 12 കിലോമീറ്റർ ദൂരമുണ്ട് കളക്ടറേറ്റ് കോംപ്ലക്സിൽ നിന്ന്.

കളക്ടറേറ്റ് കോംപ്ലക്സിൽ പ്രത്യേക തഹസില്‍ദാരായി നിയമിതനായ രാജ്കുമാർ തങ്കശീലൻ വെടിവെപ്പിനുള്ള ഓർഡറിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇതാണ് ശേഖറിനെ തേടിയെത്തിതിനു പിന്നിൽ. ഒപ്പിടാൻ സാധ്യമല്ലെന്ന് പറഞ്ഞതിനു ശേഷം തങ്കരാജിനെ കാണാതായെന്നും വിവരമുണ്ട്.

ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്; തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍