UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കൊപ്പമുള്ളത് രണ്ട് ജെഡിഎസ് എംഎൽമാർ; കോൺഗ്രസ്സ് എംഎൽഎയെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്ത്

ക്ലിപ്പ് പുറത്തുവിട്ടത് വ‍ൃത്തികെട്ട കളിയാണെന്ന് ബിജെപിയുടെ കർണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പറഞ്ഞു.

കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെ രണ്ട് ജെഡിഎസ് എംഎൽമാരും ഒരു കോൺഗ്രസ്സ് എംഎൽഎയും ബിജെപി പാളയത്തിലെത്തിയതായി ജെഡിഎസ് അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. അവരെ തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും കുമാരസ്വാമി പറഞ്ഞു.

ആകെ 118 എംഎൽഎമാരുടെ ലിസ്റ്റാണ് ജെഡിഎസ്സും കോൺഗ്രസ്സും ചേർന്ന് ഗവർണർക്ക് നൽകിയിട്ടുള്ളത്. മൂന്നു പേർ പോയാലും സർക്കാരുണ്ടാക്കാനുള്ള അംഗബലം കോൺഗ്രസ്സിനുണ്ടാകും. ഈ മൂന്നുപേരെക്കൂടാതെ രണ്ട് സ്വതന്ത്രരെക്കൂടി ബിജെപി പാളയത്തിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തുന്നതായി കോൺഗ്രസ്സ് തെളിവു സഹിതം ആരോപണമുന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്. ജനാർദ്ദൻ റെഡ്ഢി കോൺഗ്രസ്സ് എംഎൽഎയായ ബസൻഗൗഡയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നൂറിരട്ടി കൂടുതൽ സമ്പാദിക്കാൻ ബിജെപിക്കൊപ്പം നിന്നാൽ അവസരം കിട്ടുമെന്ന് ജനാർദ്ദൻ റെഡ്ഢി ഉറപ്പു നൽകുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം ബിജെപി നിഷേധിച്ചില്ല. എന്നാൽ ക്ലിപ്പ് പുറത്തുവിട്ടത് വ‍ൃത്തികെട്ട കളിയാണെന്ന് ബിജെപിയുടെ കർണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇത്തരം വീഡിയോ ക്ലിപ്പുകൾ പുറത്തു വിടുന്നത് നിയമസഭയിൽ തോൽക്കാൻ പോകുന്നതിന്റെ മുന്നോടിയാണെന്നും ജാവദേക്കർ പറഞ്ഞു.

ഇന്ന് വൈകീട്ട് നാല് മണിക്കു മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് നിർദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍