UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവി സതി അങ്കമാലിയെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല; കൈപിടിച്ച് തിരിച്ചു എന്നത് നുണ: യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ

ഈ പരിപാടി മുഴുവൻ വീഡിയോയിൽ പിടിച്ചിട്ടുണ്ട്. അവ മുഴുവനും പൊലീസിൽ ഹാജരാക്കാൻ പോകുകയാണ്.

ദളിത് കവി സതി അങ്കമാലിയെ യുവജനക്ഷേമ ബോർഡിന്റെ പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് ബോർഡ് വൈസ് ചെയർമാനും ഡിവൈഎഫ്ഐ നേതാവുമായ പി ബിജു. “പരിപാടിയുമായി അസോസിയേറ്റ് ചെയ്തയാളുകൾ സതി അങ്കമാലി അടക്കമുള്ള പലരെയും അനൗദ്യോഗികമായി വിളിച്ചിരുന്നു. കവി ശാന്തനാണ് ഇക്കാര്യം ഏറ്റിരുന്നത്. യോജിപ്പുള്ള കവികളുടെയും എഴുത്തുകാരുടെയും ലിബറലായ ഒരു സ്പേസ് ഒരുക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ പരിപാടി തീർക്കേണ്ടതുണ്ട് എന്ന കാര്യം അവരോട് അറിയിച്ചിരുന്നതുമാണ്. യോജിപ്പുള്ള എല്ലാവരെയും നമ്മൾ അസോസിയേറ്റ് ചെയ്യിക്കണമെന്ന ശാന്തന്റെ അഭിപ്രായത്തോട് ഞാനും യോജിച്ചു. രാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും കൂട്ടുക എന്നതായിരുന്നു ലക്ഷ്യം.” ബിജു വിശദീകരിച്ചു.

ഒരു മണിക്കൂറോളം വൈകിയാണ് പരിപാടി തുടങ്ങിയത്. പ്രോഗ്രാം അവസാനിക്കാറായ സമയത്താണ് സതി അങ്കമാലി എത്തിയത് സംഘാടന ചുമതലയുള്ള അജിത്തിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഇവരെ ഉടൻ തന്നെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനിടെ മൈക്ക് കൈകാര്യം ചെയ്യുന്ന പയ്യൻ അയാൾക്ക് നേരത്തെ ലഭിച്ചിരുന്ന സമയസംബന്ധമായ നിർദ്ദേശം സതി അങ്കമാലിയോടും പറഞ്ഞു. മാഡം കുറച്ചു സമയമേ എടുക്കാവൂ എന്ന് അയാൾ പറഞ്ഞതോടെയാണ് പ്രശ്നം വരുന്നത്. നിങ്ങളെന്നെ വിളിച്ച് അപമാനിച്ചു എന്നൊക്കെയാണ് അവർ പറഞ്ഞത്. അങ്ങനെയൊരു ഉദ്ദേശ്യം അവിടെ ആർക്കും ഉണ്ടായിരുന്നില്ല. അതിനു വേണ്ടിയല്ല പരിപാടി നടത്തിയത്. എറണാകുളം ജില്ലയിലെ കവികളെയും എഴുത്തുകാരെയും പങ്കെടുപ്പിക്കുന്ന ഒരു വേദി മാത്രമായിരുന്നു ഉദ്ദേശ്യം. എല്ലാവരെയും അടുപ്പിക്കുക എന്നല്ലാതെ വെറുപ്പിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും പി ബിജു പറഞ്ഞു.

കൈപിടിച്ച് തിരിച്ചു എന്നൊക്കെ സതി അങ്കമാലി പറയുന്നത് വെറും നുണയാണ്. പൊതുസ്ഥലത്താണ് പരിപാടി നടന്നത്. അങ്ങനെയൊന്ന് നടന്നിരുന്നെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു. ഈ പരിപാടി മുഴുവൻ വീഡിയോയിൽ പിടിച്ചിട്ടുണ്ട്. അവ മുഴുവനും പൊലീസിൽ ഹാജരാക്കാൻ പോകുകയാണ്. സതി അങ്കമാലി പൊലീസിനോടും വളരെ മോശമായി സംസാരിച്ചുവെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും പി ബിജു പറഞ്ഞു. എല്ലാവരുടെയും കയ്യിൽ സ്മാർട്ഫോണുള്ള കാലമാണ്. സതി ആരോപിക്കുന്നതു പോലെ എന്തെങ്കിലും നടന്നിരുന്നെങ്കിൽ അത് ഇതിനകം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകില്ലേയെന്നും പി ബിജു ചോദിച്ചു.

യുവജനക്ഷേമ ബോര്‍ഡ് പരിപാടിക്ക് വിളിച്ച് അപമാനിച്ചു; ദലിത് കവി സതി അങ്കമാലിക്ക് നേരെ ശാരീരിക ആക്രമണവും (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍