UPDATES

ലിംഗായത്തുകളുടെ കൊടുംചതി; പതിനെട്ടാം അടവും പാളിയ അമ്പരപ്പില്‍ കോൺഗ്രസ്സ്

224 മെമ്പർമാരുള്ള കർണാടക അസംബ്ലിയിൽ 100 സീറ്റുകളിലെങ്കിലും ലിംഗായത്തുകൾക്ക് ശക്തമായ സ്വാധീനമുണ്ട്.

എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങൾക്കൊഴികെ ആർക്കും വ്യക്തതയില്ല. മുൻ തെരഞ്ഞെടുപ്പുകളിലൊക്കെ സംഭവിച്ച അതേ സാഹചര്യം തന്നെയാണ് കർണാടകത്തിലും. ബിജെപിയുടെ അസാധ്യമായ മുന്നേറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇര കക്ഷികളെല്ലാം. ഇതിൽ കോൺഗ്രസ്സിനെ ഏറ്റവും അമ്പരപ്പിക്കുന്നത് ലിംഗായത്ത് മേഖലയിൽ ബിജെപി നടത്തിയ മുന്നേറ്റമാണ്. കൊടുംചതി നടന്നു കഴിഞ്ഞതായി കോൺഗ്രസ്സ് മനസ്സിലാക്കിയിരിക്കുന്നു.

ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള തീരുമാനം സിദ്ധരാമയ്യ സർക്കാരെടുത്തത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. ഇതൊരു ബുദ്ധിപരമായ നീക്കമായാണ് അന്ന് വിലയിരുത്തപ്പെട്ടത്. കോൺഗ്രസ്സിന് അനുകൂലമായി ലിംഗായത്ത് വോട്ടുകൾ ക്രോഡീകരിക്കപ്പെടുമെന്ന് കോൺഗ്രസ്സിനു പുറത്തുള്ളവരും കരുതി. കോൺഗ്രസ്സിന്റെ പ്രതീക്ഷ ലിംഗായത്ത് വോട്ടുകൾ‌ തങ്ങൾക്കനുകൂലമായി വീഴും എന്നായിരുന്നില്ല. വോട്ടുകളിൽ കാര്യമായ ഒരു വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നു മാത്രമായിരുന്നു. എന്നാൽ ലിംഗായത്തുകൾ ബിജെപിയോട് അനുഭാവം പുലർത്തുന്ന തങ്ങളുടെ പാരമ്പര്യവും തീവ്ര വലതുപക്ഷ ചായ്‍വും വിടാൻ തയ്യാറായില്ല. ലിംഗായത്തുകൾക്ക് ഭൂരിപക്ഷമുള്ള ബോംബെ കർണാടക പ്രദേശത്തെ മഹാദയി നദിയിലെ വെള്ളം പങ്കിടുന്നതു സംബന്ധിച്ച തർക്കത്തിൽ കേന്ദ്രം ഇതുവരെ ഇടപെടാതിരുന്നതും കോൺഗ്രസ്സ് ഒരു അവസരമായി കണ്ടിരുന്നു.

224 മെമ്പർമാരുള്ള കർണാടക അസംബ്ലിയിൽ 100 സീറ്റുകളിലെങ്കിലും ലിംഗായത്തുകൾക്ക് ശക്തമായ സ്വാധീനമുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 17% ലിംഗായത്തുകളാണ്. വടക്കേ ഇന്ത്യയോട് ചേർന്നു കിടക്കുന്ന കർണാടകയുടെ പ്രദേശങ്ങളിലാണ് ലിംഗായത്തുകൾ കൂടുതലുള്ളത്. ബ്രിട്ടിഷ് കാലത്ത് ബോംബെ പ്രസിഡൻസിയിൻ കീഴിൽ വന്നിരുന്ന, ഇപ്പോൾ ബോംബെ കർണാടക എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന വടക്കുകിഴക്കൻ മേഖലയിലാണ് ലിംഗായത്തുകൾക്ക് കൂടിയ സാന്നിധ്യമുള്ളത്. ഇവിടുത്തെ ഏഴു ജില്ലകളിലും ലിംഗായത്തുകൾക്ക് മൃഗീയ ഭൂരിപക്ഷമാണുള്ളത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും സാമൂഹ്യപരിഷ്കർത്താവുമായ ബസവേശ്വരയുടെ വചനങ്ങളിൽ വിശ്വസിക്കുന്നവനരാണ് ലിംഗായത്തുകൾ. ജാതി, ലിംഗ ഭേദങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. എന്നാൽ, ഏതാണ്ടൊരു സംഘടിത അധികാര ദല്ലാളന്മാരായി മാറിയ ഈ വിഭാഗം ഇന്ന് ബിജെപിയോടാണ് കൂടുതൽ കൂറ് കാണിക്കുന്നത്. ബിഎസ് യെദ്യൂരപ്പ, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തുടങ്ങിയ ഉന്നത ബിജെപി നേതാക്കൾ ഈ സമുദായത്തിൽ നിന്നുള്ളവരാണ്.

ഇതോടൊപ്പം ലിംഗായത്തുകളിലെ ഉപവിഭാഗമായ വീരശൈവർക്ക് ന്യൂനപക്ഷ പദവി നൽകാൻ കോൺഗ്രസ്സ് തയ്യാറിയിരുന്നില്ല. തങ്ങൾ ഹിന്ദുക്കളല്ല എന്ന നിലപാട് ലിംഗായത്തുകൾ എടുക്കുമ്പോൾ ഇതിനു വിരുദ്ധമായ നിലപാടാണ് വീരശൈവർക്കുള്ളത്. ഇവർ ബ്രാഹ്മണികമായ വേദപാരമ്പര്യത്തോട് കൂറ് കാണിക്കുന്നവരാണ്. ബസവേശ്വരന് ദേവപദവി നൽകുന്ന ലിംഗായത്ത് രീതി ഇക്കൂട്ടർ‌ക്കില്ല.

ന്യൂനപക്ഷ പദവി സംസ്ഥാന സർക്കാർ നൽകിയെങ്കിലും ഇതിൽ ഇനിയുള്ള നീക്കങ്ങൾ നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. കോൺഗ്രസ്സിന് ഇനി ലിംഗായത്തുകളുടെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ പോയിട്ടുണ്ട്. അടുത്ത തീരുമാനം വരേണ്ടത് അവിടെ നിന്നാണ്. പന്ത് ഇപ്പോൾ കേന്ദ്രത്തിന്റെ കോർട്ടിലാണെന്ന് സിദ്ധരാമയ്യ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തികച്ചും പ്രായോഗികമായ നിലപാട് ലിംഗായത്തുകൾ എടുത്തു എന്നേ ഇക്കാര്യത്തിൽ മനസ്സിലാക്കാനുള്ളൂ. യെദ്യൂരപ്പയും ഷെട്ടാറുമടക്കമുള്ള നേതാക്കൾക്ക് ഇക്കാര്യം സമുദായ നേതാക്കളെ ബോധ്യപ്പെടുത്താൻ വലിയ പ്രയാസമൊന്നും ഉണ്ടായില്ലെന്നു വേണം കരുതാൻ.

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വെച്ച് സിദ്ധരാമയ്യ നടത്തിയ നീക്കമാണിതെന്ന് വിലയിരുത്താമെങ്കിലും മറ്റേതെങ്കിലും മുഖ്യമന്ത്രിക്ക് അത്ര എളുപ്പമാകാൻ ഇടയില്ലാത്ത കാര്യമാണ് ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിലൂടെ അദ്ദേഹം ചെയ്തത്. ബ്രാഹ്മണ ഹിന്ദുത്വത്തോട് സിദ്ധരാമയ്യ പുലർത്തുന്ന വിഖ്യാതമായ എതിർപ്പ് തന്നെയാണ് ഈ നീക്കത്തിന് അദ്ദേഹത്തിന് ധൈര്യം നൽകിയിരിക്കുക. പക്ഷെ ആ രാഷ്ട്രീയവും തന്ത്രവും അമ്പേ പാളി എന്ന് മനസ്സിലാക്കാൻ വെറും രണ്ടുമാസത്തെ സമയമേ വേണ്ടി വന്നുള്ളൂ.

ഹിന്ദുക്കളിലെ ഇതര വിഭാഗങ്ങൾക്കിടയിൽ സിദ്ധരാമയ്യയോട് എതിർപ്പ് വളരാനും ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകിയത് കാരണമായിരിക്കുമെന്നും കരുതണം. ലിംഗായത്തുകള്‍ തങ്ങൾ ഹിന്ദുക്കളല്ലെന്ന വാദമുയർത്താറുണ്ടെങ്കിലും അതിന് ഇത്ര പെട്ടെന്ന് അംഗീകാരം കിട്ടുമെന്ന് ഹിന്ദുവിഭാഗങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഹിന്ദുക്കളെ വിഭജിക്കുകയാണ് സിദ്ധരാമയ്യ ചെയ്യുന്നതെന്ന തോന്നൽ പൊതുസമൂഹത്തിനിടയിൽ വളരാനും തെരഞ്ഞെടുപ്പ് അടുപ്പിച്ചു നടത്തിയ ഈ നീക്കം കാരണമായിട്ടുണ്ടാകാം.

തിരിച്ചടിയേൽക്കുന്നത് കോൺഗ്രസ്സിലെ ലോഹ്യ സോഷ്യലിസ്റ്റിന്റെ അശ്വമേധത്തിന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍