UPDATES

ട്രെന്‍ഡിങ്ങ്

ചെയുടെ ചിത്രങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന സംഘികളോടല്ല; മറ്റൊരു ലോകം സാധ്യമാണെന്ന് വിശ്വസിക്കുന്നവരോട്!

“വിപ്ലവമിനിയും ബാക്കിയാണ്, ഞാൻ ആഫ്രിക്കയിലേക്ക് പോകുന്നു” എന്നൊരു കത്തെഴുതിവെച്ച് ഇറങ്ങിപ്പോയ ഒരാളുടെ മനസ്സിലെന്താവുമെന്ന് ഊഹിക്കാനെങ്കിലും ആവുമോ നിങ്ങൾക്ക്?

വിപ്ലവം ഇനിയും ബാക്കിയാണെന്ന് പ്രഖ്യാപിച്ച് വിപ്ലവാനന്തര ക്യൂബയിൽ നിന്ന് ആഫ്രിക്കയിലേക്കു പോയ ചെ-യുടെ ജീവിതം മറ്റൊരു ലോകം സാധ്യമാണെന്നും അതെങ്ങനെ സാധ്യമാകുമെന്നും ഉറപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് ചെ ഗുവേര എന്ന ചോദ്യം ഇന്നും ഉയരുകയും അതിന് യുവാക്കളുടെ ക്യാപ്പിലും ടീ ഷർട്ടിലുമെല്ലാം തെറിച്ചു നിൽക്കുന്ന മറുപടികളുയരുകയും ചെയ്യുന്ന കാലമാണ്. ആ ചിത്രങ്ങൾ പലരെയും അസ്വസ്ഥമാക്കുന്നുണ്ട് എന്ന തിരിച്ചറിവു തന്നെ എന്തുകൊണ്ട് ചെഗുവേര എന്ന ചോദ്യത്തിനുത്തരമാണ്: ശ്രീചിത്രൻ എഴുതിയ കുറിപ്പ്.

ജൂൺ 14 – ഇന്ന് ചെ യുടെ ജന്മദിനം.

ചെയുടെ ചിത്രങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന സംഘികൾ ഇന്നും ക്രീസിലുണ്ട്. ലഹരി പ്രോൽസാഹിപ്പിക്കുന്നത്രേ.

വർഷങ്ങൾ അമ്പത് കഴിഞ്ഞു. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച്, ക്യാപ്പിലും ടീഷർട്ടിലും പതിഞ്ഞ് ആരെണെന്നുമെന്തെന്നും അറിയാത്തവർക്ക് വരെ തന്മയായി മാറി. എന്നിട്ടും ചെ ചിത്രം കാണുമ്പോൾ ഫാഷിസ്റ്റുകൾക്ക് പൊള്ളുന്നു. ഒന്നു കണ്ണിൽ പെടാതെ പോയെങ്കിൽ എന്നു തോന്നുന്നു. അറിയാവുന്ന ഒരേയൊരു അനിഷ്ടപ്രകടനം നിരോധനമായതു കൊണ്ട് നിരോധിക്കൂ, നിരോധിക്കൂ എന്നു നിലവിളിക്കുന്നു. ഒറ്റ അക്ഷരം കൊണ്ട് ഒറ്റബുദ്ധികൾക്ക് ഇന്നും ചൊറിഞ്ഞുപൊട്ടുന്നു – ചെ.

അമ്പത്താറിഞ്ചിൽ വിരിഞ്ഞിറങ്ങിയ സിൽക്ക് കുർത്ത ഫ്ലക്സടിച്ച് നാടുനീളെ പതിച്ചിട്ടും ഒരു ഇളിഞ്ഞ ചിരി അല്ലാതെ ഈ പഞ്ച് കിട്ടുന്നില്ലല്ലേ? കിട്ടൂല.

വലിക്കുന്നത് കണ്ടാൽ കഞ്ചാവ്, താടി കണ്ടാൽ തീവ്രവാദി എന്ന ബോധനിലവാരം വെച്ച് അളന്നെടുക്കാവുന്ന പരമാവധി ‘ആണത്തം’ നരേന്ദ്രമോദിയാണ്. അതാണെങ്കിലിപ്പോൾ ഏതോ കല്ലിൽ മലർന്നുകിടക്കുകയുമാണ്. അതുകണ്ട് രോമാഞ്ചമണിയുന്നവരോട് പോയി, ഷൂട്ട് ചെയ്യാനൊരുങ്ങുന്നവനോട് “എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെ”ന്ന്, “നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്” എന്നുറപ്പിച്ചു പറഞ്ഞ് മരണത്തിലേക്ക് നടന്നവനെക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം?

വലതുകാലിൽ വെടിയേറ്റ മുറിവും, ഇടംകണ്ണിനു ക്ഷതവും, കട്ടപിടിച്ച മുടിയും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ബൊളീവിയൻ സേനയുടെ സേനയുടെ പിടിയിലായപ്പോൾ പോലും തലയുയർത്തിപ്പിടിച്ച് എല്ലാ സൈനികമേധാവികളുടെയും കണ്ണുകളിലേക്കു നോക്കി സംസാരിച്ചു എന്ന് ബോളീവിയൻ സേനാംഗമായ ഗുസ്മാനെക്കൊണ്ടുതന്നെ പറയിപ്പിച്ച ആ തിളയ്ക്കുന്ന ചോരയെ അറിയുമോ നിങ്ങൾക്ക്? പുകവലിക്കുന്ന പൈപ്പ് എടുക്കാൻ ശ്രമിച്ച പട്ടാളക്കാരനെ മരണത്തിനു മുന്നിൽ നിൽക്കുമ്പോഴും പുറംകാലിനു ചവിട്ടിത്തെറിപ്പിച്ച ആ സിംഹശൗര്യത്തെ അറിയുമോ നിങ്ങൾക്ക്? വെടിയേറ്റു മരിക്കുന്നതിനു തൊട്ടുമുൻപ് അഡ്മിറൽ ഉഗാർത്തെയുടെ മുഖത്തേക്ക് തുപ്പിയ ആ ഉരുക്കുഹൃദയത്തെ അറിയുമോ നിങ്ങൾക്ക്? താൻ കൂടി നേതൃത്വം നൽകിയ വിപ്ലവത്തിനു ശേഷം കൈയേറ്റ രാജ്യത്തിന്റെ സുപ്രീം പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് “വിപ്ലവമിനിയും ബാക്കിയാണ്, ഞാൻ ആഫ്രിക്കയിലേക്ക് പോകുന്നു” എന്നൊരു കത്തെഴുതിവെച്ച് ഇറങ്ങിപ്പോയ ഒരാളുടെ മനസ്സിലെന്താവുമെന്ന് ഊഹിക്കാനെങ്കിലും ആവുമോ നിങ്ങൾക്ക്?

ചെ എന്നു കേൾക്കുമ്പോൾ ചുവന്നുവരുന്ന മനസ്സുള്ള കാലത്തോളം നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുകയില്ല. മറ്റൊരു ലോകം സാദ്ധ്യമാണ്.

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍