UPDATES

ട്രെന്‍ഡിങ്ങ്

മരട് ഫ്ലാറ്റുകൾ: സുപ്രീംകോടതി വിധികളിലെ വിവേചനം ചൂണ്ടിക്കാട്ടി ജയ്റാം രമേശ്; ചിലവന്നൂർ കായൽ നികത്തിയ ഡിഎൽഎഫ്, ആദർശ് ഫ്ലാറ്റ് കുംഭകോണം എന്നിവ സൂചിപ്പിച്ച് ട്വീറ്റ്

എന്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരത്തിൽ വിവേചനപരമായ വിധികൾ പ്രസ്താവിക്കുന്നതെന്ന് ജയ്റാം രമേശ് തന്റെ ട്വീറ്റിൽ ചോദിച്ചു.

കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ വിവേചനപരമെന്ന് വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. രണ്ട് സംഭവങ്ങളാണ് അദ്ദേഹം ഒരു ട്വീറ്റിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് സമാനമായ നിയമലംഘനം നടത്തിയപ്പോൾ ഒരു പിഴയീടാക്കി വിടുകയാണ് കോടതി ചെയ്തത്. ആദർശ് കുംഭകോണത്തിൽ പെട്ട മുംബൈയിലെ ഫ്ലാറ്റുകളുടെ കാര്യത്തിൽ കോടതിയെടുത്ത നിലപാടാണ് മറ്റൊന്ന്. ഈ ഫ്ലാറ്റുകൾ പൊളിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്തുകൊണ്ടാണ് സുപ്രീംകോടതി ഇത്തരത്തിൽ വിവേചനപരമായ വിധികൾ പ്രസ്താവിക്കുന്നതെന്ന് ജയ്റാം രമേശ് തന്റെ ട്വീറ്റിൽ ചോദിച്ചു.

എന്താണ് ഡിഎല്‍എഫ് സംഭവം?

കൊച്ചിയിലെ ചിലവന്നൂർ കായലിലാണ് ഡിഎൽഎഫ് വലിയ കായൽ കയ്യേറ്റം നടത്തി ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയത്. ഇന്‍ഫോപാര്‍ക്കിനും കിന്‍ഫ്രാ പാര്‍ക്കിനും കൊച്ചിന്‍ എക്‌സ്‌പോര്‍ട്ട് സോണിനും സ്മാര്‍ട്ട് സിറ്റിക്കും തൊട്ടടുത്ത് അഞ്ച് ഏക്കര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുകയാണ് അത്യാധുനിക സൗകര്യങ്ങളുള്ള, 185 അപ്പാര്‍ട്ട്‌മെന്റുകളുള്ള 300 കോടിയുടെ ഈ സമുച്ചയം. തീരസംരക്ഷണചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഡി എല്‍ എഫിന്റെ ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനെതിരെ 2014 ജൂണ്‍ 30-ന് അന്നത്തെ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

ചിലവന്നൂര്‍ കായല്‍ കൈയേറിയാണ് ഡി എല്‍ എഫ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചതെന്ന പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയുടെ ജൂണ്‍ 18-ലെ അടിയന്തരപ്രമേയത്തെ തുടര്‍ന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയെ ഇതേപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാകട്ടെ ഡി എല്‍ എഫിന്റെ നിര്‍മ്മാണം സി ആര്‍ ഇസഡ് ക്ലിയറന്‍സ് കിട്ടാതെയാണ് ആരംഭിച്ചതെന്നും കെട്ടിടത്തിന്റെ ഒരു ഭാഗം കായലിലേക്ക് അനധികൃതമായി ഇറങ്ങിക്കിടക്കുന്നുണ്ടെന്നും ഇതുവരേയ്ക്കും പദ്ധതിക്ക് അംഗീകൃത ഏജന്‍സിയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിടം അനധികൃതമാണെന്നും പറഞ്ഞിരുന്നു.

2014ൽ തീരദേശ പരിപാലന അതോരിറ്റിയുടെ റിപ്പോർട്ടിലും ഡിഎൽഎഫ് ഫ്ലാറ്റുകൾ നിർമിച്ചത് കായൽ കയ്യേറിയാണെന്ന് പറഞ്ഞിരുന്നു. കമ്പനിയുടെ പക്കലുള്ള 5.16 ഏക്കര്‍ സ്ഥലത്തിന്റെ പകുതിലധികവും കായല്‍ നികത്തിയതാണെന്ന് കമ്മിറ്റി കണ്ടെത്തി. 2005ല്‍ 358 മീറ്റര്‍ ഉണ്ടായിരുന്ന കായല്‍ 2013ല്‍ 223 മീറ്റര്‍ ആയി ചുരുങ്ങിയെന്നും കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായി. 1991 ലെ തീരദേശപരിപാലനചട്ടം പ്രകാരം 5 കോടിക്ക് മുകളിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി വേണം. ഡിഎൽഎഫിന് ഇതും ഉണ്ടായിരുന്നില്ല.

ഡി എല്‍ എഫിന്റെ പാര്‍ട്ണറിങ് കമ്പനിയായ അഡ്‌ലൈ ബില്‍ഡേഴ്‌സിന് പ്രദേശത്ത് ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും സി ആര്‍ ഇസഡ് ചട്ടങ്ങള്‍ ലംഘിച്ച കെട്ടിടം ഉടനടി പൊളിച്ചുനീക്കാന്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കുന്നതുമായിരുന്നു ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഈ വിധിന്യായം. ചിലവന്നൂര്‍ സ്വദേശിയായ എ ആന്റണിയാണ് (35) ഡി എല്‍ എഫിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 2012-ല്‍ ഒരു പൊതു താല്‍പര്യഹര്‍ജിയിലൂടെ കോടതിയെ സമീപിച്ചത്.

എന്നാൽ ഈ കെട്ടിടം പൊളിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചത്. പകരം ഒരു കോടി രൂപ പിഴ നൽകിയാൽ മതി എന്നായിരുന്നു വിധി. കോടികളുടെ നിക്ഷേപം നടന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ഫ്ലാറ്റ് നിർമാണത്തിൽ തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ കേരള തീരദേശ പരിപാലന അതോറിറ്റി നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി വാദം കേൾക്കുകയുണ്ടായി. ഹൈക്കോടതിയുടെ ഉത്തരവിനെ ശരി വെക്കുകയാണ് സുപ്രീംകോടതിയും ചെയ്തത്.

ഈ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു.

ആദർശ് ഫ്ലാറ്റ് കുംഭകോണം

കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്കെന്ന വ്യാജേന പരിസ്ഥിതി ചട്ടങ്ങൾ മറികടന്ന് 31 നില കെട്ടിടമുണ്ടാക്കുകയും അവ രാഷ്ട്രീയക്കാരും സൈനിക മേധാവികളും മറ്റുദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്ത വൻ അഴിമതിയാണ് ആദർശ് ഫ്ലാറ്റ് കുംഭകോണം. തീരദേശ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടം മൂന്ന് മാസത്തിനകം ഇടിച്ചു നിരത്താൻ 2011 ജനുവരി 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. 2018ൽ ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍