UPDATES

“ഇപ്പോൾ പോകുന്നില്ല; അയ്യപ്പനെ കാണും വരെ മാല ഊരില്ല” -ശബരിമലയിൽ കയറാനെത്തിയ യുവതികൾ

മല കയറും വരെ മാല ഊരില്ലെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രേഷ്മ നിഷാന്ത്. സുപ്രീംകോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിൽ വ്രതമെടുത്ത് മാലയിട്ടയാളാണ് രേഷ്മ. ഇവർക്കൊപ്പം കണ്ണൂരിൽ നിന്നുള്ള അനില, കൊല്ലത്തു നിന്നുള്ള ധന്യ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വിശ്വാസികളായി ശബരിമലയിൽ തങ്ങൾ സർക്കാരിനോടും പൊലീസിനോടും സുരക്ഷ ആവശ്യപ്പെട്ടിരുന്ന‌െന്നും കൂടെ നിൽക്കുമെന്നാണ് കരുതുന്നതെന്നും യുവതികൾ പറഞ്ഞു.

ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു. വീട്ടിൽ നിന്ന് എങ്ങോട്ടിറങ്ങിയാലും രേഷ്മ നിഷാന്ത് ശബരിമലയിൽ പോയി എന്ന പ്രചാരണമാണ് നടക്കുന്നത്. ജോലിസ്ഥലത്തു പോലും ആക്രമണം പേടിച്ച് പോകാൻ കഴിയാത്ത അവസ്ഥയാണ്. കോളജ് അധ്യാപികയായ തനിക്ക് ജോലി രാജി വെക്കേണ്ടി വന്നെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.

എല്ലാ വിശ്വാസികളും സ്ത്രീ പ്രവേശനത്തിന് എതിരാണെന്ന് പറയരുതെന്നും തങ്ങളെപ്പോലെ നിരവധിയാളുകൾ ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുവതികൾ പറഞ്ഞു. “ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്ന് കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്ക് വരുന്നില്ലെന്നേയുള്ളൂ” -കൊല്ലത്തു നിന്നുള്ള അയ്യപ്പഭക്തയായ ധന്യ പറഞ്ഞു.

വിശ്വാസി സമൂഹത്തിന്റെ കൂടി പിന്തുണയോടെയായിരിക്കും തങ്ങൾ മല കയറുകയെന്ന് യുവതികൾ വിശദീകരിച്ചു. മുൻപ് സംഭവിച്ചതു പോലെ പമ്പ വരെ പോയി തിരിച്ചുവരാൻ‌ തങ്ങളില്ല. അയ്യപ്പനെ കാണുന്നതു വരെ അണിഞ്ഞിരിക്കുന്ന മാല ജീവിതത്തിന്റെ ഭാഗമായിരിക്കും.

വാർത്താ സമ്മേളനം നടക്കുന്നതിനിടെ പ്രസ് ക്ലബ്ബിനു പുറത്ത് ബിജെപി മഹിളാ മോർച്ചയുടെ പ്രവർത്തകര്‍ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍