UPDATES

ആ 8216 പേര്‍ ശരിക്കും തോറ്റവരാണോ? നമുക്കിനി കാണാതെ പോയ കുഞ്ഞാടിന്റെ ഉപമയെ കുറിച്ച് കൂടി സംസാരിക്കാം

പത്തനംതിട്ട, കുട്ടനാട് വിദ്യാഭ്യാസ ജില്ല, മലപ്പുറം നേടിയ നേട്ടങ്ങള്‍ വിസ്മയകരം

ഇത്തവണ എസ് എസ് എല്‍ സി വിജയം 98.11 ശതമാനം. കഴിഞ്ഞ വര്‍ഷം അത് 97.84 ശതമാനം ആയിരുന്നു. അതായത് 0.27 ശതമാനം വര്‍ദ്ധനവ്. 4,34,729 പേര്‍ പരീക്ഷ എഴുതിയതില്‍ 4,26,513 പേര്‍ വിജയിച്ചു. അതായത് ഉപരിപഠന യോഗ്യത നേടാത്തവര്‍ 8216.

ഇത്തവണത്തെ എസ് എസ് എല്‍ സി വിജയത്തിനു തിളക്കമേറെയുണ്ട്. മഹാപ്രളയം, ഒഖി, നിപ്പ, ശബരിമല ഹര്‍ത്താലുകള്‍, ഏറ്റവും ഒടുവില്‍ പരീക്ഷാ കാലയളവിലെ കൊടും ചൂട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഈ കുട്ടികള്‍ വിജയത്തിന്റെ പടവുകള്‍ കയറിയത്.

ഈ കണക്കുകളില്‍ മൂന്ന് നേട്ടങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

വിജയ ശതമാനത്തില്‍ ഒന്നാമത് പത്തനംതിട്ട ജില്ലയാണ്. 99.33%. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള രാഷ്ട്രീയ കോലാഹാങ്ങള്‍ ഏറെ ബാധിച്ച ജില്ലയാണ് പത്തനംതിട്ട. അര ഡസന്‍ ഹര്‍ത്താലുകള്‍, സമരങ്ങള്‍, പ്രതിഷേധങ്ങള്‍ എന്ന പേരില്‍ നടന്ന നാമ ജപ ജാഥകള്‍, സമൂഹത്തെ തന്നെ ആകെ ബാധിച്ച ആസ്വസ്ഥത.. എല്ലാം കൊണ്ടും സംഘര്‍ഷ പൂരിതമായിരുന്നു ശബരിമല സ്ഥിതി ചെയ്യുന്ന ഈ ജില്ല. കൂടാതെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളില്‍ ഒന്നും. റാന്നിയും പന്തളവുമൊക്കെ വെള്ളത്തിനടിയിലായി.

മറ്റൊന്ന് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനമാണ്. 99.9 ശതമാനമാണ് ഇത്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയ വിദ്യാഭ്യാസ ജില്ലയായി കുട്ടനാട് മാറിയിരിക്കുന്നു. ആദ്യത്തെ പ്രളയത്തിന്റെ ദുരിതമൊഴിയും മുന്‍പ് മഹാപ്രളയം ഏറ്റുവാങ്ങിയ പ്രദേശമാണ് കുട്ടനാട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുതല്‍ ദിവസങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങിയതും ഇവിടെയാണ്. പല സ്കൂളുകളും ക്യാമ്പുകളായിരുന്നു. പ്രളയം കഴിഞ്ഞു പല സ്ഥലങ്ങളിലും വെള്ളമിറങ്ങിയിട്ടും കുട്ടനാട്ടില്‍ നിന്നും പ്രളയ ജലം ഇറങ്ങിപ്പോവാന്‍ ദിവസങ്ങളെടുത്തു. നിരവധി കുട്ടികളുടെ പാഠപുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളുമാണ് വെള്ളത്തില്‍ ഒലിച്ചുപോയത്.

മുഖാവരണമിട്ട് പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്ര സ്ഥാനത്തുള്ള ജില്ലകളില്‍ ഒന്നായ മലപ്പുറമാണ് മികച്ച നേട്ടം കൈവരിച്ച മറ്റൊരു ജില്ല. ഏറ്റവും കൂടുതല്‍ മുഴുവന്‍ എ പ്ലസുകാരുള്ള ജില്ല മലപ്പുറമാണ്. 2493. ജില്ലയില്‍ പരീക്ഷ എഴുതിയത് 80,052 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 78,335 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.86 വിജയശതമാനം.

ഇതാണ് നിരവധി പ്രതിബന്ധങ്ങളിലും അതിജീവിച്ചവരുടെ കണക്കുകള്‍. അത് തീര്‍ച്ചയായും പ്രതീക്ഷാ നിര്‍ഭരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും പൊതു വിദ്യാലയങ്ങള്‍ നേടിയ മുന്നേറ്റങ്ങള്‍. എന്നാല്‍ ‘തോറ്റ’വര്‍ക്ക് വേണ്ടി, സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ഉപരിപഠന യോഗ്യത നേടാത്ത 8216 കുറിച്ചും നാം സംസാരിക്കേണ്ടെ? അവരെ എങ്ങിനെയാണ് കുടുംബവും സമൂഹവും സര്‍ക്കാരും കൈകാര്യം ചെയ്യാന്‍ പോകുന്നത്? അല്ലെങ്കില്‍ എന്തിനാണ് ഇവരെ മാത്രമായി തോല്‍പ്പിക്കുന്നത്?

ഈ ‘പരാജയങ്ങള്‍’ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ എന്തു പിഴവിന്റെ പേരിലാണ് ഈ കുട്ടികള്‍ യോഗ്യതയുടെ കടമ്പയ്ക്ക് പിന്നില്‍ കിതച്ചു നിന്നത്? എന്തു സാമൂഹ്യ സാഹചര്യങ്ങളാണ് ഈ കുട്ടികളെ തോല്‍പ്പിച്ചത്? ഏതേതു വിഷയങ്ങളിലാണ് ഈ കുട്ടികള്‍ പതറി നിന്നത്? പരാജയത്തിന്റെ ട്രോമയില്‍ നിന്നും ഈ കുട്ടികളെ കരകയറ്റാന്‍ എന്തു പദ്ധതിയാണുള്ളത്? സേ പരീക്ഷയില്‍ കൂടി കടമ്പ കടക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ? ഈ കുട്ടികളുടെ ഉപരി വിദ്യാഭ്യാസ സാധ്യതകള്‍ ഈ രീതിയില്‍ തടയേണ്ടതുണ്ടോ? യഥാര്‍ത്ഥത്തില്‍ അവര്‍ തോറ്റവരാണോ?

നമുക്കിനി കാണാതെ പോയ കുഞ്ഞാടിന്റെ ഉപമയെ കുറിച്ച് സംസാരിക്കാം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍