UPDATES

ട്രെന്‍ഡിങ്ങ്

ഏത് തരം ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം?

നവോത്ഥാനം പ്രസംഗിക്കുകയും സ്ത്രീ സുരക്ഷയ്ക്കായി വനിതാ മതില്‍ സൃഷ്ടിക്കുകയും ചെയ്ത ഇടതു മുന്നണിയുടെ നായകന്‍ തന്നെ ഇത്തരമൊരു പ്രസ്താവനയുമായി വന്നു എന്നതാണ് ഇതിലെ ദുരന്തം.

തിരഞ്ഞെടുപ്പ് ചൂട് പിടിച്ചു കഴിഞ്ഞാല്‍ ചെയ്യുന്നതും പറയുന്നതും എന്തെന്ന് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്ക് അറിയാതെ വരും. അവര്‍ വായില്‍ തോന്നിയത് വിളിച്ച് പറയും. സ്ത്രീകളെ അപമാനിക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തും. എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കും. സമൂഹത്തില്‍ ധീരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരില്‍ വന്ദ്യ വയോധികരായ നേതാക്കള്‍ മുതല്‍ രാഹുല്‍ ബ്രിഗേഡില്‍ അംഗമായ യുവതുര്‍ക്കി വരെയുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഈ കാര്യത്തില്‍ അത്ര മോശക്കാരനല്ല.

എന്തായാലും ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടതു ജനാധിപത്യ മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ രാഷ്ട്രീയ-നിയമ കുരുക്കിലായിരിക്കുകയാണ്. ‘നോമിനേഷന്‍ കൊടുക്കാന്‍ പോയ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. കുഞ്ഞാലിക്കുട്ടിയെ കണ്ട ആ കുട്ടിയുടെ കാര്യം എന്താകും എന്ന് തനിക്കറിയില്ല’ എന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. പൊന്നാനിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് എ വിജയരാഘവന്റെ വിവാദ പരാമര്‍ശങ്ങള്‍.

നവോത്ഥാനം പ്രസംഗിക്കുകയും സ്ത്രീ സുരക്ഷയ്ക്കായി വനിതാ മതില്‍ സൃഷ്ടിക്കുകയും ചെയ്ത ഇടതു മുന്നണിയുടെ നായകന്‍ തന്നെ ഇത്തരമൊരു പ്രസ്താവനയുമായി വന്നു എന്നതാണ് ഇതിലെ ദുരന്തം. സ്വന്തം പാര്‍ട്ടിക്കാരെ പോലും സ്ത്രീ സമത്വത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ബോധവാന്‍മാരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടിക്കണക്കിനു രൂപ ചിലവഴിച്ചു വനിതാ മതില്‍ നടത്തിയതെന്തിനാണ് എന്ന രാഷ്ട്രീയ ആരോപണം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്സ്. എന്തായാലും വിഷയം ഇടതു മുന്നണിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ് എന്നത് നേതാക്കളുടെ ആദ്യ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.

തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് രമ്യ ഹരിദാസ്. ഇടത് മുന്നണി കൺവീനറുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. ആശയ തലത്തിലുള്ള പോരാട്ടമാണ് നടക്കുന്നത് വ്യക്തിഹത്യ നടത്തി അതിന്റെ പേരിൽ വോട്ട് പിടിക്കേണ്ട സാഹചര്യം ഇപ്പോൾ ആലത്തൂരിലില്ല. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ സുരക്ഷ ഉയർത്തിക്കാട്ടിയും, നവോത്ഥാനത്തിന്റെ വനിതാ മതിൽ ഉൾപ്പെടെ നടത്തിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത്തരമൊരു സാഹചര്യം നില നിൽക്കെയാണ് ദലിത് വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ ഇടത് പക്ഷ മുന്നണിയുടെ മുതിർന്ന നേതാവ് നടത്തിയ പരാമർശം തീർത്തും അപലനീയമാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ല. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഇനിയും സ്ത്രീകൾ മുന്നോട്ട് വരാനുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സമീപ കാലത്താണ് എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ അത്യന്തം ഹീനമായ പരമാര്‍ശവുമായാണ് വി ടി ബലറാം രംഗത്തെത്തിയത്. മീര എന്ന വാക്കിനെ ഒരു അശ്ലീല പദവുമായി പരോക്ഷമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബല്‍റാമിന്റെ പരാമര്‍ശം വലിയ വിവാദത്തിന് തന്നെ തിരികൊളുത്തി. എകെജിയെ പീഡോഫൈല്‍ എന്നാക്ഷേപിച്ചതും ഇതേ യുവനേതാവ് തന്നെ.

കാസര്‍ഗോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ നേതാവാണ്. പിണറായി വിജയന്‍ സൂഫിയാ മദ്നിയെ കണ്ടിട്ടാണ് പി ഡി പിയുമായി സഖ്യമുണ്ടാക്കാന്‍ പോയത് എന്നായിരുന്നു ഉണ്ണിത്താന്റെ പഴയ പ്രസംഗം. മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ മുന്‍ കോണ്‍ഗ്രസ്സ് എം എല്‍ എ എം എ വാഹിദും സമാനമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുകയുണ്ടായി.

ഏറ്റവുമൊടുവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് അധിക്ഷേപ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ല’ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.

ഈ നേതാക്കളോടെല്ലാം കൂടി ഇത്രയേ പറയാനുള്ളൂ, ഏത് തരം ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം?

തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളെ മാത്രമല്ല എതിര്‍ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് സ്ഥിരം പ്രവണതയാണ്. സമീപകാല കേരള രാഷ്ട്രീയത്തില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

ഇന്നലെ ദേശാഭിമാനി ദിനപത്രത്തില്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പുമോന്‍’ എന്നു വിശേഷിപ്പിച്ച് എഡിറ്റോറിയല്‍ എഴുതിയത് വലിയ വിവാദമായിരുന്നു. ജാഗ്രത കുറവുണ്ടായി എന്നു ദേശാഭിമാനിയുടെ റെസിഡന്‍റ് എഡിറ്റര്‍ പി എം മനോജ് പരസ്യമായി സമ്മതിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. താന്‍ രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബി എന്നു വിളിച്ച സാഹചര്യത്തെ ന്യായീകരിച്ചുകൊണ്ട് ഇന്നലെ വി എസും രംഗത്തെത്തുകയുണ്ടായി. “മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു.” എന്നാണ് വി എസിന്റെ വിശദീകരണം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്‍ കൊല്ലത്തെ സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പ്രേമചന്ദ്രന്റെ വിജയത്തിനു തന്നെ കാരണമാവുകയും ചെയ്തു എന്ന വിലയിരുത്തുപ്പെടുകയുണ്ടായി. ആലത്തൂര്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി എച്ച് ഡി കോപ്പിയടിച്ചു നേടിയതാണ് എന്നതായിരുന്നു വടക്കഞ്ചേരി എം എല്‍ എ അനില്‍ അക്കരെയുടെ വിവാദ പ്രസ്താവന.

രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം ഈ പ്രസ്താവനകള്‍ ഒന്നും രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നില്ല എന്നതാണ് ദുഃഖകരമായ കാര്യം.

NB: രമ്യ തന്റെ സഹോദരിയാണെന്ന് എ വിജയരാഘവന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍