UPDATES

ട്രെന്‍ഡിങ്ങ്

പ്രഭാവതിയമ്മയിലൂടെ നീതി കിട്ടിയത് രാജന്റെ അച്ഛന്‍ ഈച്ചര വാര്യര്‍ക്കു കൂടിയാണ്

ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ വാചകങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു. കാരണം അതില്‍ ചരിത്രം മുഴങ്ങുന്നുണ്ട്. “അടിയന്തിരാവസ്ഥക്കാലത്ത് മാത്രം കേട്ടിരുന്ന ഉരുട്ടല്‍പോലുള്ള മൃഗീയ മര്‍ദ്ദന മുറകള്‍ നിര്‍ത്തലാക്കേണ്ട സമയമായി.”

ഒരമ്മയുടെ 13 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിവയ്ക്കണം പ്രഭാവതിയമ്മയുടെ പോരാട്ടം. ഇന്നലെ മാധ്യമങ്ങളുടെ മുന്‍പില്‍ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ട് ആ വൃദ്ധ പറഞ്ഞു, “മുകളില്‍ ചെല്ലുമ്പോള്‍ മകനോട് പറയാലോ, നിന്നെ പച്ചയ്ക്ക് തിന്നവരെ ശിക്ഷിച്ചിട്ടാണ് വരുന്നതെ”ന്ന്.

2005 സെപ്തംബര്‍ 27-ന് മറ്റൊരു ജനാധിപത്യ മാമാങ്കത്തിന് തിരശ്ശീല വീണ ദിവസം (തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം) മോഷണ കുറ്റം ആരോപിച്ചാണ് കിളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിടിച്ചുകൊണ്ടുപോയത്. രാത്രി പത്തരയോടെ ആ 28-കാരന്റെ നിശ്ചലമായ ശരീരമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയത്.

ഉദയകുമാറിന്റെ കയ്യില്‍ കണ്ട 4020 രൂപ പിടിച്ചുപറിക്കാന്‍ നടത്തിയ ശ്രമമാണ് നരാധമന്‍മാരായ നിയമപാലകരെക്കൊണ്ട് ഈ പൈശാചികകൃത്യം ചെയ്യിപ്പിച്ചത്. ഇരുമ്പ് ദണ്ഡ് തുടയ്ക്ക് മുകളിലൂടെ ഉരുട്ടി രക്തധമനികള്‍ പൊട്ടിയാണ് ആ യുവാവ് മരിച്ചത്. ഓരോ തവണ ഉരുട്ടുമ്പോഴും, ഇന്ന് പരിഷ്ക്കരിച്ചു ‘ശിശു സൌഹൃദ’മാക്കിയ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്റെ ചുവരുകളില്‍ ‘അമ്മേ’ എന്ന നിലവിളി തട്ടിതകര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച.

ഉദയകുമാറിന് ശേഷം 2010ല്‍ പാലക്കാട് സമ്പത്തും ഏറ്റവും ഒടുവില്‍ ശ്രീജിത്തും കസ്റ്റഡി പീഡനത്തില്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ഇതിനൊക്കെ പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നു. നിയമ വിദഗ്ദ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഘോരഘോരം ചര്‍ച്ചകള്‍ നടത്തി. എന്നിട്ടും പോലീസ് മാറിയോ?

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന അഞ്ചു പോലീസുകാര്‍ കുറ്റക്കാരാണ് എന്ന് സിബിഐ കോടതി വിധി പ്രസിദ്ധീകരിച്ച അതേ പത്രങ്ങളുടെ താളില്‍ മറ്റൊരു വാര്‍ത്തയുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പ് തല നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് ഉന്നതതല സമിതി ഡിജിപിക്ക് ശുപാര്‍ശ നല്‍കി എന്നതാണത്. “വകുപ്പ് തല അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും സസ്പെന്‍ഷനില്‍ ഉള്ളവരുടെ സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനും കോടതി ശിക്ഷിച്ചവരെ പിരിച്ചുവിടാനുമാണ് നിര്‍ദേശം” എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 387 പേര്‍ അതിഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടുള്ളവരാണ്. ഇതില്‍ പെട്ട 59 പേരുടെ പട്ടികയാണ് ക്രൈം ബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി ഡിജിപിക്ക് നല്കിയിരിക്കുന്നത്. ഈ പട്ടികയില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഡി വൈ എസ് പിമാര്‍ വരെ ഉണ്ട്. അതായത് അടി മുതല്‍ മുടിവരെ അര്‍ബുദം ബാധിച്ചിരിക്കുന്നു എന്നര്‍ത്ഥം.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വിധിയും പോലീസിന്റെ ശിക്ഷാ നടപടി തീരുമാനങ്ങളും കേരള പോലീസിനെ ശുദ്ധീകരിക്കുമോ എന്നതാണ് വലിയ ചോദ്യം. അങ്ങനെയെങ്കില്‍ കേരള സമൂഹം ആദ്യം നന്ദി പറയേണ്ടത് പ്രഭാവതിയമ്മയോടും അവരോടൊപ്പം ഉറച്ചു നിന്നവരോടും സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ സത്യസന്ധമായി മൊഴി കൊടുത്തവരോടും പഴുതില്ലാതെ അന്വേഷിച്ച സിബിഐയോടുമാണ്. അതോടൊപ്പം പോലീസിലെ ക്രിമിനലുകളെ പൂട്ടാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് എന്തു നടപടിയാണ് കൈക്കൊള്ളുന്നത് എന്നു നിരന്തരം ചോദിച്ച മനുഷ്യാവകാശ കമ്മീഷനോടും പ്രസ്തുത വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകരോടുമാണ്.

സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചപ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് അഴിമുഖം പ്രതിനിധി സഫിയ, പ്രഭാവതി അമ്മയെ കാണാന്‍ നെടുങ്കാട് മണ്ണടി ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നു. അന്ന് അവര്‍ പറഞ്ഞ വാക്കുകള്‍ ആരുടേയും ഹൃദയം ഉലയ്ക്കുന്നതാണ്:  “പകലൊക്കെ ഞാന്‍ മോനെ കുറിച്ച് ആലോചിക്കും. രാത്രി ഒന്നു മയങ്ങിയാല്‍ സ്വപ്നത്തില്‍ മോന്‍ വരും. സ്വന്തം രൂപത്തില്‍ വരൂലാ, ആള് മാറി വരും. ഞാന്‍ വിഷമിച്ചു കരഞ്ഞാല്‍ മതി അന്നുരാത്രി സ്വപ്നത്തില്‍ വന്നിരിക്കും എന്‍റെ അമ്മ. അമ്മയും ആള് മാറിമാറിയാ വരുന്നത്. മോന്‍ പോയതില്‍ പിന്നെ ഒരു കാക്ക എപ്പോഴും വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന ജഗതിയിലെ വീട്ടിലാണ് ആദ്യം വന്നത്. ഇപ്പോള്‍ ഇവിടെയും വരും. അതിനു ഞാന്‍ ഭക്ഷണം കൊടുക്കും. ബിസ്ക്കറ്റൊക്കെ അതിനു ഭയങ്കര ഇഷ്ടമാണ്. എന്നെ കണ്ടില്ലെങ്കില്‍ പുറത്തുന്നു ശബ്ദം ഉണ്ടാക്കും. അതിന്‍റെ ചെരിഞ്ഞ നോട്ടം കാണുമ്പോള്‍ മോന്‍റെ നോട്ടം പോലെ തോന്നും. ഞാന്‍ അതിനോട് സങ്കടം പറയും. മകന്‍ മരിച്ചെങ്കിലും മകന്‍ എന്‍റെ കൂടെ തന്നെയുണ്ട്.”

ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ വാചകങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു. കാരണം അതില്‍ ചരിത്രം മുഴങ്ങുന്നുണ്ട്. “അടിയന്തിരാവസ്ഥക്കാലത്ത് മാത്രം കേട്ടിരുന്ന ഉരുട്ടല്‍പോലുള്ള മൃഗീയ മര്‍ദ്ദന മുറകള്‍ നിര്‍ത്തലാക്കേണ്ട സമയമായി.”

അതേ പ്രഭാവതി അമ്മയിലൂടെ രാജന്റെ അച്ഛന്‍ ഈച്ചര വാര്യര്‍ക്കും നീതി കിട്ടിയിരിക്കുന്നു.

പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടജീവിതത്തിന് 11 വര്‍ഷം

ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിയ റഷ്യന്‍ സംവിധായകന്‍ സൊകുറോവ് കേരള പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ നിലവിളി കേട്ടിട്ടുണ്ടാകുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍