UPDATES

ട്രെന്‍ഡിങ്ങ്

അഞ്ചുവയസ്സുകാരി ഐലിന്റെ മരണം; വീണ്ടും കൊല്ലുന്ന രാഷ്ട്രീയ വൈതാളികര്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പരിപാടി മൂലമുണ്ടായ തിരക്കില്‍ പെട്ടാണ് കുട്ടി മരണപ്പെട്ടത് എന്നായിരുന്നു വ്യാജ പ്രചരണം

2015ല്‍ മികച്ച സാമൂഹ്യ പ്രസക്ത ചിത്രത്തിനുള്ള അവാര്‍ഡ് വികെ പ്രകാശിന്റെ നിര്‍ണ്ണായകത്തിനായിരുന്നു. നഗരത്തിലെ പ്രകടനം കാരണം ആശുപത്രിയില്‍ സമയത്തിന് എത്തിക്കാന്‍ കഴിയാതെ മരണപ്പെട്ടുപോകുന്ന ഒരു പെണ്‍കുട്ടിയുടെ മുത്തശ്ശന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഏറെ പ്രശംസിക്കപ്പെട്ട ആ സിനിമയുടേത് പോലെ സമാനമായ സംഭവമാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 21) ഗുളിക തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ഐലിന്‍ എന്ന അഞ്ചുവയസ്സുകാരിയുടെ മരിച്ചത് സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതിനാലും.

“ചൊവ്വാഴ്ചയാണ് ചിങ്ങവനം കുഴിമറ്റം നടുവിലേപറമ്പില്‍ റിക്കി-റിന്റു ദമ്പതികളുടെ ഏക മകള്‍ ഐലിന്‍ ഗുളിക തൊണ്ടിയില്‍ കുടുങ്ങി മരിച്ചത്. അന്നേദിവസം വൈകിട്ടായിരുന്നു എസ്ഡിപിഐ ജാഥ. ചിങ്ങവനത്തു നിന്ന് കാറില്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് വരവെ ഇതുമൂലം കോട്ടയത്ത് ഗതാഗതക്കുരുക്കുണ്ടായി. സ്വതവേ തിരക്കേറിയ പുളിമൂട് ജങ്ഷന്‍ ഭാഗം മുതല്‍ കോടിമത വരെയുള്ള പ്രദേശം ജാഥകൂടി എത്തിയതോടെ വീര്‍പ്പുമുട്ടി.” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയപാര്‍ട്ടി നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണമായത് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

യഥാര്‍ത്ഥത്തില്‍ ഐലിന്റെ മരണത്തിന് കാരണക്കാര്‍ ആരാണ്? നഗരം വീര്‍പ്പുമുട്ടിക്കുന്ന രീതിയില്‍ മഹാറാലികള്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ-മത-സാമുദായിക സംഘടനകളാണോ? അതോ അശാസ്ത്രീയമായി നഗരം വികസിപ്പിക്കാന്‍ അനധികൃത അനുമതി നല്‍കുന്ന നഗരാസൂത്രകരോ? അല്ലെങ്കില്‍ ഇത്തരം വന്‍ പ്രകടനങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം വാഹന ഗതാഗതം നിയന്ത്രിക്കേണ്ട ട്രാഫിക് പോലീസ് സംവിധാനമോ?

ഐലിന്റെ മരണത്തില്‍ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു;

“ജനങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും പ്രകടനങ്ങളും അവരെ ബുദ്ധിമുട്ടിച്ചാവരുത്.”- ജോഷി ഫിലിപ്പ്, ഡിസിസി പ്രസിഡന്‍റ്.

“ആംബുലൻസ് അടക്കം ആശുപത്രിയിലേക്കും മറ്റും അടിയന്തര സാഹചര്യത്തിൽ പോകുന്ന വാഹനങ്ങൾക്കു പോകാൻ ഏതെങ്കിലും റോഡ് ഒഴിച്ചിട്ടു വേണം പ്രകടനം”- വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി.

“വഴിയും ഗതാഗതവും തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണു ബിജെപി നയം”- എൻ.ഹരി, ബിജെപി ജില്ലാ പ്രസിഡന്റ്

മുഖ്യ പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാം വളരെ കൃത്യമായ ശരിപക്ഷ നിലപാട് പറയുന്നു. എന്നാല്‍ നിരത്തുകളില്‍ നടക്കുന്നതെന്താണ്? ഇത്തരം അവസരങ്ങളില്‍ ഈ നേതാക്കള്‍ ആര് തന്നെ ഇടപെടുന്നതോ അണികളെ അടക്കി നിര്‍ത്തുന്നതോ കാണാത്തതെന്തേ? ഒരു ദുരന്തമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്നതാണോ ഇവരുടെ പൌരബോധം?

ഒരു കുഞ്ഞിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തിനിടയിലും ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ വൈകൃതത്തിനും ഇന്നലെ സൈബര്‍ ലോകം സാക്ഷിയായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പരിപാടി മൂലമുണ്ടായ തിരക്കില്‍ പെട്ടാണ് കുട്ടി മരണപ്പെട്ടത് എന്നായിരുന്നു പ്രചരണം. സൈബര്‍ സഖാക്കളുടേത് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പ്രചരണത്തിന് ഇടതു അനുകൂലികള്‍ വലിയ പ്രചരണമാണ് നല്‍കിയത്.

അപകടം മണത്ത പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഉടന്‍ ഉണര്‍ന്നെണീറ്റു. പടയൊരുക്കം ജാഥയുമായി ബന്ധപ്പെടുത്തി ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യാജപ്രചരണം അഴിച്ചു വിടുന്നതിനെതിരെ ഡിജിപിക്ക് രമേശ് ചെന്നിത്തല പരാതി നൽകി.

“21 ന് പടയൊരുക്കം ഇടുക്കി ജില്ലയിലാണ് പര്യടനം നടത്തിയിരുന്നത്. കോട്ടയം ജില്ലയിൽ പടയൊരുക്കം എത്തിയത് 22 തീയതിയായിരുന്നു. അതേ സമയം ചില ഓൺലൈൻ മാധ്യമങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകുകയായിരുന്നു.”

മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദുരന്തത്തിനിടയിലും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള മനോനിലയെ കുറിച്ച് എന്തു പറയാന്‍? വിടരും മുന്‍പ് കൊഴിഞ്ഞു പോയ ആ കുഞ്ഞിന്റെ കുടുംബത്തിനുണ്ടായ തീരാനഷ്ടം ആരാണ് നിവര്‍ത്തിക്കൊടുക്കുക? എന്നാണ് ‘രാഷ്ട്രീയ പ്രബുദ്ധത’യുടെ ഈ കുപ്പായം അഴിച്ചുവെച്ചു മനുഷ്യത്വത്തോടെ പെരുമാറാന്‍ നമ്മള്‍ പഠിക്കുക?

പ്രതിപക്ഷനേതാവിനെതിരെ വ്യാജപ്രചരണം: ഡിജിപിക്ക് പരാതി നല്‍കി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍