UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായുടെ നാക്കുപിഴ, വി മുരളീധരന്റെ വലിയ പിഴ

ഇന്നലെ മലയാള മനോരമ ചാനലിന്റെ പ്രൈം ടൈമില്‍ ഷാനിക്ക് മുന്‍പില്‍ വി മുരളീധരന്‍ വെളിപ്പെടുത്തി നാക്കുപിഴ സംഭവിച്ചത് അമിത് ഷായ്ക്കല്ല

മകന്‍ ജയ് ഷായ്ക്കെതിരെ ദി വയര്‍ പുറത്തുകൊണ്ടുവന്ന അനധികൃത വരുമാന വാര്‍ത്തയില്‍ നിന്നും തടി കയ്ച്ചലാക്കാന്‍ കുമ്മനം രാജശേഖരന്റെ കേരള രക്ഷാ യാത്രയില്‍ നിന്നും മുങ്ങിയ അമിത് ഷാ ഇത്തവണത്തെ വരവ് ‘ഗംഭീര’മാക്കി. ഇത് ബിജെപി പ്രവര്‍ത്തകരുടെ അവകാശവാദം മാത്രമല്ല. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും മുഴങ്ങികേള്‍ക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ നല്‍കുന്ന സൂചന അതാണ്. അതുകൊണ്ടായിരിക്കാം അടുത്ത മണ്ഡല കാലത്ത് കാണാം എന്നു ബിജെപി നേതാക്കള്‍ക്ക് വാക്ക് കൊടുത്ത് ഷാ മടങ്ങിയത്.

അമിത് ഷായുടെ ഒന്നാമത്തെ ചടുല നീക്കം 2016ല്‍ ഉമ്മന്‍ ചാണ്ടി പരീക്ഷണ പറക്കല്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പറന്നിറങ്ങി ‘ഉദ്ഘാടനം’ ചെയ്തു എന്നതാണ്. കേരള രാഷ്ട്രീയത്തെ ഇപ്പൊഴും ഒരു കോളേജ് തിരഞ്ഞെടുപ്പിന്റെ ലാഘവത്തില്‍ കാണുന്ന ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കും അനല്‍പ്പമായ ആനന്ദമാണ് അത് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ അവരത് ആഘോഷിക്കുകയും ചെയ്തു. മോദിയെ ‘ഒഴിവാക്കി’ ഉദ്ഘാടനം ചെയ്യുന്നതിന് അമിത് ഷായുടെ ‘പ്രതികാരം’. സംസ്ഥാന സര്‍ക്കാരും സി പി എം അണികളും ഒരു ‘ദ്രാവിഡി’നെ പോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

മൂര്‍ക്കന്‍ പറമ്പില്‍ വിമാനമിറങ്ങിയ ഷാ നേരെ പോയത് കണ്ണൂര്‍ നഗരത്തിലെ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യാനാണ്. തുടര്‍ന്ന് പിണറായി എന്ന കമ്യൂണിസ്റ്റ് കോട്ടയിലേക്കും. 2016ല്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകനായ രമിത്തിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍. എല്ലാം പ്ലാന്‍ ചെയ്തത് പോലെ ഉഷാറായി തന്നെ നടന്നു.

എന്നാല്‍ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വലിയ വിവാദമായിരിക്കുകയാണ്. അതാണ് ആദ്യത്തെ നാക്കുപിഴ.

ഇന്നലെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ “വെറും 1500 പാര്‍ട്ടിക്കാരെയും പോലീസിനെയും വെച്ചു ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകര്‍ക്കാനും ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാനും ബിജെപി മടിക്കില്ല.”

ഇനി മലയാള മനോരമ നോക്കിയാലോ? തലക്കെട്ട് തന്നെ ഇങ്ങനെ “അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിച്ചിടും”

കേരള കൌമുദി- “സര്‍ക്കാരിനെ വലിച്ചു താഴെയിടും- അമിത് ഷാ”

ദേശാഭിമാനി-“സര്‍ക്കാരിനെ താഴെയിടുമെന്ന്”

ഇന്നലെ മലയാള മനോരമ ചാനലിന്റെ പ്രൈം ടൈമില്‍ ഷാനിക്ക് മുന്‍പില്‍ വി മുരളീധരന്‍ വെളിപ്പെടുത്തി, നാക്കുപിഴ സംഭവിച്ചത് അമിത് ഷായ്ക്കല്ല. അമിത് ഷാ വലിച്ചു താഴെയിടുമെന്ന് പറഞ്ഞിട്ടില്ല. താനാണ് അങ്ങനെ പറഞ്ഞത്. വിവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ വരുത്തിയ തെറ്റ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതായത് തെറ്റ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മാധ്യമങ്ങള്‍ക്കാണ്. അവര്‍ക്ക് ഹിന്ദി അറിയില്ല. പൂവര്‍ ഗയ്സ്..!

മാധ്യമങ്ങള്‍ വളച്ചൊടിച്ചോ എന്നു പരിശോധിക്കാന്‍ അമിത് ഷായുടെ പ്രസംഗം ഒന്നുകൂടി കേള്‍പ്പിച്ചപ്പോഴാണ് വി മുരളീധരന്റെ ഈ പൂഴിക്കടകന്‍. (റഫറന്‍സിന് മുരളീധരന്റെ ഘന ഗംഭീരമായ വിവര്‍ത്തനത്തിന്റെ പദാനുപദം-“1500ലധികം ഡിവൈഎഫ്‌ഐക്കാരെ വച്ചുകൊണ്ട് ശബരിമലയിലെ അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താനായിട്ടുള്ള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന്‍ താക്കീത് നല്‍കാനാഗ്രഹിക്കുകയാണ്. ഈ മര്‍ദ്ദന സമീപനവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മടിക്കില്ല എന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്.”)

നേരത്തെ മോദിയുടെ ‘ഗുജറാത്തി ഹിന്ദി’ വിവര്‍ത്തനം ചെയ്തു ദുരന്തമായതിന്റെ പേരില്‍ വേദിയില്‍ നിന്നും തത്സമയം ഒഴിവാക്കപ്പെട്ട അപമാനത്തിന് ഇത്തിരി ആശ്വാസം എന്തായാലും കെ സുരേന്ദ്രന് കിട്ടിയിട്ടുണ്ടാകും. കാര്യം മുരളീധര ഗ്രൂപ്പ് തന്നെയാണെങ്കിലും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇവര്‍ തമ്മിലും കിടമത്സരമുണ്ടാകുമല്ലോ..!

ബിജെപി മുഖപത്രമായ ജന്‍മഭൂമിയിലെ ലേഖകരുടെ ഹിന്ദി ജ്ഞാനം എന്താണെന്നറിയാന്‍ പത്രത്തിന്റെ ഇന്നലത്തെ കണ്ണൂര്‍ എഡിഷനിലേക്ക് പോയി നോക്കിയപ്പോഴാണ് ഷാ പറഞ്ഞത് “പോരാട്ടത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപി മടിക്കില്ല” എന്നാണെന്ന് കണ്ടത്.

വേണമെങ്കില്‍ അമിത് ഷാ പറഞ്ഞതില്‍ തെറ്റില്ല എന്നു ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വാദിക്കാം. ശബരിമല വിഷയത്തില്‍ വിശ്വാസികളെ അടിച്ചമര്‍ത്തിയാല്‍ വലിയ പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെ താഴെ ഇറക്കും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് മുന്നില്‍ വരുന്ന ഏത് കരുവും സമര്‍ത്ഥമായി ഉപയോഗിക്കുകയാണല്ലോ രാഷ്ട്രീയ ചതുരംഗക്കളിയിലെ വിജയത്തിന്റെ ആധാരം. കേരളത്തില്‍ പച്ച തൊടാത്ത ബിജെപിയെ പുഷ്പ്പിപ്പിക്കാന്‍ ഇതുതന്നെ സുവര്‍ണ്ണാവസരം എന്നു അമിത് ഷാ എന്ന ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ‘കുശാഗ്ര’ബുദ്ധിയായ ഒരു നേതാവിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?. കോണ്‍ഗ്രസ്സ്, കമ്യൂണിസ്റ്റ് മുക്ത ഭാരതം കെട്ടിപ്പടുക്കുകയാണല്ലോ അദ്ദേഹത്തിന്റെ അവതാര ലക്ഷ്യം തന്നെ.

പോരാട്ടങ്ങളിലൂടെ പുറത്താക്കുക എന്നുപറഞ്ഞാല്‍ കലാപമുണ്ടാക്കി ഗവര്‍ണ്ണറെ കൊണ്ട് ക്രമസമാധാനം തകര്‍ന്നു എന്നു റിപ്പോര്‍ട്ട് അയപ്പിച്ചു രാഷ്ട്രപതി ഭരണം കൊണ്ടുവരിക എന്നു തന്നെയാണ് മുഴച്ചു നില്‍ക്കുന്ന വ്യാഖ്യാനം. കുറച്ചുകൂടി മിതമായി വ്യാഖ്യാനിച്ചാല്‍ ശബരിമല പോരാട്ടം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ജ്വലിപ്പിച്ചു നിര്‍ത്തി തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ സര്‍ക്കാരിനെ താഴെ ഇറക്കാം എന്നുമാകാം. താഴെ ഇറക്കിയാല്‍ ബിജെപിയാണോ അടുത്ത കേരള സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന ചോദ്യത്തിന് രാമന്‍ നായര്‍മാര്‍ കുടിയൊഴിയുന്ന കോണ്‍ഗ്രസ്സാണ് ഉത്തരം പറയേണ്ടത്.

എന്തു അര്‍ത്ഥമായാലും വി മുരളീധരന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അത് അനര്‍ത്ഥമായി എന്നു പറഞ്ഞാല്‍ മതിയല്ലോ? ഇന്ന് മാതൃഭൂമി അത് ലീഡ് ന്യൂസ് തന്നെയാക്കി മാറ്റി. “ബിജെപി ഒരടി പിന്നോട്ട്” ആണ് പോലും. ഒക്ടോബര്‍ വിപ്ലവത്തിലേക്ക് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ലെനിന്റെ ‘ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട്’ എന്ന കൃതിയുടെ പേരില്‍ നിന്നാണ് ബിജെപിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ട കാഹളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിനെ ദുരന്തമോ പ്രഹസനമോ എന്നു തരാതരം പോലെ വായനക്കാര്‍ വ്യാഖ്യാനിച്ചോളൂ.

ചര്‍ച്ച ചൂടുപിടിക്കുകയും അമിത് ഷായുടെ ‘തടി’ പോരാ കേരള സര്‍ക്കാരിനെ വലിച്ചുതാഴെ ഇടാന്‍ എന്നു പിണറായി മറുപ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്തതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വിശദീകരണവുമായി രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവും എന്നല്ല അമിത് ഷാ ഉദ്ദേശിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. “ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇടപെടലല്ല ഉദ്ദേശിച്ചതെന്നും ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതായാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ഭരണഘടന അനുശാസിക്കൂന്ന വിധത്തിലേ കഴിയൂ,. ആര്‍ട്ടിക്കിള്‍ 356 അനുസരിച്ചു നീങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. കേരളത്തില്‍ നിലവില്‍ അത്തരമൊരു അവസ്ഥയില്ലെന്നും ബിജെപി വിശദീകരിക്കുന്നു.” (മാതൃഭൂമി)

അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്ര ഭാഷാ ജ്ഞാനമില്ലാത്ത മല്ലു മാധ്യമ പ്രവര്‍ത്തകരല്ല. മറിച്ച് മുന്‍ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ എം പിയും ദേശീയ നിര്‍വാഹക സമിതി അംഗവും ഒക്കെ കൂടിയായ വി മുരളീധരന്‍ തന്നെയാണ് എന്നു ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞ കാര്യമാണല്ലോ. അതുകൊണ്ട് ഭാവിയിലും ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വി മുരളീധരന്‍, കെ സുരേന്ദ്രനാദികള്‍ ‘ഗുജറാത്തി ഹിന്ദി’ ഡയലക്ടില്‍ ഒരു റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുക്കുകയും ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാനവ വിഭവശേഷി വകുപ്പിന്റെ ചിലവില്‍ ഒരു ഹിന്ദി ഭാഷ ഓറിയന്റേഷന്‍ കോഴ്സ് നടത്തുകയും ചെയ്താല്‍ നന്നായിരിക്കും. (തമിഴ്നാട്ടുകാരെ പോലെ വലിയ മാതൃഭാഷാ പ്രേമമൊന്നും മലയാളിക്കില്ല. ഹിന്ദി വിരുദ്ധതയും ഇല്ല)

രണ്ടാമത്തെ നാക്ക് പിഴ വെളിച്ചത്തുകൊണ്ടുവന്നത് വെള്ളാപ്പള്ളി നടേശനാണ്. ശബരിമല വിഷയത്തില്‍ എസ് എന്‍ ഡി പിയും ബിജെപിയും ഒന്നാണെന്ന് അമിത് ഷായുടെ പ്രഖ്യാപനം നാക്കുപിഴയാണ് എന്നാണ് വെള്ളാപ്പള്ളിയുടെ ഇന്നലത്തെ പ്രതികരണം.

കഴിഞ്ഞ ദിവസം ശ്രീനാരായണഗുരുദേവ മഹാസമാധി നവതി മണ്ഡല പൂജാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത് ഷാ വെള്ളാപ്പള്ളിയെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും വേദിയില്‍ ഇരുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. ബിജെപിയും ബി ഡി ജെ എസും ഒരുമിച്ച് പ്രവര്‍ത്തിക്കും എന്നു മനസില്‍ കണ്ടുകൊണ്ട് പറഞ്ഞതായിരിക്കണം എന്നാണ് വെള്ളാപ്പള്ളിയുടെ ഊഹം.

എന്തായാലും കേരള പര്യടനം കഴിഞ്ഞു ഡല്‍ഹിയില്‍ എത്തുമ്പോഴേക്കും രണ്ടു ‘നാക്കുപിഴ’കള്‍ അമിത് ഷായ്ക്ക് തലവേദനയായിരിക്കുകയാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ രാഷ്ട്രീയ ശൂന്യതയില്‍ നിന്നു മായാജാലങ്ങള്‍ സൃഷ്ടിക്കുന്നയാളാണ് അമിത് ജി. രാജ്യത്ത് പല സ്റ്റേറ്റുകളിലും അദ്ദേഹത്തിന്റെ മാന്ത്രിക ദണ്ഡയുടെ പ്രയോഗം നമ്മള്‍ കണ്ടു കഴിഞ്ഞു. കര്‍ണ്ണാടകത്തില്‍ മാത്രമാണ് അതൊന്നു പാളിയത്. ഓപ്പറേഷന്‍ കമല കേരളത്തിലും തുടങ്ങിക്കഴിഞ്ഞു എന്നാണ് രാമന്‍ നായരും ഡോ. പ്രമീളയുമൊക്കെ സൂചിപ്പിക്കുന്നത്.

മണ്ഡലകാലത്ത് അമിത് ഷാ ശബരിമലയില്‍ വീണ്ടും എത്തും എന്നാണ് മനോരമയില്‍ സുജിത് നായര്‍ എഴുതുന്നത്. 41 ദിവസത്തെ വ്രതം നോറ്റ് തന്നെയായിരിക്കുമോ എന്തോ?

അമിത് ഷാ: സ്വാമിയേ…
വി മുരളീധരന്‍: ശരണമയ്യപ്പാ.. (കണ്ണൂരില്‍ മുഴങ്ങിയത്)

ഗുജറാത്തി ഹിന്ദി അറിയാവുന്നവര്‍ക്ക് അമിത് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം:

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

കേരളം പിടിക്കാനൊരുങ്ങി വന്നപ്പോഴൊക്കെ അമിത് ഷാ തിരിഞ്ഞോടിയിട്ടുണ്ട്; പക്ഷെ ഇത്തവണയോ?

അമിത് ഷായ്ക്കറിയുമോ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം? നേതാക്കള്‍ ചോദിക്കുന്നു

ശ്രീനാരായണ ഗുരുവിനെയും സ്വാമി ജോൺ ധർമ്മതീർത്ഥയേയും അമിത് ഷായ്ക്ക് മനസിലാകില്ല!

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍