UPDATES

ചെങ്ങന്നൂര്‍ പടിവാതില്‍ക്കല്‍, മാണി വിഷയത്തില്‍ വീണ്ടും നാണംകെട്ട് സിപിഎം

മാണിയെ വെളുപ്പിക്കാന്‍ നോക്കി എന്ന നാണക്കേടിന്റെ ഭാരവും ചുമന്നാണ് സി പി എം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്.

2016നു ശേഷം യു ഡി എഫിന് വീണ്ടും പുത്തനുണര്‍വ്വ് കൈ വന്നിരിക്കുന്നു. അത് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് നല്‍കിയ ഉണര്‍വ്വാണ്. പോരുകോഴികളെ പോലെ അങ്കം വെട്ടിയ കോണ്‍ഗ്രസ്സിനും ജനതാദളിനും തിരഞ്ഞെടുപ്പ് ഫലം വന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ ഒന്നാകാമെങ്കില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഒന്നിച്ചു ഉണ്ടുറങ്ങിയ മാണിക്കൊപ്പം കൂടാനെന്തിത്ര മടി? ഈ ചോദ്യം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉള്ളില്‍ മുഴങ്ങിയപ്പോള്‍ അവര്‍ ഒട്ടും അമാന്തിച്ചില്ല, വെച്ചു പിടിച്ചു പാലായിലേക്ക്.

ആ മുറിവുണക്കല്‍ ദൌത്യ സംഘത്തില്‍ ഉണ്ടായിരുന്നത് ചില്ലറക്കാരായിരുന്നില്ല. മുന്‍ മുഖ്യമന്ത്രിയും മാണിയുടെ അയല്‍ദേശക്കാരനുമായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസ്സന്‍, ലീഗിന്റെ അമരക്കാരന്‍ പികെ കുഞ്ഞാലിക്കുട്ടി.

ഒരുമിച്ചിരിക്കാം എന്ന മാതൃഭൂമി ചിത്രത്തിലെ ചിരിയുടെ പൂരം കെ എം മാണിയെ നിരുപാധികമായി യു ഡി എഫിലേക്ക് കൈപിടിച്ചു കയറ്റുന്നതിന്റെ പ്രത്യക്ഷ തെളിവായി. പ്രേമോദാരരായി മാണിയുടെ പിന്നാലെ കൂടിയ സിപിഎമ്മിന് നാണക്കേടിന്റെ മറ്റൊരു അധ്യായം കൂടി.

“അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് നേതാക്കള്‍ മടങ്ങിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനെ പിന്തുണയ്ക്കണമെന്ന് നേതാക്കള്‍ കെ എം മാണിയോട് അഭ്യര്‍ത്ഥിച്ചു.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ക്ലൈമാക്സിലെ താരം താന്‍ തന്നെയായിരിക്കും എന്നു മാണി നേരത്തെ ഉറപ്പിച്ചിരുന്നു. തീരുമാനം എന്തു തന്നെയായാലും. ആ വഴിയേ തന്നെ കാര്യങ്ങള്‍ നീങ്ങുന്നു എന്നു വേണം പുതിയ സംഭവ വികാസങ്ങളില്‍ നിന്നും മനസിലാക്കാന്‍.

മകന്‍ ജോസ് കെ മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ എം മാണി എല്‍ ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കും എന്നാണ് പൊതുവേ കരുതിയത്. സിപിഎമ്മിന്റെ ശാഠ്യത്തിന് മുന്‍പില്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രകോപന പ്രസ്താവനകളൊന്നും ഇതിനൊരു തടസ്സമാകില്ല എന്നായിരുന്നു പൊതുവേ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്ചുതാനന്ദന്റെ പ്രസ്താവനയോടെ കാര്യങ്ങള്‍ ഏകദേശം തീരുമാനമായി എന്നു കെ എം മാണിക്ക് മനസിലായി.

കെഎം മാണിയുടെ പിന്തുണയില്ലെങ്കിലും എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ ജയിക്കുമെന്നായിരുന്നു വി എസിന്റെ പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവനയെ തള്ളിപ്പറയാന്‍ സി പി എം തയ്യാറാകാതിരുന്നത് മാണിയെ സംബന്ധിച്ചിടത്തോളം എല്‍ ഡി എഫ് പ്രവേശം എന്നത് അടഞ്ഞ വാതിലാണ് എന്ന തോന്നല്‍ ഉണ്ടാക്കി. വി എസ് കേരളത്തില്‍ പല്ല് കൊഴിഞ്ഞ സിംഹമാണെങ്കിലും കേന്ദ്രത്തില്‍ നല്ല പിടിയാണ് മാണിക്കറിയാം. എന്തായാലും കിട്ടിയ അവസരം മുതലാക്കി കയറി കളിച്ച യു ഡി എഫ് സംഘത്തിന് കെ എം മാണിയിലും കേരള കോണ്‍ഗ്രസ്സിലും മാനസികമായ ആധിപത്യം സാധിച്ചു എന്നു വേണം കരുതാന്‍.

ഇന്നത്തെ മലയാള മനോരമയില്‍ സുജിത് നായരുടെ റിപ്പോര്‍ട്ട് പ്രകാരം ‘ഓപ്പറേഷന്‍ കെ എം മാണി’യുടെ സൂത്രധാരന്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ്. മാണിയോട് എല്ലാ കാലത്തും മികച്ച സ്നേഹ സൌഹൃദങ്ങള്‍ പങ്കുവെച്ച നേതാവാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടു തന്നെ മലപ്പുറത്തും വേങ്ങരയിലും ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല മാണിക്ക്.

കെ കരുണാകരനില്‍ നിന്നും കെ എം മാണിക്ക് ചിലത് പഠിക്കാനുണ്ട്

“മാണി യു ഡി എഫ് വിട്ടു പോയപ്പോള്‍ അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ യു ഡി എഫ് നേതാവ് ലീഗ് ജനറല്‍ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണ് പാലയിലേക്ക് പാതായൊരുക്കിയത്.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മാണിയുടെ ഇടതു മോഹം മുളയിലേ തടഞ്ഞത് മറ്റാരുമല്ല. കേരള കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫാണ്. ചെങ്ങന്നൂരില്‍ എന്തു നിലപാട് എടുക്കണം എന്ന കാര്യം എല്ലാ കാലത്തും ചെയ്തതുപോലെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പ്രഖ്യാപിക്കുന്നതിന് പകരം ഉപസമിതി രൂപീകരിച്ചു അതില്‍ തീരുമാനിച്ചാല്‍ മതി എന്ന ജനാധിപത്യ പ്രക്രിയയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത് പി ജെ ജോസഫിന്റെ കര്‍ശന നിലപാട് തന്നെ.

കെ എം മാണിയെ യു ഡി എഫ് നേതാക്കള്‍ കണ്ടു എന്ന വാര്‍ത്തയോട് ഇതൊരു പ്രധാനപ്പെട്ട കാര്യമാണ് എന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്. അതില്‍ പാലായില്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തിന്റെ സൂചന അടങ്ങിയിട്ടുണ്ട് എന്നു വ്യക്തം.

എന്തായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാണിയുടെ പിന്തുണയില്ലെങ്കിലും സി പി എം വിജയിക്കും എന്നു പ്രഖ്യാപിച്ചതോടെ പാതി തുറന്നുവെച്ചഅ ആ വാതില്‍ സിപിഎം അടച്ചു എന്നു വ്യക്തമായി.

പക്ഷേ അപ്പോഴും നാണക്കേട് സിപിഎമ്മിനെ കുത്തിനോവിച്ചുകൊണ്ടിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മാണി സാറിന്റെ എക്കാലത്തെയും ആഗ്രഹമായ മുഖ്യമന്ത്രി പദം ചൂണ്ടയായിട്ടായിരുന്നു സി പി എം കളിക്കാന്‍ ശ്രമിച്ചത്. ശേഷിക്കുന്ന കുറച്ചു മാസങ്ങളിലെ മുഖ്യമന്ത്രി പദത്തിലൂടെ വിജയകരമായ തന്റെ രാഷ്ട്രീയ ജീവിതത്തിനു പര്യവസാനം കുറിക്കാമെന്ന് മണിയും മോഹിച്ചു കാണണം. എന്നാല്‍ ബാര്‍ കോഴ ആരോപണം എല്ലാം തകര്‍ത്തു. സീസറിന്റെ ഭാര്യ പ്രയോഗം മാണിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ‘വിശുദ്ധി’ക്ക് കളങ്കം വരുത്തി. ഈ നാടകങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനുമുള്ള പങ്ക് മാണി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ വെച്ചു കടുത്ത തീരുമാനമെടുക്കുന്നത് ആത്മഹത്യാ പരമായിരിക്കും എന്നു മനസിലാക്കി എല്ലാം ഉള്ളില്‍ അടക്കിപ്പിടിച്ച് കഴിയുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ചിത്രം വ്യക്തമായതോടെ ചരല്‍ക്കുന്ന് യോഗത്തില്‍ വെച്ചു യു ഡി എഫ് വിടാന്‍ മാണി തീരുമാനിക്കുകയും ചെയ്തു.

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

സര്‍ക്കാരിന് മികച്ച ഭൂരിപക്ഷം ഉണ്ടായിട്ടും കാനവും സിപിഐയും പല തരത്തില്‍ ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കാനാണ് വീണ്ടും മാണി എന്ന തുരുപ്പ് ചീട്ടിലേക്ക് സി പി എമ്മിന്റെ അടവ് തന്ത്രം റാകി പറന്നത്. മാണി ബിജെപി പക്ഷത്തേക് പോകുന്നത് തടയുക എന്ന നല്ല ഉദ്ദേശവും അതിനു പിന്നില്‍ ഉണ്ട് എന്നു ന്യായീകരണക്കാര്‍ വ്യാഖ്യാനിച്ചു. ഇതിനിടയില്‍ അഭ്യൂഹങ്ങള്‍ക്ക് ചൂറ്റുപകര്‍ന്ന് സി പി എം സംസ്ഥാന സമ്മേളന വേദിയിലും മാണി എത്തി. കൂട്ടത്തില്‍ ബാര്‍ കോഴയും ബജറ്റ് വില്‍പ്പനയും മറ്റുമായി മാണിയുടെ പേരില്‍ ഉണ്ടായിരുന്ന വിജിലന്‍സ് കേസുകള്‍ ഓരോന്നായി സിപിഎം ഊരിക്കൊടുക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നു. എന്തിനായിരുന്നു നിയമസഭയില്‍ കസേരയും മേശയും കംപ്യൂട്ടറുകളുമൊക്കെ തല്ലി തകര്‍ത്തു കേരളത്തെ രാജ്യത്തിന് മുന്‍പില്‍ നാണം കെടുത്തിയത് എന്ന ചോദ്യത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ സി പി എം നേതാക്കളും അണികളും നിന്നു പരുങ്ങി.

ചെങ്ങന്നൂരില്‍ യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പി ജെ ജോസഫിനെ ഇടതുവശത്തിരുത്തി കെ എം മാണി കോട്ടയത്ത് പ്രഖ്യാപിച്ചതോടെ മാണിയെ വെളുപ്പിക്കാന്‍ നോക്കി എന്ന നാണക്കേടിന്റെ ഭാരവും ചുമന്നാണ് സി പി എം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ചെങ്ങന്നൂരിലെ ‘മ’കള്‍

ജയവും തോല്‍വിയും മാത്രമല്ല, ആര് മൂന്നാം സ്ഥാനത്ത് എന്നതും പ്രശ്നമാണ് ചെങ്ങന്നൂരില്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍