UPDATES

ട്രെന്‍ഡിങ്ങ്

ബി ഡി ജെ എസ് ‘തേപ്പ്’ പാര്‍ട്ടി ആവുമോ? വെള്ളാപ്പള്ളി ‘തേപ്പുകാര’നും?

കുമ്മനം പറഞ്ഞതുപോലെ ഇരു മുന്നണികളും വായും പൊളിച്ച് നോക്കി നില്‍ക്കുകയല്ല മറിച്ച് തിരശ്ശീലയ്ക്ക് പിറകില്‍ നടക്കുന്ന ചര്‍ച്ചകളുടെ സൂചനകള്‍ തന്നെയാണ് നേതാക്കന്‍മാരുടെ പ്രസ്താവനകളുടെ രൂപത്തില്‍ പുറത്തുവരുന്നത്

“എല്ലാവരും വില കുറച്ചുകാണുന്ന ബിഡിജെസിന് സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരം ബിഡിജെഎസ് ഉപയോഗിക്കണം.” പാര്‍ട്ടിയുടെ പിതാവും ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്റെ പിതാവുമായ വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞു. പ്രസ്താവനയുടെ കൂടെ ഒരു ഡിസ്ക്ലെയിമറും ഉണ്ട്. “ഇത് വ്യക്തിപരമായ അഭിപ്രായമാണ്”.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ പുത്രന്‍ പറയുന്നത് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ; “ബിഡിജെഎസ് എന്‍ ഡി എ വിട്ടിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്നുള്ള നിസ്സഹകരണം മാത്രമേ ഉള്ളൂ. കര്‍ണ്ണാടക തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ദേശീയ നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്തും. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.”

അപ്പോള്‍ വെള്ളാപ്പള്ളി ബിഡിജെഎസിന്റെ ആരാണ്? പിതൃത്വമെന്ന ചരിത്രപരമായ ദൌത്യം മാത്രമേ ഉള്ളോ നടേശ ഗുരുവിന്?

എന്തായാലും തുഷാറിന്റെ ഡിപ്ലോമാറ്റിക് ഭവമൊന്നും വെള്ളാപ്പള്ളിയില്‍ കാണാനില്ല. “വേടക്കാക്കി തനിക്കാക്കുന്ന” നിലപാടാണ് ബിഡിജെഎസിനോട് ബിജെപി സ്വീകരിക്കുന്നതെന്നാണ് വെള്ളാപ്പള്ളി പറയുന്നതു.

കവി ഉദ്ദേശിച്ചത് എന്താണാവോ?

ബിഡിജെഎസിനെ മോശമാക്കി അതിലെ പ്രവര്‍ത്തകരെ ബിജെപി വിഴുങ്ങാന്‍ ശ്രമിക്കുന്നു എന്നാണോ? എന്‍ ഡി എ മുന്നണിയിലെ ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിഡിജെഎസിനെ വേടക്കാക്കിയിട്ടു ബിജെപിക്ക് എന്തുഗുണം?

എന്തായാലും ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ എന്‍ ഡി എയിലെ രണ്ടാം കക്ഷിയായ ബി ഡി ജെ എസ് നിസ്സഹകരണ പ്രക്ഷോഭവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദെക്കാര്‍ ഉദ്ഘാടനം ചെയ്ത ഇന്നലത്തെ എന്‍ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും പാര്‍ട്ടി വിട്ടു നിന്നത്.

എന്നാല്‍ ബിഡിജെഎസ് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നാണ് ഇപ്പൊഴും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശ്വസിക്കുന്നത്. “എന്‍ ഡി എ മുന്നണി ശക്തമാണ്. ബിഡിജെഎസിനെ ഇപ്പോള്‍ കിട്ടും എന്നുപറഞ്ഞു എല്‍ ഡി എഫും യു ഡി എഫും വായും പൊളിച്ചിരിക്കുകയാണ്.” കുമ്മനംജി പറഞ്ഞു.

ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലത്തോടെ ബിഡിജെഎസ് –ബിജെപി ബന്ധത്തിന്റെ കാര്യത്തില്‍ തീരുമാനം ആകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കര്‍ണ്ണാടകയില്‍ ബിജെപി വന്‍പരാജയത്തിലേക്ക് പോവുകയാണെങ്കില്‍ ബിഡിജെഎസിന് വാഗ്ദാനം ചെയ്ത ചില കാര്യങ്ങള്‍ എങ്കിലും നടപ്പാകാന്‍ സാധ്യതയുണ്ട്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്ന സംസ്ഥാനം കേരളായിരിക്കും. അത് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നു മാത്രമല്ല ബിഡിജെഎസ് യു ഡി എഫ് മുന്നണിയിലേക്ക് പോകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത് കെ സി വേണുഗോപാലും പി സി വിഷ്ണുനാഥും അടക്കമുള്ള കേരളത്തിലെ യുവതുര്‍ക്കികളാണ് എന്നതും ശ്രദ്ധിയ്ക്കുക. കന്നഡ ഗോദയില്‍ നിന്നും ചില അടവുകളൊക്കെ പഠിച്ചിട്ടായിരിക്കും രാഹുല്‍ ഗാന്ധിയുടെ സൈന്യാധിപന്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നത്.

കുമ്മനം പറഞ്ഞതുപോലെ ഇരു മുന്നണികളും വായും പൊളിച്ച് നോക്കി നില്‍ക്കുകയല്ല മറിച്ച് തിരശ്ശീലയ്ക്ക് പിറകില്‍ നടക്കുന്ന ചര്‍ച്ചകളുടെ സൂചനകള്‍ തന്നെയാണ് നേതാക്കന്‍മാരുടെ പ്രസ്താവനകളുടെ രൂപത്തില്‍ പുറത്തുവരുന്നത്. കൊടിക്കുന്നില്‍ സുരേഷടക്കമുള്ളവരുടെ സ്വാഗത മൊഴികള്‍ ആതാണ് വ്യക്തമാക്കുന്നത്. എന്തായാലും വിജയത്തിനോടടുത്ത ഗുജറാത്ത് മാതൃക, ഹര്‍ദിക് മുതല്‍ ജിഗ്നേഷ് മേവാനി വരെയുള്ള സമുദായ സ്വത്വ വാദ നേതാക്കളെ മുന്നണിയിലും പുറത്തുമായി സഹകരിപ്പിച്ചുകൊണ്ടുള്ള തന്ത്രം, പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍വ്വസന്നദ്ധമാണ്. കര്‍ണ്ണാടകയിലെ ലിംഗായത് പരീക്ഷണവും ഇതിന്‍റെ തുടര്‍ച്ചയാണ്. തങ്ങളില്‍ നിന്നും ബിജെപി അടര്‍ത്തി എടുത്തേക്കാവുന്ന ഹിന്ദു വോട്ടിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം അഖിലേന്ത്യാതലത്തില്‍ തന്നെ അടവ് തന്ത്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്സ്. ബിഡിജെഎസിന്റെ പ്രതീക്ഷയും ആ അടവിലാണ്.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം വെള്ളാപ്പള്ളി മാത്രമല്ല സി കെ ജാനുവും ‘തേപ്പുകാരി’ ആകുമോ എന്നു കാത്തിരുന്ന് കാണാം. ആരാണ് വായും പൊളിച്ച് ഇരിക്കുന്നതെന്നും…

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍