UPDATES

ഇതാ, അതിവിടെയാണ്; ജനാധിപത്യത്തിന്റെ സുന്ദര സുരഭില കാലം!

തന്റെ ഗവണ്‍മെന്‍റിന്റെ ഉദ്യോഗസ്ഥനായ കളക്ടറെ ഭള്ള് വിളിക്കാന്‍ ഏത് ജനാധിപത്യ സ്വര്‍ഗ്ഗത്തിലാണ് സാധിക്കുക?

ജനാധിപത്യം എന്നു പറഞ്ഞാല്‍ ഇങ്ങനെ ആയിരിക്കണം. ഒരു മന്ത്രി തന്റെ സര്‍ക്കാരിനെതിരെ കേസിന് പോകുന്നു, നാല് മന്ത്രിമാര്‍ ക്യാബിനറ്റ് യോഗം ബഹിഷ്കരിക്കുന്നു. എംഎല്‍എ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. ഭരണ പാര്‍ട്ടിയുടെ എം പിയുടെ ഭൂമിയുടെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കുന്നു. സബ് കളക്ടറെ എംഎല്‍എ തെറി വിളിക്കുന്നു. കോടതി മന്ത്രിയോട് കൂട്ടുത്തരവാദിത്തം ഓര്‍മ്മിപ്പിക്കുന്നു…

ഹഹഹ… ബഷീറിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിന്റെ സുന്ദര സുരഭില കാലം…!

റവന്യൂ വകുപ്പിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 21-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം പങ്കെടുക്കുന്ന ഹര്‍ത്താലില്‍ സിപിഐ വിട്ടു നില്‍ക്കും. ഇടതുജനാധിപത്യ മുന്നണിയാണ്.

അതേസമയം “മൂന്നാറിലെയും പരിസരത്തെയും ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത് സിപിഐ ആണെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പറഞ്ഞതായി” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം നടപ്പാക്കാന്‍ തയ്യാറാകാത്ത ദേവികുളം സബ് കളക്ടര്‍ ഐ എ എസ് നേടിയത് കോപ്പിയടിച്ചാണെന്നും എം എല്‍ എ പരിഹസിച്ചു”

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ എക്‌സാമില്‍ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട മലയാളി ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥന്‍ സഫീര്‍ കരിമിന്റെ കാര്യമായിരിക്കും എസ് രാജേന്ദ്രന്‍ സഖാവിന് പെട്ടെന്നു ഓര്‍മ്മ വന്നിട്ടുണ്ടാകും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും?

എന്തായാലും തന്റെ ഗവണ്‍മെന്‍റിന്റെ ഉദ്യോഗസ്ഥനായ കളക്ടറെ ഭള്ള് വിളിക്കാന്‍ ഏത് ജനാധിപത്യ സ്വര്‍ഗ്ഗത്തിലാണ് സാധിക്കുക? നേരത്തെ ദേവികുളത്തിരുന്ന ശ്രീരാം വെങ്കട്ടരാമനെ ഊളംപാറയ്ക്ക് പറഞ്ഞയക്കണമെന്ന് പറഞ്ഞത് രാജേന്ദ്രന്റെ തലതൊട്ടപ്പനായ മന്ത്രി മണി ആശാനല്ലേ..?

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

കഴിഞ്ഞ ദിവസം നീതി തേടി കോടതിയില്‍ എത്തിയ തോമസ് ചാണ്ടിയോട് കോടതി പറഞ്ഞത്, നിങ്ങള്‍ നിങ്ങളുടെ ഗവണ്‍മെന്റിനെ തന്നെയാണ് ആക്രമിക്കുന്നത് എന്നാണ്.

“മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്നാണ് കോടതിയെ സമീപിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുതന്നെ മന്ത്രിയ്ക്ക് അയോഗ്യത കല്‍പ്പിക്കാവുന്ന കാരണമാണ്. കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്നു. കോടതിയെ ഇതിനായി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.” ജനാധിപത്യത്തില്‍ ജൂഡീഷ്യറി എന്ന തൂണ് പ്രവര്‍ത്തിക്കുന്നതിങ്ങനെ.

ഞങ്ങള്‍ എന്നും ദരിദ്ര നാരായണന്മാരായിരുന്നാല്‍ മതിയോ? തോമസ് ചാണ്ടിയുടെ ഒരു പഴയ ചോദ്യം

ഇനി ആലപ്പുഴ കളക്ട്രേറ്റില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശ്രദ്ധിക്കാം ‘അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പോലുമുണ്ടാവില്ലായിരുന്നു. മുമ്പിരുന്ന എല്ലാ കളക്ടര്‍മാരും ചാണ്ടിക്ക് അനുകൂലമോ, അല്ലെങ്കില്‍ പ്രതികൂലമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളാണ് ഇക്കാലമത്രയും തയ്യാറാക്കിയിട്ടുള്ളത്. വിഷയത്തിന്റെ എല്ലാ വശങ്ങളിലേക്കും കടന്നുള്ള, ഇത്രയും ആധികാരികമായ ഒരു റിപ്പോര്‍ട്ട് അവര്‍ സ്വന്തം നിലക്ക്, വ്യക്തിപരമായ താത്പര്യത്തില്‍ ചെയ്തതാണ്. അനുപമയ്ക്ക് മുമ്പുള്ള കളക്ടര്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാതെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കാനിരുന്നത്. അത് അവരുടെ കുഴപ്പമല്ല. ഒരു ഡെപ്യൂട്ടി കളക്ടറെയാണ് അവര്‍ അന്വേഷണത്തിന് നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് കൈമാറുക എന്ന ജോലിയാണ് ഇക്കാലങ്ങളില്‍ പല കളക്ടര്‍മാര്‍ ചെയ്തിരുന്നത്. പക്ഷെ അനുപമ ചാര്‍ജ് ഏറ്റെടുത്ത അന്ന് തന്നെ ചാണ്ടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഫയലുകള്‍ തനിക്ക് നല്‍കാന്‍ അവര്‍ ആവശ്യപ്പെടുകയും തുടര്‍ന്നങ്ങോട്ട് അവര്‍ തന്നെ എല്ലാ സ്ഥലങ്ങളിലും പോയി അന്വേഷണവും പരിശോധനയും നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്രയും കാലം ഇവിടെയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും, റവന്യൂ, കൃഷി, ഇറിഗേഷന്‍ ഏത് വകുപ്പിലുമാവട്ടെ, എല്ലാവരും ചാണ്ടിക്ക് അനുകൂല ഉത്തരവുകള്‍ നല്‍കാനാണ് ശ്രമിച്ചത്. നിലം നികത്താന്‍, മണ്ണെടുക്കാന്‍, അനധികൃത നിര്‍മ്മാണം എല്ലാത്തിനും കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുമതി നല്‍കി. റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കൂടാതെ റോഡ് ടാര്‍ ചെയ്തു കൊടുത്തു. അതെല്ലാം ഒരറ്റത്ത് നില്‍ക്കുകയും തുടരുകയും ചെയ്യുമ്പോഴാണ് ഇതിനെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് അനുപമയുടെ സത്യസന്ധമായ റിപ്പോര്‍ട്ട് വരുന്നത്. ശരിക്കും ഐക്കണോക്ലാസ്റ്റിക് എന്ന് പറയാവുന്ന പ്രവര്‍ത്തനം.’

ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയെ കുറിച്ചുള്ള സാക്ഷ്യം. ജനാധിപത്യത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അനുപമമായ ഉദാഹരണം. നേരത്തെ ശ്രീറാം വെങ്കട്ടരാമനും ഇപ്പോള്‍ വി.ആര്‍ പ്രേം കുമാറും ഒക്കെ അത് തെളിയിക്കുകയും തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അന്ന് ‘നിറപറ’, ഇന്ന് തോമസ് ചാണ്ടി; ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകന്‍ ടിവി പ്രസാദ്, തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ചെയ്തത് ഏകദേശം അറുപതോളം വാര്‍ത്തകള്‍. വിവരാവകാശം വഴി എടുത്തത് ആയിരത്തിലധികം വരുന്ന സര്‍ക്കാര്‍ ഡോക്യുമെന്റുകള്‍. ആദ്യഘട്ടത്തില്‍ എല്ലാ മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ടി വി പ്രസാദ് നടത്തിയ ഫോളോ അപ് സ്റ്റോറികളാണ് മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അടക്കം വെളിച്ചത്ത് കൊണ്ടുവന്നതും തോമസ് ചാണ്ടിക്ക് നില്‍ക്കള്ളിയില്ലാതെ ആയതും. ഇതിനിടയില്‍ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ഓഫീസിന് നേരെ ‘അജ്ഞാത’രുടെ ആക്രമണം ഉണ്ടാവുകയും ചെയ്തു.

നാലാം തൂണായ മാധ്യമങ്ങളും അവരുടെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു.

ടിസിയെ കുടുക്കിയ ടിവികള്‍

അപ്പോ നിയമ നിര്‍മ്മാതാക്കളോ?

തങ്ങളുണ്ടാക്കിയ നിയമങ്ങള്‍ രായ്ക്കുരാമാനം അട്ടിമറിക്കുകയും മുതലാളിമാര്‍ക്ക് ഒത്താശപാടുകയും ചെയ്തു ജനാധിപത്യത്തിന്റെ ഭാരം ജനങ്ങളുടെ നെഞ്ചത്തേക്ക് കയറ്റിവെക്കുന്നു. (സാമാന്യവത്ക്കരണമല്ല).

അതേ, ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ജനാധിപത്യം സുന്ദര സുരഭിലമാണ്..!

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

‘കോപ്പിയടി വീരാ’ ദേവികുളം സബ് കളക്ടറെ…! രാജേന്ദ്രനും സംഘവും പണി തുടങ്ങിക്കഴിഞ്ഞു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍