UPDATES

ട്രെന്‍ഡിങ്ങ്

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്ന യു ഡി എഫിന് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്; ബിജെപിയുടെ ഗതി യു ഡി എഫിനും ഉണ്ടാകും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ കേരളം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ബിജെപി അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ മറുപടി പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശന ‘ഭീഷണി’ ഇല്ലാത്ത സാഹചര്യത്തില്‍, ആചാര ലംഘനങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല എന്നിരിക്കെ വത്സന്‍ തില്ലങ്കേരി മോഡല്‍ സമരം ബിജെപി തുടരേണ്ടതുണ്ടോ?

ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി, സമരം സെക്രട്ടറിയേറ്റ് മുന്‍പിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഡിസംബര്‍ 3-ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനും തീരുമാനിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമരത്തിന്റെ ഒരു ഘട്ടത്തില്‍ തങ്ങളുടെ സമരം യുവതീ പ്രവേശന വിധിക്കെതിരെയല്ല, നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകള്‍ക്കെതിരെ ആണെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തിന് ശബരിമലയില്‍ സമരം ചെയ്യുന്നു? ഞങ്ങള്‍ കമ്യൂണിസ്റ്റുകള്‍ ഇവിടെ സെക്രട്ടറിയേറ്റില്‍ അല്ലേ ഇരിക്കുന്നത് എന്നായി സിപിഎം നേതാക്കള്‍. ധൈര്യമുണ്ടെങ്കില്‍ സെക്രട്ടറിയേറ്റിന് പടിക്കല്‍ വാ എന്നായി വെല്ലുവിളി.

ഇതിനിടയില്‍ ബിജെപി ജനറല്‍ സെക്രട്ടറിയും, ശബരിമലയില്‍ കാര്യങ്ങള്‍ ഗംഭീരമായി കോര്‍ഡിനേറ്റ് ചെയ്ത നേതാവ് എന്നു പിള്ളയുടെ പ്രശംസ പിടിച്ചുപറ്റിയ പോരാളിയുമായ കെ സുരേന്ദ്രനെ കേസുകള്‍ കൊണ്ടുള്ള കത്രിക പൂട്ടിട്ടു പൂട്ടിക്കൊണ്ട്, നിലയ്ക്കല്‍ ഭാഗത്തേക്ക് വരുന്ന ബിജെപി നേതാക്കളുടെ അവസ്ഥ ഇതായിരിക്കുമെന്ന സന്ദേശം പിണറായി നല്കുകയും ചെയ്തു. ആ സന്ദേശം അവഗണിച്ച് എ എന്‍ രാധാകൃഷണന്റെ സര്‍ക്കുലര്‍ പ്രകാരം ശബരിമല പിടിച്ചടക്കാന്‍ എത്തിയ കോട്ടയം പ്രാന്തപ്രദേശത്തെ ബിജെപി പ്രമുഖന്‍ അറസ്റ്റിലാവുകയും ചെയ്തു.

ശബരിമലയിലെ നിയന്ത്രണം പൂര്‍ണ്ണയും നീക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുക, സമരം ചെയ്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരത്തിന്റെ ആവശ്യങ്ങള്‍. എന്തായാലും ആചാര ലംഘനം ഈ സമരത്തിന്റെ ആവശ്യ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഈ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ശ്രീധരന്‍ പിള്ള അടുത്തതായി പറഞ്ഞതാണ് ചരിത്രത്തില്‍ എഴുതിവെക്കേണ്ടത്; “ശബരിമലയിലെ സമരത്തിന് ബിജെപി നേതൃത്വം നല്‍കിയിട്ടില്ല.”

“പകരം ഭക്തര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ചില നേതാക്കള്‍ പോയിരിക്കാം. അവര്‍ തെറ്റായി ഒന്നും ചെയ്തിട്ടുമില്ല” ശ്രീധരന്‍ പിള്ള പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോള്‍ ശബരിമല ഒരു സമസ്യയാണ് എന്നു പ്രസംഗിച്ചത് ആരാണ്? അത് നമ്മള്‍ പൂരിപ്പിക്കണം എന്നു പറഞ്ഞതാരാണ്? നമ്മള്‍ സെറ്റ് ചെയ്ത അജണ്ടയില്‍ അവര്‍ വീണു എന്നു പറഞ്ഞത് ആരാണ്? ഇതൊരു സുവര്‍ണ്ണാവസരം ആണെന്ന് പറഞ്ഞത് ആരാണ്?

സമരം നടത്തിയത് ശബരിമല കര്‍മ്മസമിതിയാണ്. ബിജെപിയുടെ സമരം എപ്പോഴും ശബരിമലയ്ക്ക് പുറത്തായിരുന്നു, ശ്രീധരന്‍ പിള്ള തുടരുന്നു.

അപ്പോള്‍ എ എന്‍ രാധാകൃഷ്ണന്റെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറില്‍ നേതാക്കളെ ശബരിമലയിലേക്ക് ചുമതലപ്പെടുത്തിയതായി കണ്ടല്ലോ? അതിന്റെ ഗുട്ടന്‍സ്…?

എന്തായാലും ബിജെപി സമരം സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് മാറ്റിയതിന്റെ അന്തരാര്‍ത്ഥം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിക്ക് പിടികിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപി സമരം മാറ്റിയത് മുഖ്യമന്ത്രിയുമായുള്ള ധാരണ പ്രകാരം എന്നു അദ്ദേഹം ഇന്നലെ പ്രസ്താവിച്ചത്.

പതിമൂന്നാം നിയമസഭാ സമ്മേളനത്തില്‍ ശബരിമല വിഷയത്തില്‍ അത്യാവശ്യം മെച്ചപ്പെട്ട പ്രകടനമാണ് യു ഡി എഫ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സഭാ സമ്മേളനത്തിന്റെ മൂന്നു ദിവസങ്ങള്‍ ശബരിമലയില്‍ കുരുക്കി കുഴപ്പത്തിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യം മാധ്യമ ശ്രദ്ധയും കിട്ടിക്കഴിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ, അസൌകര്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.

എന്നാല്‍ സഭയില്‍ ബിജെപിയുടെ എക അംഗമായ ഒ രാജഗോപാലിന് പ്രത്യേകിച്ചു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആ പാര്‍ട്ടിക്ക് പോലും വിശ്വാസമില്ല. ഇപ്പോള്‍ കൂട്ടിന് പി സി ജോര്‍ജ്ജിനെ കിട്ടിയിട്ടുണ്ടെങ്കിലും. ആ നഗ്നയാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ബിജെപി തങ്ങളുടെ തന്ത്രത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇതുവരെ വിറകു വെട്ടിയതും വെള്ളം കോരിയതും ഫലമില്ലാതാകുമെന്ന് മനസിലാക്കി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമരമുഖം തുറക്കല്‍.

എന്നാല്‍ ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്ന യുഡിഎഫിനോട് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്; ബിജെപിയുടെ ഗതി യുഡിഎഫിനും ഉണ്ടാകും.

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

49കാരന് 50നു മേല്‍ പ്രായമുള്ള ഭാര്യയുണ്ടായാല്‍ എന്താ കുഴപ്പം? വല്‍സന്‍ തില്ലങ്കേരി പോലീസിനോടാണ്

ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍