UPDATES

കോട്ടയത്തേത് ഒരു ടെസ്റ്റ് ഡോസ്; പാതിരിമാരെ പാട്ടിലാക്കാന്‍ ബിജെപി ഒരുങ്ങിത്തന്നെ

ശ്രീധരന്‍ പിള്ള പ്രസിഡണ്ട് ആയിരുന്ന കാലത്താണ് മൂവാറ്റുപുഴയില്‍ പി സി തോമസ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചത് എന്ന ചരിത്രം ഓര്‍മ്മിച്ചാല്‍ അമിത് ഷാ പിള്ളേച്ചനെ രംഗത്തിറക്കിയത് വെറുതെ ആകില്ല എന്നു തന്നെ കരുതേണ്ടി വരുമോ?

കണ്ണൂരില്‍ വെച്ച് അവന്‍ വരും എന്നു പ്രഖ്യാപിച്ച ശ്രീധരന്‍ പിള്ള പിന്നെ പൊങ്ങിയത് കോട്ടയത്താണ്. മൂന്നു പള്ളി വികാരികളെയും ഒരു ഡീക്കനെയും ബിജെപിയുടെ ഔദ്യോഗിക ഷാള്‍ പുതപ്പിച്ച് പാര്‍ട്ടിയിലേക്ക് ആനയിച്ചുകൊണ്ട്. അച്ചന്‍മാര്‍ കുഞ്ഞാടുകളായ വിവരം സ്വന്തം പേജിലൂടെയും ബിജെപിയുടെ പേജിലൂടെയും മലോകരെ അറിയിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഷാള്‍ മെമ്പര്‍ഷിപ്പ് കിട്ടിയ വികാരി ഫേസ്ബുക്കില്‍ വെളിപ്പെട്ടു. താന്‍ ബിജെപിക്കാരനായിട്ടില്ല, സ്തോത്രം..!

സംഭവം ശ്രീധരന്‍ പിള്ള ഫേസ്ബുക്കില്‍ കുരിച്ചതിങ്ങനെ; “ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുവാൻ തയ്യാറായ പുരോഹിതരടക്കമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്നത്തെ കോട്ടയത്തെ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്.” പുരോഹിതർ ബി ജെ പി ഷാൾ അണിഞ്ഞ് തന്‍റെയൊപ്പം നിൽക്കുന്ന ചിത്രവും പിള്ളേച്ചന്‍ വിശ്വാസ്യതയ്ക്കായി നൽകിയിരുന്നു.

ഫാദർമാരായ ജെ മാത്യു മണവത്ത് മണർകാട്, ഗീവർഗ്ഗീസ് കിഴക്കേടത്ത് മണർകാട്, തോമസ് കുളത്തുംഗൽ എന്നിവരും ഡീക്കന്മാരായ ആൻഡ്രൂസ് മംഗലത്ത് ഇടുക്കി, ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് എന്നിവരുമാണ് അംഗത്വം സ്വീകരിച്ചതായി ബിജെപി അവകാശപ്പെടുന്നത്. ബി ജെ പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വമെടുത്തതെന്ന് ഇവർ പറഞ്ഞതായും ബി ജെ പി അവകാശപ്പെടുന്നു.

എന്നാല്‍ ബിജെപിയുടെ നാടകം പൊളിച്ചുകൊണ്ട് ഫാദര്‍ മാത്യു രംഗത്തെത്തി. ആശംസ അർപ്പിച്ചാലോ നമസ്കരിച്ചാലോ മെമ്പർ ആകില്ല. വെറുതെ അഭ്യൂഹങ്ങൾ പടച്ചുവിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും തന്റെ പ്രവർത്തന രംഗം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണെന്നും അച്ചന്‍ പറഞ്ഞു.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് കേരളത്തിലെത്തി ബിജെപി പ്രവര്‍ത്തകരെ ഉപദേശിച്ചത് ബിജെപിയിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കണം എന്നാണ്. മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരമാണ് കാര്യങ്ങള്‍ എങ്കില്‍ ക്രൈസ്തവ സഭകളെ പാട്ടിലാക്കാനുള്ള അടവ് തന്ത്രങ്ങള്‍ക്ക് ബിജെപി സംസ്ഥാന സമിതി പദ്ധതി തയ്യാറാക്കി കഴിഞ്ഞു എന്നു വേണം കരുതാന്‍. ഒരു അല്‍ഫോണ്‍സ് കണ്ണന്താനമോ ജോര്‍ജ്ജ് കുര്യനോ കൊണ്ട് മാത്രം ബിജെപി പച്ചപിടിക്കില്ല.

“ബിജെപി ഏതെങ്കിലും മതത്തിന്റെ പാര്‍ട്ടിയല്ലെന്നും എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും ബോധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനാണ് നീക്കം.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കോട്ടയത്ത് പാതിരിമാരെ ബിജെപിയില്‍ ചേര്‍ത്തത് പൊളിഞ്ഞുപോയെങ്കിലും ഈ ദിശയില്‍ കൂടുതല്‍ ഷാള്‍ മെമ്പര്‍ഷിപ്പുകള്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ബിജെപി നേതൃത്വം നല്‍കുന്നത്. വേണമെങ്കില്‍ ഫ്രാങ്കോ ബിഷപ്പിനെ പാലാ ജയിലില്‍ പോയി കണ്ട്കൈമുത്തിയാലും തെറ്റില്ല.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. ലോകസഭാ തിരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കുക എന്ന മോഹം പൂവണിയിക്കാം. ശ്രീധരന്‍ പിള്ള പ്രസിഡണ്ട് ആയിരുന്ന കാലത്താണ് മൂവാറ്റുപുഴയില്‍ പി സി തോമസ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചത് എന്ന ചരിത്രം ഓര്‍മ്മിച്ചാല്‍ അമിത് ഷാ പിള്ളേച്ചനെ രംഗത്തിറക്കിയത് വെറുതെ ആകില്ല എന്നു തന്നെ കരുതേണ്ടി വരുമോ?

ശ്രീധരൻ പിള്ളയെ കണ്ടാൽ ബി ജെ പിയിൽ അംഗമാകുമോ? അച്ചന്‍മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന കള്ളവും പൊളിയുന്നു

അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് മോദിജിയുടെ തരംഗമേറ്റ ഇയാളെക്കുറിച്ചാണോ?

പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍