UPDATES

ട്രെന്‍ഡിങ്ങ്

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നേരെ നടക്കുന്നതു മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുന്ന ഗൂഡാലോചനയാണ് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നുണ്ടെങ്കിലും അത് മുന്‍നിര്‍ത്തി വലിയൊരു സമരം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ എത്തിയ പാലക്കാട്ടെ സി പി എം നേതാവ് എം എന്‍ കൃഷ്ണദാസ് ബിജെപി നേതാക്കളെ വെല്ലുവിളിച്ചത് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞതുപോലെ സമരം കമ്യൂണിസ്റ്റുകാര്‍ക്കെതിരാണെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് വരൂ എന്നായിരുന്നു. അതിനു ശേഷം ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഈ കാര്യം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, വളരെ ബോധപൂര്‍വ്വം. കഴിഞ്ഞ തുലാം മാസ പൂജ കാലത്തും ചിത്തിരയാട്ടത്തിനും ഉണ്ടായതുപോലെ യുവതികളുടെ ‘ഭീഷണി’ ശബരിമലയില്‍ കണ്ടെത്താന്‍ കഴിയാതെ ബിജെപിയുടെ നില പരുങ്ങലില്‍ ആയിരിക്കുന്നു എന്ന സൂചനയാണ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ ക്രമസമാധാനത്തിന്റെ ചുമതലക്കാരനായ യതീഷ് ചന്ദ്ര ഐ പി എസ് അപമാനിച്ചു എന്ന പ്രചരണം അഴിച്ചുവിട്ടുകൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയതില്‍ നിന്നും വ്യക്തമാകുന്നത്.

തന്നെ ഒരു താരതമ്യേന ലോവര്‍ റാങ്കിലുള്ള ഒരു ഐ പി എസുകാരന്‍ അപമാനിച്ചു എന്നു പൊന്‍ രാധാകൃഷ്ണന്‍ എവിടേയും പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ മാന്യത മാത്രമല്ല. കേന്ദ്ര മന്ത്രിയായ തന്നോട് ഒരു ജൂനിയര്‍ ഐ പി എസുകാരന്‍ അപമര്യാദയായി പെരുമാറി എന്നത് നാട്ടുകാരറിഞ്ഞാല്‍ ഉള്ള നാണക്കേട് കൂടി ഓര്‍ത്തിട്ടു കൂടിയാകാം.

എന്തായാലും നിരോധനാജ്ഞയിലൂടെയും പോലീസ് വിന്യാസത്തിലൂടെയും ശബരിമലയുടെ നിയന്ത്രണം സംഘ പരിവാര്‍ സംഘടനകളുടെ കയ്യില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്തതോടെ താരതമ്യേന ശാന്തമായി തീര്‍ത്ഥാടനം നടക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കുറവുണ്ടെങ്കിലും മറ്റ് അനിഷ്ടങ്ങളൊന്നും കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്. ആചാര ലംഘനമാരോപിക്കവുന്ന കാര്യങ്ങള്‍ ഒന്നും നടക്കാത്തതുകൊണ്ട് ശശികലയുടെ ശബരിമല കര്‍മ്മസമിതിക്കും ആര്‍ എസ് എസിന്റെ തേങ്ങയേറുകാര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നു വന്നിരിക്കുന്നു. മാത്രമല്ല കെ സുരേന്ദ്രനെ കേസില്‍ കുരുക്കിയതിലൂടെ കുഴപ്പം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശബരിമലയിലേക്ക് വരുന്ന ബിജെപി നേതാക്കളുടെ ഗതി ഇതായിരിക്കും എന്ന സൂചനയാണ് സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. കൂടാതെ നിലയ്ക്കലില്‍ യാതീഷ് ചന്ദ്രയെ പോലുള്ള ‘ഇടിയന്‍’ പോലീസുകാരനെ നിയോഗിച്ചത് സമരങ്ങളെ നേരിടുന്നതില്‍ പ്രത്യേകിച്ചു ദാക്ഷീണ്യമൊന്നും പ്രതീക്ഷിക്കരുത് എന്ന സൂചനയുമുണ്ട്. അതുകൊണ്ടാണ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യതീഷ് ചന്ദ്രയെ അനുകൂലിച്ചുകൊണ്ട് പിണറായി വിജയന്‍ പ്രത്യക്ഷമായി തന്നെ രംഗത്ത് വന്നത്.

എന്തായാലും സമരത്തിന്റെ തന്ത്രം മാറ്റാന്‍ ബിജെപി നിര്‍ബന്ധിതമായിരിക്കുകയാണ് എന്നാണ് നാളെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതില്‍ നിന്നും മനസിലാക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സമരം എന്നു പറയുമ്പോള്‍ ശബരിമലയിലെ ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ട് നില്ക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഇനി ചെയ്യാന്‍ പറ്റില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല എന്നു അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സുപ്രീം കോടതി വ്യക്തമാക്കിയതോടെ പുനഃപരിശോധന ഹര്‍ജികളുടെ കാര്യത്തില്‍ അടക്കം എന്തു സംഭവിക്കും എന്നു യാതൊരു തിട്ടവുമില്ല. സാവകാശ ഹര്‍ജി അടക്കം നല്‍കി ദേവസ്വം ബോര്‍ഡ് തങ്ങളുടെ ഭാഗം ക്ലിയര്‍ ആക്കുകയും ചെയ്തു. എന്നാല്‍ സാവകാശ ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടതില്ല എന്ന നിലപാടിലാണ് സുപ്രീം കോടതി എടുത്തത്.

ബിജെപിക്ക് ആകെ കിട്ടിയ ഒരു കച്ചിത്തുരുമ്പ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശങ്ങളാണ്. എന്നാല്‍ സര്‍ക്കാരിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണത്തോടെ ഹൈക്കോടതിയെ മയപ്പെടുത്തുകയും ചെയ്തു. ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് സ്വീകരിച്ച പോലീസ് നടപടികളെ കുറിച്ച് വ്യക്തത വരുത്താനും സ്ഥാപിത താത്പര്യത്തോടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെ തുറന്നു കാണിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. യുവതീ പ്രവേശനത്തിന് പ്രത്യേകമായി രണ്ടു ദിവസം മാറ്റി വെയ്ക്കാനുള്ള നിര്‍ദേശം വെക്കുകവഴി സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ട് പോയിട്ടില്ല എന്ന തോന്നല്‍ ഉണ്ടാക്കാനും സര്‍ക്കാരിന് സാധിച്ചു.

അതേസമയം നിലപാടുകളില്‍ മലക്കം മറിയുന്ന തരത്തിലുള്ള പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കി എന്നു വേണം കരുതാന്‍. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അടക്കം തിടുക്കപ്പെട്ടതായി എന്നതും ആ സമര രീതി ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നതും പൊതുസമൂഹം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നേരെ നടക്കുന്നതു മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുന്ന ഗൂഡാലോചനയാണ് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നുണ്ടെങ്കിലും അത് മുന്‍നിര്‍ത്തി വലിയൊരു സമരം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. വീണ്ടും ഡിസംബര്‍ 6ലേക്ക് സുരേന്ദ്രന്റെ റിമാന്‍ഡ് നീട്ടിയിട്ടും പൊതുജനം ശ്രദ്ധിക്കുന്ന പ്രതിഷേധം നാട്ടില്‍ ഉയര്‍ന്നിട്ടില്ല.

ഞായറാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ തളച്ചു ജയിലില്‍ അടക്കാനുള്ള നീക്കത്തിനെതിരെയാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മുതല്‍ ചൊവ്വാഴ്ചവരെ ഈ വിഷയത്തില്‍ പ്രതിഷേധം തുടരാനാണ് പാര്‍ട്ടിയുടെ പരിപാടി. യതീഷ് ചന്ദ്രയടക്കമുള്ളവരുടെ ഓഫീസുകളിലേക്ക് മാര്‍ച്ചും ഡിസംബര്‍ 5 മുതല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു അയ്യപ്പ ഭക്ത സദസ്സുമൊക്കെ സംഘടിപ്പിക്കാന്‍ ബിജെപി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.

എന്തായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. ശബരിമലയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ബിജെപിയുടെ സമരത്തെ മറ്റിടങ്ങളിലേക്ക് ചിതറിക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. ഈ പതര്‍ച്ചയില്‍ നിന്നും ബിജെപി ഉയര്‍ത്തെഴുന്നേല്‍ക്കുമോ അതോ ആ പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ വീണ്ടും സജീവമാകുമോ എന്നാണ് ഇനി അറിയേണ്ടത്. പരാതിയുമായി വി മുരളീധര പക്ഷം ഡല്‍ഹിയിലേക്ക് നീങ്ങുന്നു എന്നാണ് രാഷ്ട്രീയ കലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍