UPDATES

ട്രെന്‍ഡിങ്ങ്

മതസ്പര്‍ധ മാത്രമല്ല നടിയെ അപമാനിക്കുന്ന പരാമര്‍ശവും; സെന്‍കുമാര്‍ കുരുക്കില്‍

ബിജെപിയുടെ മനക്കോട്ട പൊളിഞ്ഞോ?

സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ കേസെടുത്തു. സെന്‍കുമാറിന് പണി കൊടുക്കാന്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തന്നെ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നര്‍ത്ഥം. ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ വിവാദ അഭിമുഖ സംഭാഷണം അടങ്ങിയ ടേപ്പ് സമകാലിക മലയാളം വാരിക സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസെടുക്കാന്‍ നിയമോപദേശം നല്‍കുകയായിരുന്നു എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നും ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നുമാണ് സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. കൂടാതെ കേരളത്തില്‍ ലൌ ജിഹാദുണ്ട് എന്നും ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ഇതിന് വിധേയമാകുന്നുണ്ട് എന്നും ബിജെപിയുടെ ഒരു പൊതുപരിപാടിയില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം താന്‍ പറയാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചു വന്നത് എന്നാണ് സെന്‍കുമാറിന്റെ വാദം. ഈ കാര്യം വ്യക്തമാക്കി ലോകനാഥ ബെഹറയ്ക്ക് സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നു. നാലോളം പരാതികളാണ് സെന്‍ കുമാറിന് എതിരെ കിട്ടിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ബെഹറ നേരത്തെ തന്നെ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം അഭിമുഖത്തിന്റെ ഓഡിയോ റിക്കോര്‍ഡില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശവും ഉണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ മറ്റൊരു കേസ് കൂടി എടുക്കാനുള്ള വകുപ്പ് കേരള പോലീസിന് കിട്ടിയിരിക്കുകയാണ്. ഈ കാര്യം സമകാലിക മലയാളം വാരിക പത്രാധിപര്‍ വെളിപ്പെടുത്തിയതായി ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. “അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഫോണ്‍ കോളില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു എന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറയാത്ത കാര്യമായതിനാല്‍ അത് പ്രസിദ്ധീകരിച്ചില്ല”എന്നുമാണ് സമകാലിക മലയാളത്തിന്റെ വിശദീകരണം.

വിരമിച്ച ശേഷം വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടിയെ ആക്രമിച്ച കേസില്‍ എ ഡി ജി പി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നതു എന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ദിലീപ് നിരപരാധിയാണ് എന്നു സെന്‍കുമാര്‍ പറഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ താന്‍ ആര്‍ക്കും ക്ലീന്‍ ചിട്ട് കൊടുത്തില്ല എന്ന പ്രസ്താവനയുമായി സെന്‍കുമാറും രംഗത്ത് എത്തി.

Read More: ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ നിരന്തര പോരാട്ടത്തിലാണ്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ സുപ്രീം കോടതി വരെ പോയ സെന്‍കുമാര്‍ അനുകൂല വിധിയുമായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. അതിനു ശേഷം നേരിട്ടു സര്‍ക്കാരുമായി ഏറ്റുമുട്ടിയില്ലെങ്കിലും സെന്‍ കുമാര്‍ തന്നാല്‍ കഴിയുന്ന വിധവും സര്‍ക്കാര്‍ സെന്‍കുമാര്‍ വിരോധികളെ ഉപയോഗിച്ചും പോലീസ് ഭരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സെന്‍കുമാറിന് പിന്നാലെ എ ഡി ജി പി ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് ചാരപ്പണിക്കാണെന്ന് ആരോപണം ഉയര്‍ന്നു. അത് ശരിവെക്കുന്നതായിരുന്നു വിരമിച്ചതിന് ശേഷം തച്ചങ്കരിക്കെതിരായി സെന്‍കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍.

Read More: സെന്‍കുമാറിന് കാരശ്ശേരിയുടെ മറുപടി: ഇത് കേരളം വര്‍ഗീയവത്കരിക്കാന്‍ നടക്കുന്ന പണികളില്‍ ഏറ്റവും അപകടകരം

സെന്‍കുമാര്‍ കേസ് സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുമ്പോഴാണ് ഇദ്ദേഹം ബിജെപി പാളയത്തിലേക്കുള്ള യാത്രയിലാണ് എന്ന വിവാദ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയത്. അത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും കോണ്‍ഗ്രസ്സ് അടക്കം അതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ പിണറായി പറഞ്ഞ ദിക്കിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന സൂചനയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസത്തെ സംഭവവികാസങ്ങള്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍ എന്നിവര്‍ പരോക്ഷമായും എം ടി രമേശ് പ്രത്യക്ഷത്തിലും സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചു. എം ടി രമേശ് അദ്ദേഹത്തെ വസതിയില്‍ ചെന്നു കാണുക തന്നെ ചെയ്തു. അതേ സമയം രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സെന്‍കുമാര്‍ കേസില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കം എന്തായിരിക്കും എന്നാണ് ഇനി അറിയേണ്ടത്.

Read More: അയാള്‍ സെന്‍കുമാര്‍ ആകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍