UPDATES

ഓഫ് ബീറ്റ്

99-ലെ മഹാപ്രളയം മായ്ച്ചു കളഞ്ഞില്ലേ ഈ ജാതിവെറി? കഴുത്തറ്റം മൂടിക്കിടക്കുന്ന കുട്ടനാട് ചോദിക്കുന്ന വലിയ ചോദ്യം

50 വര്‍ഷം മുന്‍പത്തെ കേരളത്തെ ആവിഷ്കരിക്കുന്ന എസ് ഹരീഷിന്റെ മീശ മതവെറിക്കാരുടെ ഭീഷണിയില്‍ പിന്‍വലിക്കേണ്ടി വന്ന ആധുനിക കേരളത്തില്‍ ജാതിവെറിയുടെ പേക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കും

രണ്ടു കോടിയില്‍ അധികം പേര്‍ അധിവസിക്കുന്ന വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം കേരളത്തിന് എന്ന വാര്‍ത്ത ഇന്നലെ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിലെ ഒന്നാം വാര്‍ത്തയായിരുന്നു. ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്‍റര്‍ നടത്തുന്ന സംസ്ഥാനങ്ങളുടെ റേറ്റിംഗ് വാര്‍ത്ത ഇന്നലെ എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. ഏറ്റവും മികച്ച ഭരണനിർവ്വഹണം നടക്കുന്ന സംസ്ഥാനമായാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗനാണ് ഈ സംഘടനയുടെ ചെയർമാൻ.

ഈ നേട്ടം വാര്‍ത്തയാക്കിയപ്പോള്‍ ഇന്നലെയും ഇന്നും ഒട്ടുമിക്ക മാധ്യമങ്ങളും തമസ്കരിച്ച ഒരു വാര്‍ത്തയെ കുറിച്ചാണ് ഈ കുറിപ്പ്.

ഇന്നലെ ഹിന്ദു ദിനപത്രവും ഇന്ന് അഴിമുഖവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ജാതി വിവേചനത്തിന്റെ വാര്‍ത്ത കേരളം എവിടേക്ക് ‘കുതിക്കുന്നു’ എന്നതിന്റെ അപകട സൂചന തന്നെയാണ് തരുന്നത്. കിഴക്കന്‍ വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുമ്പോഴും ജാതി വെറിയുമായി ചിലര്‍ രംഗത്ത് വന്നു എന്നത് നാം അഹങ്കരിക്കുന്ന നവോത്ഥാന നേട്ടങ്ങള്‍ പതിന്‍മടങ്ങ് വേഗതയില്‍ കൈമോശം വന്നുകൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നു.

അഴിമുഖത്തില്‍ രാകേഷ് സനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ;

“ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ മൂന്നാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആഞ്ഞിലിമൂട് എല്‍പി സ്‌കൂളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങള്‍ക്കൊപ്പം ഇതേ ക്യാമ്പില്‍ താമസ സൗകര്യം കിട്ടിയിരിക്കുന്ന പുലയ സമുദായത്തിലുള്ളവര്‍ക്കൊപ്പം കഴിയാനോ ഭക്ഷണം പങ്കുവയ്ക്കാനോ തയ്യാറായില്ലെന്നും ഇവരുടെ ആവശ്യപ്രകാരം മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയുമാണെന്നാണ് ആഞ്ഞിലിമൂട് എല്‍പി സ്‌കൂള്‍ ക്യാമ്പില്‍ കഴിയുന്ന പുലയ സമുദായാംഗങ്ങള്‍ പറയുന്നത്.” എന്നാല്‍ എതിര്‍ വിഭാഗം അത് നിഷേധിക്കുന്നുണ്ട്.

തങ്ങള്‍ കാലങ്ങളായി നേരിടുന്നതാണ് ഈ വിവേചനം എന്നു പുലയ സമുദായാംഗങ്ങള്‍ പറയുന്നു. “1993-ല്‍ ഇതേ പോലെ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊന്നും സമ്മതമല്ലെന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടായതാണ്. അന്നൊന്നും ഈ വിവരം പുറത്തു വന്നില്ല. ഇപ്പോഴും അവര്‍ പറയുന്നത് ഇപ്പോള്‍ നീയൊക്കെ പ്രശ്‌നം ഉണ്ടാക്കിയാല്‍ അടുത്ത വര്‍ഷം നിന്നെയൊന്നും ക്യാമ്പിലേക്ക് കയറ്റുക പോലുമില്ലെന്നാണ്. മലങ്കര കാതോലിക്ക സഭയുടെ മാനേജ്‌മെന്റ് സ്‌കൂളാണിത്.”

രാകേഷിന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം: “കണ്ട പുലയര്‍ക്കൊപ്പമൊന്നും വച്ചുവിളമ്പാന്‍ പറ്റില്ല”; ദുരിതാശ്വാസ ക്യാമ്പിലും നിറയുന്ന ജാതിവെറിയുടെ കേരളം

‘99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയത്തിന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നാണ് ഇതെന്നാണ് പഴമക്കാര്‍ പറയുന്നത്. ജാതി ഭേദമില്ലാതെ ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട ആ വെള്ളപ്പൊക്കത്തില്‍ അതിരുകള്‍ പലതും മാഞ്ഞുപോയി. ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായി. ജാതി കൊടിക്കുത്തി വാണിരുന്ന കാലത്താണ് ഈ പ്രകൃതി ദുരന്തം ഉണ്ടായതെന്നും ഓര്‍ക്കണം.

പള്ളിപ്പാട് പഞ്ചായത്തില്‍ നിന്നും കേള്‍ക്കുന്ന ജാതിവെറിയുടെ വാര്‍ത്തകള്‍ 94 വര്‍ഷങ്ങള്‍ക്കിപ്പുറം കേരള സമൂഹത്തില്‍ എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന വലിയ ചോദ്യമാണ്. കഴുത്തറ്റം മൂടിക്കിടക്കുന്ന കുട്ടനാട് ചോദിക്കുന്ന ചോദ്യം ഇതും കൂടിയാണ്.

ആള്‍ കേരള പുലയര്‍ മഹാസഭ ഈ മുഖ്യമന്ത്രി പിണറായി വിജയന് തങ്ങള്‍ നേരിട്ട ജാതി വിവേചനം ചൂണ്ടിക്കാണിച്ചു പരാതി കൊടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ഹരിപ്പാട് പോലീസ് എസ് സി, എസ് ടി അതിക്രമ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെപ്യൂട്ടി എസ് പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. പ്രസ്തുത സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് കാര്‍ത്തികപ്പള്ളി താഹസില്‍ദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ വായിക്കാം ഒരിക്കല്‍ കൂടി. (അക്ഷര വിരോധികളായ മതസംഘങ്ങള്‍ ഇവയൊക്കെ ചുട്ടു ചാമ്പലാക്കുന്നതിന് മുന്‍പ്)

“ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്‍ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റി. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതില്‍ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാല്‍ അവയെല്ലാം ആണുങ്ങള്‍ കൊണ്ടുപോകയും ചെയ്യും. ഇപ്പോള്‍ തട്ടിന്റെയും പരണിന്റെയും മുകളില്‍ മുട്ടറ്റം വെള്ളമുണ്ട്. മേല്‍ക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നന്‍ വിളിച്ചു. ആരു വിളികേള്‍ക്കും? അടുത്താരുണ്ട്? ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികള്‍ അവനെ ആശ്രയിച്ചിട്ടുമുണ്ട്. പുരയ്ക്കു മുകളില്‍ക്കൂടി വെള്ളം ഒഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവന്‍ തീര്‍ച്ചപ്പെടുത്തി.”

50 വര്‍ഷം മുന്‍പത്തെ കേരളത്തെ ആവിഷ്കരിക്കുന്ന എസ് ഹരീഷിന്റെ മീശ, മതവെറിക്കാരുടെ ഭീഷണിയില്‍ പിന്‍വലിക്കേണ്ടി വന്ന ആധുനിക കേരളത്തില്‍ ജാതി വെറിയുടെ പേക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കും. കഴുത്തറ്റം വെള്ളത്തില്‍ മൂടിയാലും…

“കണ്ട പുലയര്‍ക്കൊപ്പമൊന്നും വച്ചുവിളമ്പാന്‍ പറ്റില്ല”; ദുരിതാശ്വാസ ക്യാമ്പിലും നിറയുന്ന ജാതിവെറിയുടെ കേരളം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍