UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ഫണ്ട് ഒഴുക്കുകയാണ്; പിണറായിക്ക് മുതലാളിമാരുണ്ട്; തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വേറെ വഴി നോക്കണമെന്ന് മുല്ലപ്പള്ളി

ശശി തരൂര്‍ എം പി കേന്ദ്ര നേതൃത്വത്തോട് നിര്‍ദ്ദേശിച്ച ക്രൌഡ് ഫണ്ടിംഗ് പരിപാടിയാണ് ഗുണം ചെയ്യും; സാലറി ചാലഞ്ച് പോലെ കെപിസിസി ഖജനാവ് ചലഞ്ച്

കേരള പ്രദേശ് കോണ്‍ഗ്രസ്സിന്റെ പുതിയ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു നഗ്നസത്യം വെളിപ്പെടുത്തി. സംസ്ഥാന കോണ്‍ഗ്രസിന്റെ ഖജനാവ് കാലിയാണ്. വരാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ തക്ക നടവരവ് കോണ്‍ഗ്രസ്സിനില്ല. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഈ കാര്യം വെളിപ്പെടുത്തിയത്.

“പണമാണ് പ്രധാന പ്രശ്നം. ബിജെപി ഫണ്ട് ഒഴുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് മുതലാളിമാരുമായുള്ള സൌഹൃദത്തിന്റെ ഫലമായി സിപിഎമ്മിനും പണത്തിന് മുട്ടില്ല. ഞങ്ങള്‍ക്ക് വീടുവീടാന്തരം കയറിയിറങ്ങുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ അത് മതിയാവുമെന്ന് തോന്നുന്നില്ല,” മുല്ലപ്പള്ളി പറഞ്ഞു.

താത്ക്കാലികനായിരുന്ന എം.എം ഹസ്സന് പ്രത്യേകിച്ച് ഈ കാര്യത്തില്‍ ഒന്നും സാധിച്ചില്ല എന്ന പരോക്ഷ വിമര്‍ശനം ഈ ദാരിദ്ര്യംപറച്ചിലില്‍ ഉണ്ട്. മുന്‍ അധ്യക്ഷന്‍ വി.എം സുധീരന് കണ്ടം വഴി ഒടേണ്ടി വന്നതും ധനാഗമന പ്രശ്നത്തിലാണ് എന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അന്ന് പ്രശ്നക്കാരന്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു. മൂപ്പരാണല്ലോ കോണ്‍ഗ്രസ്സിലെ അനൌദ്യോഗിക ഫണ്ട് മാനേജര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ആസ്മാദികളില്‍ ചിലര്‍ക്ക് ടിക്കറ്റ് നിഷേധിക്കുന്നതിന് ചുക്കാന്‍ പിടിച്ച വി.എം സുധീരനെ ഗാന്ധിയന്‍ സമര മാര്‍ഗ്ഗത്തിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടി നേരിട്ടത്; നിസ്സഹകരണം. ആ മാസങ്ങളില്‍ കെപിസിസി ഓഫീസിന്റെ നാലയലത്ത് കണ്ടില്ല കുഞ്ഞൂഞ്ഞിനെ. കൂടാതെ ഫണ്ട് വരുന്ന ചില പൈപ്പുകള്‍ അടച്ചു എന്നും പറഞ്ഞു കേട്ടു. അങ്ങനെ നിത്യവൃത്തിക്ക് വകയില്ലാത്ത പഴയ തറവാടുപോലെയായി സംസ്ഥാന കോണ്‍ഗ്രസ് ഓഫീസിലെ അവസ്ഥ. ഈ അടുത്തകാലത്ത് കെ.എം മാണിക്ക് രാജ്യസഭ സീറ്റ് കൊടുത്തു തിരിച്ചാനയിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാധ്യമ സമ്മേളനത്തില്‍, ഉമ്മന്‍ ചാണ്ടി & കോ. തന്നെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നു എന്നും വി.എം ആരോപിച്ചിരുന്നു.

എന്തായാലും മുല്ലപ്പള്ളിക്ക് ഉമ്മന്‍ ചാണ്ടിയുടെ ശല്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ചാണ്ടിച്ചായന്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആന്ധ്ര ചുമതലയുമായി നല്ല തിരക്കിലാണ്. മാത്രമല്ല മൂപ്പരുടെ വലംകൈയായ ബെന്നി ബെഹനാനാണ് യുഡിഎഫ് കണ്‍വീനര്‍. എം.ഐ ഷാനവാസ് ഒരു വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളും. മുല്ലപ്പള്ളി രാഹുലിന്റെ ആശീര്‍വാദത്തോടെയാണ് വന്നത് എന്നതും ഗ്രൂപ്പ് യുദ്ധം ഒരു കാരണവശാലും അനുവദിക്കേണ്ടതില്ല എന്ന നിര്‍ദേശവും നിലവിലുള്ള സമാധാനാന്തരീക്ഷം തുടരാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധനാക്കും. (ചാരക്കേസില്‍ തന്നെ ലക്ഷ്യമിട്ട് ചില വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ മൌനം പാലിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.)

മുല്ലപ്പള്ളിയുടെ ആദര്‍ശ കുപ്പായം വെച്ചു പണം എത്രത്തോളം സമാഹരിക്കാന്‍ പറ്റും എന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ ഇല്ലാതില്ല. പുതിയ പ്രസിഡണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ഒരു കേരള യാത്ര നടത്തിയാല്‍ കിട്ടാവുന്ന പണത്തിന് ഒരു പരിധിയുണ്ട്. കൂടാതെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്തരമൊരു പണപ്പിരിവ് ജാഥ നടത്തിയാല്‍ വിവാദമാകാനുള്ള സാധ്യത കൂടുതലാണ്.

പിന്നെയുള്ള സാധ്യത ശശി തരൂര്‍ എം.പി കേന്ദ്ര നേതൃത്വത്തോട് നിര്‍ദ്ദേശിച്ച ക്രൌഡ് ഫണ്ടിംഗ് പരിപാടിയാണ്. സാലറി ചാലഞ്ച് പോലെ കെപിസിസി ഖജനാവ് ചലഞ്ച്. എല്ലാ പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുകൂല പൊതുസമൂഹത്തോടും അഭ്യര്‍ത്ഥിക്കുക; കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍.

ഇതിനിടയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 1000 വീട് നിര്‍മ്മിച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു; അതും നടപ്പിലാക്കണം. നവമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ സജീവമായതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസത്തിന് വലിയ വില നാല്‍കേണ്ടിവരും.

എന്തായാലും ഇന്ന് മൂന്നു മണിയോടെ മുല്ലപ്പള്ളി പ്രസിഡണ്ടായി ചുമതല ഏല്‍ക്കുകയാണ്. സിപിഎം തന്നെയാണ് തങ്ങളുടെ മുഖ്യശത്രു എന്നു മുല്ലപ്പള്ളി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയെ പ്രാന്തവത്ക്കരിച്ച് ദേശീയ രാഷ്ട്രീയം മാറ്റി വെച്ച് സ്വയരക്ഷ രാഷ്ട്രീയം തന്നെയാണ് മുല്ലപ്പള്ളി ഉയര്‍ത്തിപ്പിടിക്കുക എന്ന കാര്യത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ സിപിഎമ്മിനും അത് ഗുണം ചെയ്യും. തങ്ങളുടെ ദേശീയ നേതൃത്വത്തിന്റെ കോണ്‍ഗ്രസ് പ്രണയത്തിനു തടയിടാന്‍ ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ എടുത്തു പ്രയോഗിച്ചാല്‍ മതിയല്ലോ!

ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടാകുമെന്ന് കരുതാം. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

കോണ്‍ഗ്രസ്സ് രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍; മുല്ലപ്പള്ളിയുടെ ചരിത്രഭാരം

സിപിഎമ്മിനെ വിറപ്പിച്ച് തുടര്‍ച്ചയായി 5 തവണ കണ്ണൂരില്‍ നിന്നും എം.പി; രാഹുലിന്റെ മുല്ലപ്പള്ളി പരീക്ഷണം വിജയിക്കുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍