UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍

കഴിഞ്ഞ 20 വര്‍ഷമായി സംഘടനാപരമായി തകര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആയിരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെട്ടതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനമാണ് ഇന്നത്തേത്. ഒഖി കാരണം ഡിസംബര്‍ ഒന്നില്‍ നിന്നും മാറ്റി വെക്കപ്പെട്ട പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായേക്കാവുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് കൂടിയാണ് ഇന്ന്. 

ഗുജറാത്തില്‍ നിന്നുള്ള കണക്കുകള്‍ കോണ്‍ഗ്രസിന് സന്തോഷം പകരുന്നതാണ്. മോദിയുടെ സാമ്രാജ്യം പിടിച്ചടക്കും എന്ന അവകാശവാദം ഒന്നുമില്ലെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സംഘടനാപരമായി തകര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആയിരിക്കും.

ആവേശമാകാന്‍ രാഹുല്‍ എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷനായുള്ള രാഹുലിന്റെ വരവ് കേരളത്തിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും വലിയ ഗ്രൂപ്പ് അസുഖമില്ലാത്ത യുവാക്കളില്‍.

കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളും സോളാര്‍ കേസും ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ വലിയ പ്രതിരോധത്തിലാക്കിയതും ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇല്ല എന്നുള്ളതും കേരളത്തിലെ കോണ്‍ഗ്രസ്സിലെ അധികാര സമവാക്യങ്ങള്‍ മാറ്റി മറിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവേ വിലയിരുത്തുന്നത്. അത് പടനായകന്‍ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി വരുമോ അതോ മറ്റാരെങ്കിലുമൊക്കെ കടന്നു വരുമോ എന്നാണ് അറിയേണ്ടത്.

എന്തായാലും അധ്യക്ഷനായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ കേരള പരിപാടി തന്നെ രമേശ് ചെന്നിത്തലയുടേതായത് അദ്ദേഹത്തിന് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ചെറിയ മുന്‍തൂക്കം നല്‍കും എന്നു തന്നെ കരുതാം. പക്ഷേ അത് നിലനിര്‍ത്താനുള്ള രാഷ്ട്രീയ സംഘാടന ശേഷി ചെന്നിത്തലയ്ക്കുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

ഇന്ന് രാവിലെ 11.30നു തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഒഖി ദുരിത ബാധിത മേഖലയായ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്യും. ദുരന്ത സമയത്ത് കോണ്‍ഗ്രസ്സ് കൈകൊണ്ട, സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന പ്രചാരണം പൊതുസമൂഹത്തില്‍ അനിഷ്ടം ഉണ്ടാക്കി എന്ന തോന്നല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ എന്താണ് കടലോര ജനതയുടെ മുന്‍പില്‍ പറയുക എന്നതും പ്രധാനമാണ്.

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് അധ്യക്ഷനുണ്ടാവില്ലെന്ന് കോടിയേരി

കഴിഞ്ഞ ദിവസം ലത്തീന്‍ കാതോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ ഉയര്‍ന്ന ആവശ്യം ഒഖി ദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക എന്നുള്ളതാണ്. നൂറിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് ഇപ്പോള്‍ കിട്ടുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ കേന്ദ്രം ഇപ്പൊഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. തമിഴ് നാട്ടില്‍ സംഭവിച്ച മരണങ്ങളും നാശവും കണക്ക് കൂട്ടിയാല്‍ സംഭവിച്ചത് വന്‍ദുരന്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് സംഭവിച്ച പാകപ്പിഴകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവര്‍ക്കും 20 ലക്ഷം നല്‍കും എന്നതാണ് പുതിയ തീരുമാനം. ജോലിക്കു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പരുക്കേറ്റവര്‍ക്ക് 5 ലക്ഷം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

എന്തായാലും ഒഖിയും ഗുജറാത്തും രാഹുല്‍ ഗാന്ധിയുമൊക്കെ ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമോ എന്നു കാത്തിരുന്ന് കാണാം.

‘പ്രവാസി പ്രാഞ്ചിമാരുടെ കമ്പനിയിലെ അലവലാതി മക്കളെപ്പോലെയല്ല രാഹുല്‍’; കോടിയേരിക്ക്‌ വിടി ബല്‍റാമിന്റെ മറുപടി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍