UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയയുടെ പിതാവും രാഹുല്‍ ഈശ്വറും പിന്നെ വനിതാ മതില്‍ കര്‍സേവകന്‍ സുഗതനും; ഇവര്‍ തമ്മിലുള്ള ആ അന്തര്‍ധാര അത്രമേല്‍ ശക്തമാണ്

“ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. ” കെ എം അശോകന്‍

ഹാദിയ വിഷയം കത്തിനില്‍ക്കുന്ന സമയത്ത് റിപ്പബ്ലിക്ക് ടിവിയുടെ അര്‍ണബ് ഡിബേറ്റില്‍ പാനലില്‍ ഇരിക്കുന്ന രാഹുല്‍ ഈശ്വറിനോട് അര്‍ണബ് ഗോസാമി ഇങ്ങനെ ചോദിച്ചു. ഹാദിയയുടെ വീട്ടില്‍ പോയ രാഹുല്‍ ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നു പറയാന്‍ കാരണമെന്താണ്? അതിനുള്ള തെളിവെന്താണ്? എങ്ങനെയാണ് ഇത് ലവ് ജിഹാദാകുന്നത്? അതിനു രാഹുല്‍ ഈശ്വര്‍ പറയുന്ന പ്രാധാന മറുപടി ഇതാണ്,“ആ അമ്മയുടെ കണ്ണീര്‍ തന്നെയാണ് എന്റെ വാദം”.

റിപ്പബ്ലിക് ടിവിയുടെ ലവ് ജിഹാദ് അര്‍ണബ് ഡിബേറ്റിന് വേണ്ടി രാഹുല്‍ ഈശ്വര്‍ നടത്തിയ അന്വേഷണാത്മക വേഷ പ്രച്ഛന്ന ജേര്‍ണലിസമാണോ ഈ ഭവന സന്ദര്‍ശനം? എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുകയും വിഷയം വിവാദമാവുകയും ചെയ്തപ്പോള്‍ ഹാദിയയുടെ അച്ഛന്‍ കെ എം അശോകന്‍ പോലീസില്‍ പരാതിപ്പെട്ടു. വീട്ടില്‍ അനുവാദമില്ലാതെ പ്രവേശിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നുമായിരുന്നു പരാതി.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസമായി ഹാദിയ സ്വന്തം വീട്ടില്‍ കനത്ത പോലീസ് സുരക്ഷയില്‍ കഴിയുമ്പോഴാണ് 2017 ആഗസ്ത് മാസത്തില്‍ രാഹുലിന്റെ സന്ദര്‍ശനം. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി വിധിയുണ്ടായിരുന്നു. ഇതെല്ലാം രാഹുല്‍ ഈശ്വര്‍ ലംഘിച്ചെന്നാണ് അശോകന്റെ പരാതിയില്‍ പറയുന്നത്. ഹാദിയയുടെ വീട്ടിലെത്തിയ രാഹുല്‍ അശോകനോടും ഹാദിയയുടെ അമ്മ പൊന്നമ്മയോടും സംസാരിച്ചിരുന്നു. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ലവ് ജിഹാദ് ടേപ്‌സ് എന്ന പേരിലുള്ള വീഡിയോയും രാഹുല്‍ യൂടൂബില്‍ പോസ്റ്റ് ചെയ്തു. കൂടാതെ ഹാദിയ അമ്മയെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും രാഹുല്‍ ആരോപിക്കുകയുണ്ടായി.

ഇന്നത്തെ മലയാള മനോരമയില്‍ അശോകന്‍ ബിജെപിയില്‍ അംഗത്വം എടുത്തു എന്ന വാര്‍ത്തയും രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയും തൊട്ടടുത്ത് മുകളിലും താഴെയുമായി പ്ലേസ് ചെയ്യപ്പെട്ടത് അതുകൊണ്ടു തന്നെ അത്ര യാദൃശ്ചികമാണെന്ന് പറയാന്‍ പറ്റില്ല.

രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ പോയത് അര്‍ണബിന് വേണ്ടി നടത്തിയ ‘ഓപ്പറേഷനോ’?

തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നുമാണ് ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് അശോകന്‍ പറഞ്ഞത്. “ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു. ഹാദിയ എല്ലാ ദിവസവും വിളിക്കാറുണ്ടെന്നും ബിജെപിയിൽ ചേർന്ന കാര്യം മകളോട് ചർച്ച ചെയ്തിട്ടില്ലെന്നും അശോകൻ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഭവന സന്ദര്‍ശന പരിപാടിക്കിടെ അംഗത്വം എടുക്കാനുള്ള ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാണ് അംഗത്വം എടുത്തത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ടിവി പുരത്ത് ബിജെപി നടത്തിയ ശബരിമല സംരക്ഷണ സദസ്സില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അശോകനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. സി പി ഐ അനുഭാവിയായിരുന്ന അശോകന്‍ വിമുക്ത ഭടന്‍ കൂടിയാണ്.

ഇനി ഇന്നലെ രാഹുല്‍ ഈശ്വറിന് എന്താണ് സംഭവിച്ചത് എന്നു നോക്കാം;

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന ആക്രമണ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ ഇന്നലെ അറസ്റ്റിലായത്. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പമ്പ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതുവരെയും കര്‍ണാടകയിലെ ശബരിമല എന്നറിയപ്പെടുന്ന ബംഗളൂരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ ഭജനമിരിക്കുമെന്നാണ് രാഹുല്‍ അറിയിച്ചിരുന്നത്. എന്നാല്‍ അഖില ഭാരത ഹിന്ദു മഹാസഭ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പാലക്കാട് ആരംഭിച്ച വിശ്രമ, അന്നദാന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ പാലക്കാട് എത്തുകയായിരുന്നു.

ഈ കുറിപ്പില്‍ ഒരാളെ കുറിച്ചു കൂടി പറയാതിരിക്കാന്‍ ആവില്ല. അത് ഹിന്ദു പാര്‍ലമെന്‍റ് നേതാവും ഇപ്പോള്‍ വനിതാ മതിലിന്റെ കര്‍സേവകനുമായ സി പി സുഗതനാണ്. ഹാദിയയുടെ അച്ഛന്‍ അശോകന്റെ സ്ഥാനത്ത് നിന്നുകൊണ്ടു ഫെയ്സ്ബുക്കില്‍ കൊലവിളി നടത്തിയ ആളാണ് സുഗതന്‍.

“അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ!! മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്.” എന്നാണ് പുതിയ നവോത്ഥാന നായകന്‍ സി പി സുഗതന്‍ അന്ന് പറഞ്ഞത്. (ഇപ്പോള്‍ ഈ കാര്യത്തില്‍ ടിയാന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും)

ശബരിമലയില്‍ വെച്ചു തന്നെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ സി പി സുഗതനും ഉണ്ടായിരുന്നെന് എന്‍ ഡി ടി റിപ്പോര്‍ട്ടര്‍ സ്നേഹ കോശിയും സാക്ഷ്യപ്പെടുത്തിയിരുന്ന കാര്യവും ഓര്‍ക്കുക.

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ. ഈ മൂന്നു പേര്‍ക്കിടയിലൂടെ ഒരു ‘സംസ്കാര’ ധാര ശക്തമാണ്. അതേതെന്നറിയാന്‍ ഇനിയെന്തെങ്കിലും ക്ലൂ വേണോ?

അശോകനും ഹാദിയയ്ക്കും ഒരു തുറന്ന കത്ത്

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം


.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍