UPDATES

ട്രെന്‍ഡിങ്ങ്

മര്‍സൂഖിയുടെ പത്രസമ്മേളനം; കോടതിയും മുട്ടന്‍ കോമഡിയാകുമ്പോള്‍

പരാതിക്കാരന് എതിരെയുള്ള വാര്‍ത്ത വിലക്കിയാല്‍ പിന്നെ വാര്‍ത്താ സമ്മേളനത്തിന് എന്തു പ്രസക്തി?

ദുബായ് ജാസ് ടൂറിസം മേധാവി ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി പത്രസമ്മേളനം നടത്തരുത് എന്നു കോടതി പറഞ്ഞിട്ടില്ല, തിരുവനന്തപുരം പ്രസ്സ് ക്ലബ് അധികൃതര്‍ വ്യക്തമാക്കി. മലയാള മനോരമയുടെ ‘കോടികളുടെ തട്ടിപ്പിന് വാര്‍ത്താ വിലക്ക്’ എന്ന ഒന്നാം പേജ് വാര്‍ത്തയുടെ ഒടുവില്‍ പറയുന്നു. അത് തന്നെ ടൈംസ് ഓഫ് ഇന്ത്യയും പറയുന്നു. കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവില്‍ പത്രസമ്മേളനത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

അപ്പോള്‍ പിന്നെ എന്തിനാണ് വിലക്ക്?

പരാതിക്കാരനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും ചാനലുകളില്‍ ചര്‍ച്ച നടത്തുന്നതിനും.

ആരാണ് പരാതിക്കാരന്‍?

ഇടതു എം എല്‍ എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ള.

ആര്‍ക്കെതിരെയാണ് പരാതി?

സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരനായ രാകുല്‍ കൃഷ്ണനെതിരെ. ഒപ്പം പത്രങ്ങളും ചാനലുകളും തിരുവനന്തപുരം പ്രസ്സ് ക്ലബും എതിര്‍ കക്ഷികളാണ്.

അപ്പോള്‍ ബിനോയ് കോടിയേരിയും ഈ പത്രസമ്മേളനവും തമ്മില്‍ എന്താ ബന്ധം?

ഇതേ മര്‍സൂഖിയുടെ കമ്പനിയുമായാണ് ബിനോയ് കോടിയേരിയും പണം ഇടപാട് നടത്തിയത്.

അപ്പോള്‍ കാര്യം വ്യക്തമായല്ലോ. അറബിയുടെ പത്ര സമ്മേളനത്തില്‍ ബിനോയ് കൊടിയേരിയുടെ പങ്കിനെ കുറിച്ചും മാധ്യമങ്ങള്‍ ചോദ്യം ഉന്നയിക്കും. അറബിക്ക് മറുപടി പറയേണ്ടിയും വരും. പിന്നെ പോരേ പുകില്!

സിപിഎമ്മില്‍ വീണ്ടും മക്കള്‍ കുരുക്ക്; ഇത്തവണ ഊരിപ്പോരാന്‍ കോടിയേരി കഷ്ടപ്പെടും

കോടതിയുടെ കാര്യമാണ് കോമഡി. പരാതിക്കാരന് എതിരെയുള്ള വാര്‍ത്ത വിലക്കിയാല്‍ പിന്നെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തി എന്താണ്? കോടതി വിലക്ക് ലംഘിച്ച് ഏതെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുമോ? അപ്പോള്‍ പിന്നെ വാര്‍ത്താ സമ്മേളനം അപ്പാടെ അങ്ങ് നിരോധിച്ചു കൂടായിരുന്നോ എന്നാണ് പൊതുജന ചോദ്യം.

എന്തായാലും കോടതി എന്നു കേട്ടപ്പോള്‍ അറബി പേടിച്ചു എന്നാണ് തോന്നുന്നത്. വാര്‍ത്താ സമ്മേളനം റദ്ദാക്കി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പത്ര സമ്മേളന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. എന്തായാലും ഈ കാര്യത്തില്‍ മലയാള മനോരമയെ വിശ്വസിക്കാം. അവരാണല്ലോ സീതാറാം യെച്ചൂരിക്ക് അറബി നല്‍കിയ പരാതി ആദ്യം പുറത്തുവിട്ടത്. അച്ചായന് അറബിയുടെ അടുത്ത് അത്യാവശ്യം ഹോള്‍ഡ് ഒക്കെ ഉണ്ടാകുമായിരിക്കും.

എന്തായാലും വിഷയം മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും തന്നെയായി കാണണം. അറബിയുടെ നാട്ടില്‍ ചിലപ്പോള്‍ ഇതൊന്നും അനുവദിക്കപ്പെടണമെന്നില്ല. അത് നമ്മള്‍ നോക്കേണ്ട കാര്യമില്ലല്ലോ. നമ്മുടേത് ജനാധിപത്യത്തിന്റെ ശ്രീ കോവിലല്ലേ?

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഉണ്ടായില്ലാ വെടിവെക്കാന്‍ അല്ല അറബി ഇങ്ങോട്ടേക്ക് വരുന്നത്. കൈ പൊള്ളിയിട്ടുതന്നെയാണ്. അത് ശരിയാക്കാനുള്ള രേഖകള്‍ എല്ലാം ആ കയ്യില്‍ ഉണ്ടാകും. അതിനെ ഭയപ്പെടുന്നതു കൊണ്ടുകൂടിയാണല്ലോ ഈ വാര്‍ത്താ വിലക്ക്.

കോടിയേരിയും മൂളിപ്പറക്കുന്ന അറബിയും അഥവാ തവളയും കൊതുകും; ഒരു ദൃഷ്ടാന്ത കഥ

ഇനി മാധ്യമ വിലക്കിന്റെ മറ്റൊരു തമാശ കൂടി. ദേശാഭിമാനി, കൈരളി എന്നിവയ്ക്ക് വിലക്കില്ല. അതായത് മേല്‍ കുറ്റാരോപിതര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ ദുരുപദിഷ്ടമാണ് എന്നു പറഞ്ഞുകൊണ്ടു കൈരളിക്ക് വേണമെങ്കില്‍ ഇന്നൊരു അന്തിചര്‍ച്ച സംഘടിപ്പിക്കാം എന്നു സാരം.

ഇക്കാര്യത്തില്‍ പ്രസ്സ് ക്ലബിന്റെ നിലപാട് ഇതാണ്. “കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തരുതെന്ന് പറയാനാകില്ല. പ്രസ്സ് ക്ലബില്‍ പത്രസമ്മേളനം നടത്താന്‍ വരുന്നവരോട് അവര്‍ ഉന്നയിക്കാന്‍ പോകുന്ന വിഷയം ചര്‍ച്ച ചെയ്യാറോ നിര്‍ദ്ദേശിക്കാറോ ഇല്ല. വാര്‍ത്തയില്‍ പ്രസ്സ് ക്ലബ്ബിന് ഉത്തരവാദിത്തമില്ല.”

മര്‍സൂഖിയുടെ വാര്‍ത്തയുടെ കൂട്ടത്തില്‍ സുപ്രധാനമായ മറ്റൊരു വാര്‍ത്ത ബോക്സിനകത്തായി മലയാള മനോരമ കൊടുത്തിട്ടുണ്ട്. അതിതാണ്; “സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ എട്ടുമുട്ടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യരുതെന്ന വിചാരണ കോടതി ഉത്തരവ് മുംബൈ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം റദ്ദാക്കി. മാധ്യമങ്ങള്‍ സമൂഹത്തിന്റെ കാവലാളാണെന്നും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി”

അപ്പോ അതെങ്ങിനെയാ ശരിയാവുക? അവിടൊരു ന്യായം ഇവിടെ വേറൊന്നും..

മിനി കൂപ്പര്‍, ഓഡി കാര്‍, ചാക്ക്, രവി പിള്ള, ഫാരിസ്, സാന്‍ഡിയാഗോ… ഇനിയുമെന്തിന് കോണ്‍ഗ്രസ് വിരോധം?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍