UPDATES

ട്രെന്‍ഡിങ്ങ്

വയലാറിലെ ആ ‘വാരിക്കുന്തം’ ആരുടെ കയ്യില്‍? സിപിഎമ്മും സിപിഐയും തര്‍ക്കത്തിലാണ്

സിപിഎമ്മിന്റെയും സിപിഐയുടെയും പ്രാദേശിക സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതുകൊണ്ട് തന്നെ പ്രശ്നം രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ വലിയ വിടവായി അടിത്തട്ടില്‍ രൂപപ്പെടാനുള്ള സാധ്യതയും ഏറുകയാണ്

തോമസ് ചാണ്ടി വിഷയത്തില്‍ മൂര്‍ധന്യത്തിലായ തമ്മിലടി തുടരുകയാണ് ഇടതു മുന്നണിയിലെ മുതിര്‍ന്ന രണ്ടു കക്ഷികള്‍. ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍, എം എം മണിയുടെ വിഴുപ്പ് പരാമര്‍ശം, മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്ക്കരിക്കല്‍ എന്നിങ്ങനെ വിവിധ കലാപരിപാടികളായി അത് മുന്നോട്ട്, മുന്നോട്ട്…

സിപിഎമ്മിന്റെയും സിപിഐയുടെയും പ്രാദേശിക സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതുകൊണ്ട് തന്നെ ഇത് ഉന്നത നേതൃനിരയിലുള്ള പ്രശ്നം എന്നതില്‍ കവിഞ്ഞ് രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ വലിയ വിടവായി അടിത്തട്ടില്‍ രൂപപ്പെടാനുള്ള സാധ്യതയും ഏറുകയാണ്.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ ജില്ലയിലെ ഒരു പൊതുപരിപാടിയില്‍ സിപിഎം ബഹിഷ്കരിച്ചു എന്ന വാര്‍ത്ത ദി ഹിന്ദു ഒന്നാം പേജിലും മലയാള മനോരമയും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് അകത്തെ പേജുകളിലുമായി വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ വിതരണ ചടങ്ങില്‍ ജില്ലയിലെ സിപിഎം എം.പി പി കരുണാകരന്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തില്ല എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പി കരുണാകരന്‍ ഒരു സാദാ എം.പി മാത്രമല്ല സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എന്നോര്‍ക്കണം.

പ്രസ്തുത പരിപാടിയില്‍ മേല്‍പ്പറഞ്ഞ ജനപ്രതിനിധികള്‍ക്ക് പ്രത്യേകം പ്രത്യേകം ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. “സൌഹൃദ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കേണ്ടിയിരുന്നത് പി കരുണാകരന്‍ എംപിയാണ്. കെ കുഞ്ഞിരാമന്‍ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും, എം രാജഗോപാലന്‍ കമ്പ്യൂട്ടര്‍ വിതരണോത്ഘാടനവും ആണ് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്” എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് മാധ്യമങ്ങളുടെ ‘കുത്തിത്തിരുപ്പ്’ മാത്രമാണ് എന്നാണ് സിപിഎം ജില്ല സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ പ്രതികരിച്ചത്. റവന്യൂ മന്ത്രിയുടെ പരിപാടികള്‍ ബോയ്ക്കോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല എന്നു കെ പി സതീഷ് ചന്ദ്രന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. നേതാക്കള്‍ സമ്മേളനങ്ങളുടെ തിരക്കിലായതുകൊണ്ടാണ് പോലും പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എന്തായാലും ഇത്തരം വിശദീകരണങ്ങള്‍ നാട്ടുകാര്‍ തൊണ്ട തൊടാതെ വിഴുങ്ങില്ല എന്നു സഖാവ് സതീഷ് ചന്ദ്രനു പോലും അറിയാം.

അതേസമയം സിപിഐക്കെതിരായുള്ള പടയോട്ടം മണിയാശാന്‍ തുടരുകയാണ്. മലപ്പുറം വണ്ടൂരില്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ സിപിഐയുടെ ‘വിഴുപ്പ് ചുമക്കേണ്ട ബാധ്യത സിപിഎമ്മിന് ഇല്ല’ എന്ന് മന്ത്രി എം എം മണി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയാനൊന്നും സിപിഐ തയ്യാറല്ല. തോമസ് ചാണ്ടി വിഷയത്തില്‍ തങ്ങളുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ വിജയിച്ചു എന്നതിന്റെ തെളിവായിട്ടാണ് മണിയുടെ അടക്കമുള്ള പ്രകോപന പ്രസ്താവനകളെ സിപിഐ കാണുന്നത്. മണിയെപോലുള്ളവര്‍ നടത്തുന്ന അധിക പ്രസംഗത്തെ നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയുടെ നേതൃത്വമാണ് എന്ന ന്യായമായ നിലപാട് സ്വീകരിച്ചു നില്‍ക്കുകയാണ് സിപിഐ. കൂടുതല്‍ അങ്ങോട്ട് പറയാന്‍ നിന്നാല്‍ സംഗതി കൈവിട്ടു പോകുമെന്ന് അവര്‍ക്കറിയാം. സിപിഎം മീശപിരിച്ചാല്‍ പിന്നെ കാര്യം കണ്ടിട്ടേ അടങ്ങുകയുള്ളൂ എന്ന പൂര്‍വാനുഭവങ്ങളും അവര്‍ക്കുണ്ട്. തത്ക്കാലം ഭരണത്തിന്റെ ശീതളച്ഛായയില്‍ തന്നെ നില്‍ക്കാനാണ് സിപിഐക്ക് താത്പര്യം. പോരാട്ടം ഗതി മുട്ടിയാല്‍.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

കൂടാതെ കെ ഇ ഇസ്മായിലിന്റെ അപ്രതീക്ഷ രംഗപ്രവേശവും അവരെ ചെറുതായൊന്ന് പരിഭ്രമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി കമ്മിറ്റി പറഞ്ഞിട്ടാണ് എം പി ഫണ്ട് ലേക് പാലസ് റോഡിന് നല്‍കിയത് എന്ന ഇസ്മായിലിന്റെ പ്രസ്താവന സിപിഐയുടെ ആദര്‍ശ കുപ്പായത്തില്‍ സാമാന്യം നന്നായി തന്നെ ചളി തെറിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കവും സമീപനവും തന്നെ ആരും പഠിപ്പിക്കേണ്ട എന്നാണ് തിരുവനന്തപുരത്ത് ഒരു പാര്‍ട്ടി സമ്മേളന പരിപാടിയില്‍ കെ ഇ ഇസ്മായില്‍ ഇന്നലെ പറഞ്ഞത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കാനം അധികാരം പിടിച്ചതോടെ മൂലവത്ക്കരിക്കപ്പെട്ട ഇസ്മായില്‍ പൂര്‍വ്വാധികം ശക്തിയോടെ തന്റെ പക്ഷത്തെ പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന സൂചന തന്നെയാണ് മേല്‍ പ്രസ്താവനകള്‍ നല്‍കുന്നത്. അതിനു സിപിഎമ്മിന്റെ രഹസ്യ പിന്തുണ ഉണ്ടാകുമെന്ന് കാനത്തിനും കൂട്ടര്‍ക്കുമറിയാം. സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്ന ചേര്‍ത്തല സിപിഐ ഓഫീസിനെ സംബന്ധിച്ച കൈയേറ്റ വിഷയത്തില്‍ പോലും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം എന്ന് ഇസ്മായില്‍ അഭിപ്രായപ്പെട്ടു കളഞ്ഞു.

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

സിപിഐക്കെതിരെ സിപിഎം പ്രയോഗിച്ച മറ്റൊരു തുറുപ്പ്ചീട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റം റവന്യൂ അധികൃതര്‍ പൂഴ്ത്തിവെച്ചു എന്നത്. പഞ്ചായത്ത് റിസോര്‍ട്ടന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ വാസ്തവം ഉണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, കയ്യേറ്റഭൂമിയൊഴിപ്പിച്ച് പഞ്ചായത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടും ആവശ്യമായ നടപടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നത്.

എന്തായാലും ഒരു കാര്യം വ്യക്തമായി. ഇപ്പോള്‍ ബിജെപിയോ കോണ്‍ഗ്രസ്സോ അല്ല സിപിഎമ്മിന്റെ മുഖ്യ ടാര്‍ജറ്റ്. അത് സിപിഐയാണ്. ഇത് കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കുത്തകയുടെ പ്രശ്നമാണ്. അഴിമതിക്കും കയ്യേറ്റത്തിനും എതിരെയുള്ള വാരിക്കുന്തം ആരുടെ കയ്യിലാണ് എന്നതാണ് പ്രശ്നം.

പുന്നപ്ര-വയലാറിലെ വിപ്ലവത്തിന്റെ അതേ വാരിക്കുന്തം തന്നെ. (ഇത്തവണ പുന്നപ്ര-വയലാര്‍ അനുസ്മരണം ഇരു പാര്‍ട്ടികളും വെവ്വേറെയാണ് നടത്തിയത് എന്നത് ഒരു ചരിത്ര സൂചനയായിരിക്കുമോ?)

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

വയലാര്‍ വിപ്ലവത്തിന്റെ മുനയൊടിയാത്ത ചരിത്രവുമായി രമണന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍