UPDATES

ട്രെന്‍ഡിങ്ങ്

പിന്തുടരേണ്ടത് ‘പാര്‍ട്ടി പീനല്‍ കോഡോ?’ ഭരണഘടനാ സാക്ഷരത യജ്ഞക്കാലത്ത് ഒരു ചിന്ന സംശയം

മറ്റൊരു ശശിയെ നാട്ടിലേക്കയക്കുന്ന ‘പാര്‍ട്ടി പീനല്‍ കോഡ്’

ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പിഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പികെ ശശിയെ ആറുമാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സി പി എം സംസ്ഥാന സമിതി തീരുമാനിച്ചു. സമീപകാലത്ത് സിപിഎം കൈക്കൊണ്ട നടപടികളില്‍ ഏറ്റവും വലിയ ശിക്ഷാ നടപടികളില്‍ ഒന്ന് എന്നു ഈ നടപടിയെ വിശേഷിപ്പിക്കാം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി പറഞ്ഞതുപോലെ ‘ലോകത്തൊരു പാര്‍ട്ടിക്കും ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല’ എന്നു മേനി നടിക്കാം.

എകെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ ശശി ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്നു കമ്മീഷന്‍ കണ്ടെത്തിയിരുന്നതായി മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. “ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്” നടപടി എടുക്കുന്നു എന്നാണ് സി പി എമ്മിന്റെ പത്രകുറിപ്പ്.

എന്തായാലും സമാനമായ ആരോപണങ്ങളില്‍ പുറത്തുപോയ മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി ശശിയുടെയും എറണാകുളം ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെയും പാതയിലാണ് പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി കെ ശശിയും.

എന്നാല്‍ പാര്‍ട്ടി നടപടി കൂടി വന്ന പശ്ചാത്തലത്തില്‍ ഇത് ഒരു ‘ഉള്‍പ്പാര്‍ട്ടി’ പ്രശ്നം മാത്രമാണോ എന്നതാണ് പൊതുസമൂഹത്തില്‍ ഉയരുന്ന ചോദ്യം. സിവില്‍ കേസുകളും കൊലപാതകം ഒഴികെയുള്ള ചില ക്രിമിനല്‍ കേസുകളടക്കം ഒത്തു തീര്‍പ്പിലാകുന്ന വടക്കന്‍ ജില്ലകളില്‍ സജീവമായ പാര്‍ട്ടി മധ്യസ്ഥ കോടതിയുടെ മാതൃകയിലുള്ള ഈ നടപടി ഒരുനിയമ വ്യവസ്ഥയ്ക്ക് കീഴില്‍ പുലര്‍ന്ന് പോരുന്ന ഒരു നാട്ടില്‍ നടപ്പുള്ളതാണോ? പാര്‍ട്ടി നടപടികളുടെ പശ്ചാത്തലത്തില്‍ പോലീസിന് എന്തെങ്കിലും ചെയ്യാനുണ്ടോ?

യുവതി പരാതി നല്‍ക്കാത്തതുകൊണ്ടു തന്നെ കേസെടുക്കാന്‍ നിര്‍വാഹമില്ല എന്നു പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് തന്നെയാണ് സി പി എം നേതാവ് നയിക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും വ്യക്തമാക്കിയത്. ശശിയെ പിടിച്ചകത്തിട്ടുകളയും എന്ന മട്ടില്‍ പ്രസ്താവനകളുമായി എത്തിയ ദേശീയ വനിതാ കമ്മീഷനും ഈ കാര്യത്തില്‍ പ്രത്യേകിച്ചൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.

പാര്‍ട്ടി കണ്ടെത്തിയ ശശി ചെയ്തതായി പറയുന്ന കുറ്റം ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരം ഐ പി സി 509 എന്നു വിളിക്കും. അതായത് വാക്ക് കൊണ്ടോ ആംഗ്യം കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയുടെ ആത്മാഭിമാനം തകര്‍ക്കുക. 3 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. ആ കുറ്റമാണ് 6 മാസത്തെ സസ്പെന്‍ഷന്‍ ആയി പാര്‍ട്ടി ശിക്ഷാ സംവിധാനം വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ ശശി കുറ്റക്കാരനാണ് എന്നു സി പി എം കണ്ടെത്തിക്കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ടു ഒരു പരാതി ആര്‍ക്ക് വേണമെങ്കിലും കൊടുക്കാവുന്നതേ ഉള്ളൂ. കാരണം പെണ്‍കുട്ടി പാര്‍ട്ടിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. അങ്ങനെയൊരു പരാതി എന്തായാലും ഉണ്ട് എന്നത് അതില്‍ നിന്നും വ്യക്തമാണ്. അപ്പോഴും ഒരു പ്രശ്നം പെണ്‍കുട്ടി അന്വേഷണത്തോട് സഹകരിക്കണം എന്നതാണ്. പാര്‍ട്ടി നടപടി തൃപ്തികരമാണെന്നും തുടര്‍ നടപടിക്കില്ല എന്നുമാണ് ശശിയുടെ പുറത്താക്കല്‍ നടപടിയോട് പെണ്‍കുട്ടി പ്രതികരിച്ചത്.

ഇനിയുള്ള രണ്ടു വഴികള്‍- ഒന്ന്, തനിക്ക് കിട്ടിയ പരാതി കുറ്റം നടന്നിട്ടുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പോലീസിന് കൈമാറുക അല്ലെങ്കില്‍ വന്യമായ ഭാവനയില്‍ സിനിമാ സ്റ്റൈലില്‍ എ കെ ജി സെന്ററില്‍ കയറി പരാതിയും അന്വേഷണ റിപ്പോര്‍ട്ടുമൊക്കെ പോലീസ് പിടിച്ചെടുക്കുക. എന്തു നല്ല നടക്കാത്ത സ്വപ്നങ്ങള്‍ അല്ലേ?

താന്‍ ക്രിമിനല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ല എന്നാണ് പി കെ ശശി ഇപ്പോഴും പറയുന്നത്. തന്റെ കമ്യൂണിസ്റ്റ് ആരോഗ്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നു കാണിക്കാന്‍ ചുവന്ന ഷര്‍ട്ട് ധരിച്ചാണ് ശശി സഖാവ് ഇന്ന് നിയമസഭയില്‍ എത്തിയത്.

ഈ വിഷയത്തില്‍ ഒരു കാര്യത്തില്‍ മാത്രമേ വ്യക്തത കിട്ടേണ്ടതുള്ളൂ. IPC (Indian Penal Code) ആണോ PPC (Party Penal Code) ആണോ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്‍തുടരേണ്ടത്? ഭരണഘടനാ സാക്ഷരത യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ഈ വേളയില്‍ സി പി എം വ്യക്തമാക്കേണ്ടതാണ്.

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

സിപിഎമ്മിനെ കുഴപ്പത്തിലാക്കി ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’; തുടക്കം ‘എന്ത് ഒലയ്ക്കാണ് പോലീസെ’ന്നാക്രോശിച്ച്

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍