UPDATES

ട്രെന്‍ഡിങ്ങ്

പീഡനം, സ്പിരിറ്റ് കേസ്, പൊക്സോ… സി പി എമ്മുകാരെ, എത്രകാലം മനോരമയെ പഴിച്ച് കാലം കഴിക്കും?

പക്ഷേ, പ്രസക്തമായ ചോദ്യം ഇതാണ്. അടി മുതല്‍ മുടി വരെ രാഷ്ട്രീയം ക്രിമിനലുകളുടെ കൈകളിലാണ് എന്ന് സോ കാള്‍ഡ് ‘അരാഷ്ട്രീയ’ക്കാരെക്കൊണ്ട് നിരന്തരം പറയിക്കണോ?

മനോരമയുടെ പേജ് 18ല്‍ (തിരുവനന്തപുരം എഡിഷന്‍) ആകെ 7 വാര്‍ത്തകളാണുള്ളത്. അതില്‍ മൂന്ന് വാര്‍ത്തകളും സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വാര്‍ത്തകളാണ്. ഇത് സി പി എമ്മിന് സംഭവിച്ച ജീര്‍ണ്ണതയുടെ ചിത്രമോ അതോ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുവായി സംഭവിച്ചതിന്റെ പ്രതിഫലനമോ? സി പി എമ്മിന്റെ കാര്യത്തില്‍ മലയാള മനോരമയ്ക്ക് പ്രത്യേക താത്പര്യമുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല. ഇത്രയേറെ സംഘടിതമായി ഈ വാര്‍ത്തകള്‍ മറ്റ് പത്രങ്ങളില്‍ കണ്ടില്ല എന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ പറയുന്നത്. പക്ഷേ എത്രകാലം മനോരമയെ പഴിച്ച് കാലം കഴിക്കും സി പി എമ്മുകാരെ?

ഇന്നത്തെ വാര്‍ത്തകള്‍ താഴെ പറയുന്നു;

സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പാലക്കാട്ടെ അത്തിമണി അനിലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഒന്ന്. തനിക്ക് വിരോധമുള്ള രാഷ്ട്രീയക്കാരെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അയാള്‍ ശ്രമം നടത്തുന്നതായാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് വേണ്ടിയല്ല സ്പിരിറ്റ് കടത്തിയതെന്നാണ് അനില്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

പാലക്കാട് തത്തമംഗലത്തിന് സമീപം വച്ച് കാറിൽ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടെ എക്സൈസ് പിടിയിൽ നിന്നു രക്ഷപ്പെട്ട അനിൽ പിന്നീട് പാലക്കാട് തമിഴ്നാട് അതിർത്തിയിൽ നിന്നു പിടിയിലാകുകയായിരുന്നു. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗം കൂടിമായിരുന്നു ഇയാള്‍. എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ അനിലിനെ, സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായതോടെ സിപിഎം പുറത്താക്കുകയായിരുന്നു.

പാര്‍ട്ടിഫണ്ട് പിരിക്കാന്‍ വീട്ടിലെത്തിയ സി പി എം ഏരിയാ സെന്‍റര്‍ കമ്മിറ്റി അംഗം വീട്ടമ്മയോട് അപമര്യാദയായി പെരുമാറി എന്നാണ് മറ്റൊരു വാര്‍ത്ത. തൊടുപുഴയിലാണ് സംഭവം. പാര്‍ട്ടി അംഗം കൂടിയായ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരോപണ വിധേയനായ നേതാവിനെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നാണ് സൂചന.

അടുത്ത വാര്‍ത്ത വളാഞ്ചേരിയില്‍ പൊക്സോ കേസില്‍ കുടുങ്ങിയ ഇടതു സ്വതന്ത്ര കൌണ്‍സിലറെ കുറിച്ചാണ്. കൌണ്‍സിലറുടെ രാജി സി പി എം ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്ത. ഷംസുദീന്‍ നടക്കാവിലിനോട് കൌണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി ജില്ലാ സെക്രട്ടറി ഇ എം മോഹന്‍ദാസ് അറിയിച്ചതായാണ് വാര്‍ത്ത.

ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. തുടര്‍ന്ന് 44കാരനായ ഷംസുദ്ദീനുമായി പെണ്‍കുട്ടിയു പ്രണയത്തിലായി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഷംസുദ്ദീന്‍ പലതവണ വാടക കെട്ടിടത്തിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

മലയാള മനോരമയുടെ അകത്തെ പേജില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ മൊഴി എടുക്കും എന്ന വാര്‍ത്തയുണ്ട്. എസ് എഫ് ഐക്കാരുടെ പീഡനം മൂലമാണ് ആത്മഹത്യാ ശ്രമം നടത്തിയത് എന്നു വെളിവാക്കുന്ന ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം പിരിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വാര്‍ത്ത. ആരോപണ വിധേയനായ വാണിയം കുളം പഞ്ചായത്ത് അംഗവും സിപിഎം മണിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ കൃഷ്ണകുമാര്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി കൊടുത്തു എന്നാണ് വാര്‍ത്ത. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ബിജെപിയാണ് ഒരു ലക്ഷം രൂപയുടെ രസീത് പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ചു മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയും എടപ്പാളില്‍ ആക്രി പെറുക്കുകയായിരുന്ന പെണ്‍കുട്ടിയെ ഏരിയാ കമ്മിറ്റി അംഗം മര്‍ദ്ദിച്ച സംഭവവും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തീര്‍ച്ചയായും മറുചോദ്യം ഇവിടെ ഉയരാം? കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും ലീഗുകാരും പ്രതികളായ കേസുകള്‍ ഉണ്ടാകുന്നില്ലേ. തീര്‍ച്ചയായും ഉണ്ടാവുന്നുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. അറസ്റ്റിലാകുന്നുമുണ്ട്.

പക്ഷേ, പ്രസക്തമായ ചോദ്യം ഇതാണ്. അടി മുതല്‍ മുടി വരെ രാഷ്ട്രീയം ക്രിമിനലുകളുടെ കൈകളിലാണ് എന്ന് സോ കാള്‍ഡ് ‘അരാഷ്ട്രീയ’ക്കാരെക്കൊണ്ട് നിരന്തരം പറയിക്കണോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍