UPDATES

ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന്‍ വല്ല മാര്‍ഗവുമുണ്ടോ?

ഇമ്മാതിരി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശവും കൂടി ഉണ്ടെങ്കിലല്ലേ ജനാധിപത്യം സാര്‍ത്ഥകമാകൂ?

ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടിയുടെ പരാതി മാധ്യമങ്ങളിലൂടെ പൊതുസമൂഹം അറിഞ്ഞപ്പോള്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി ഔദ്ധത്യത്തോടെ പറഞ്ഞത്, ഒരു കമ്യൂണിസ്റ്റ് പാലിക്കേണ്ട മൂല്യ ബോധത്തോടെ ശശി ഇവിടെ ഉണ്ടാകും എന്നാണ്. അത് കഴിഞ്ഞു ടിയാന്‍ ഒരു പ്രയോഗവും കൂടി നടത്തി; ‘കമ്യൂണിസ്റ്റ് ആരോഗ്യത്തോടെ’ എന്ന്. അന്ന് ആ പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലായില്ല. എന്നാല്‍ അനാരോഗ്യം കാരണം ശശി എംഎല്‍എ പൊതുപരിപാടികള്‍ റദ്ദാക്കി എന്ന മാധ്യമ വാര്‍ത്ത കണ്ടപ്പോള്‍ ഇന്ന് കാര്യം പിടികിട്ടി.

“ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിയുടെ ചേര്‍പ്പുളശ്ശേരിയിലെ പൊതുപരിപാടിയും സംഘടനാ പരിപാടിയും റദ്ദാക്കി” എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘അനാരോഗ്യം’ കാരണം പരിപാടി റദ്ദാക്കി എന്നാണ് എംഎല്‍എയുടെ ഓഫീസ് അറിയിച്ചിരിക്കുന്നതെന്നും മാതൃഭൂമി പറയുന്നു.

ഈ ആനാരോഗ്യത്തിന്റെ കാരണങ്ങള്‍ എന്തെന്ന് അന്വേഷിച്ചാല്‍ അത് ഇന്നു വന്ന ചില വാര്‍ത്തകളില്‍ കണ്ടെത്താന്‍ കഴിയും. ശശി വിഷയത്തില്‍ ഏറെ പഴി കേട്ട പോളിറ്റ് ബ്യൂറോ അംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ ബൃന്ദാ കാരാട്ട് ഇന്നലെ വയനാട്ടില്‍ വെച്ചു പറഞ്ഞത് ‘പരാതിക്കാരിക്കൊപ്പ’മെന്നാണ്. ബൃന്ദാ കാരാട്ട് തനിക്ക് മലയാളത്തില്‍ കിട്ടിയ പരാതി വിവര്‍ത്തനം ചെയ്യാന്‍ നല്‍കി വൈകിപ്പിച്ചു എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇങ്ങനെയൊരു പരാതി കിട്ടിയ കാര്യം അവര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അറിയിക്കുകയോ മേല്‍ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായില്ല. “രാജ്യത്തെവിടെ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാരിക്ക് ഒപ്പം മാത്രമേ നില്‍ക്കുകയുള്ളൂ” എന്നാണ് ബൃന്ദ ഇന്നലെ ആണയിട്ടത്. ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.

ഇനി താനൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ മന്ത്രി എ.കെ ബാലനോ? പരാതിക്കാരിയുടെ വിശ്വാസം കാക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അതായത് പാര്‍ട്ടിക്കകത്ത് പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്. അപ്പോള്‍ നാട്ടിലെ നിയമമോ നിയമമന്ത്രീ എന്ന് ആരെങ്കിലും ചോദിച്ചാലോ?

“തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടി ഉറപ്പാണ്. പരാതിക്കാരിയുടെ ആരോപണത്തിന് മുഖ്യ പരിഗണനയാണ് നല്‍കുന്നത്. അവര്‍ പാര്‍ട്ടി സംവിധാനത്തില്‍ അര്‍പ്പിച്ച വിശ്വാസം പ്രധാനമാണ്. അതുകൊണ്ടാണ് പാര്‍ട്ടി വേദിയില്‍ പരാതിയെത്തിയത്”, എ കെ ബാലന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി നടപടികളോട് വിയോജിപ്പുണ്ടെങ്കില്‍ പെണ്‍കുട്ടിക്ക് പോലീസടക്കം ഏത് അന്വേഷണ ഏജന്‍സിയെയും സമീപിക്കാം.

അപ്പോള്‍ ഒരു സംശയം ബാക്കിയാകുന്നു; ശശി കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍, അതായത് സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവര്‍ത്തി ശശിയുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് തെളിഞ്ഞാല്‍, പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന ശിക്ഷ മാത്രം നല്‍കിയാല്‍ മതിയോ? സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ എങ്കിലും ഈ കാര്യത്തില്‍ നിയമ മന്ത്രിക്ക് ഒരു ഉപദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് പോലീസില്‍ പരാതി നല്‍കിയാല്‍ കേസെടുക്കും എന്നാണ്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ആഭ്യന്തരം കാനത്തിനെ ഏല്‍പ്പിച്ചിട്ടൊന്നുമില്ലല്ലോ അല്ലേ? അല്ലെങ്കില്‍ ഇത് കാനത്തിന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ വലിയ ഐഡിയ ആയിരിക്കും. ഒളിയമ്പ് എയ്യുന്നതില്‍ മിടുക്കനാണല്ലോ സഖാവ് കാനം. നേരത്തെ തന്നെ പാലക്കാട്ടെ സിപിഐയ്ക്ക് ഈ ശശി തമ്പുരാനോട് വലിയ പ്രതിപത്തിയില്ല എന്ന് മാത്രമല്ല, മുട്ടന്‍ ഉടക്കിലുമാണ് എന്ന കാര്യവും ശ്രദ്ധിക്കണം. തത്ക്കാലം വിഷയത്തില്‍ സംയമനത്തോടെയുള്ള നിലപാട് കൈക്കൊള്ളുന്നത് ഇത് സിപിഎമ്മിന്റെ ‘ആഭ്യന്തര പ്രശ്ന’മായതുകൊണ്ടാണ് എന്ന സൂചനയാണ് കാനം നല്‍കുന്നത്.

ഇനി താത്ക്കാലിക കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ ഒരു പടികൂടി കടന്ന് ഇന്നലെ പറഞ്ഞത് കോടിയേരിയെ ചോദ്യം ചെയ്യണം എന്നാണ്; പരാതി പൂഴ്ത്തിവെച്ചു എന്നത് തന്നെ കുറ്റം.

എന്തായാലും ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യത്തിന് ഊനം തട്ടും എന്ന് തന്നെയാണ് സിപിമ്മിന്റെ ഇടനാഴി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പൊതുപരിപാടികള്‍ക്കിടെ ശശി എംഎല്‍എ മാധ്യമങ്ങളോട് പറയുന്ന മണ്ടത്തരങ്ങള്‍ പാര്‍ട്ടിയുടെ ആരോഗ്യം നശിപ്പിക്കുമെന്ന് കോടിയേരി തിരിച്ചറിഞ്ഞതുകൊണ്ടാണ് സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ട് പൊതുപരിപാടികള്‍ റദ്ദാക്കിയിരിക്കുന്നത് എന്നും കേള്‍ക്കുന്നു.

എന്നാല്‍ മറ്റൊരു പ്രശ്നം കൂടി സിപിഎമ്മിന് അഭിമുഖീകരിക്കേണ്ടി വരും. ശശിയുടെ കാര്യത്തില്‍ പാര്‍ട്ടി നടപടിയോ മറ്റോ ഉണ്ടായാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടി വരുമോ എന്ന ചോദ്യമുയരുക സ്വാഭാവികം. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്ന് പറഞ്ഞ് അധികാരത്തിലേറിയ, സോളാര്‍ മുള്‍ക്കിരീടം അണിയിച്ചു കോണ്‍ഗ്രസ്സ് നേതാക്കളെ തെരുവില്‍ വലിച്ചിഴച്ച, എം വിന്‍സെന്‍റ് എംഎല്‍എയെ അഴിക്കുള്ളില്‍ അടച്ച ഒരു ഗവണ്‍മെന്റിനും മുന്നണിക്കും എടുക്കാനിരിക്കുന്ന തീരുമാനങ്ങള്‍ അത്യന്തം പ്രധാനപ്പെട്ടത് തന്നെ.

ഈ അവസരത്തില്‍ ഇടതുമുന്നണി സര്‍ക്കാരിനോട് ഒരു അപേക്ഷ കൂടിയുണ്ട്. ഇനി ഒരു കാലത്തും ജനപ്രതിനിധി ആകാന്‍ പറ്റാത്ത രീതിയില്‍ പൂന്നാറിലെ മാലിന്യ കൂമ്പാരത്തെ സംസ്കരിച്ചു തരുമോ? അത്രമേല്‍ അസഹനീയമായിരിക്കുന്നു ആ മനുഷ്യന്റെ അശ്ലീല ഡയലോഗുകള്‍. ഇന്നലെ ബിഷപ്പിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയെയും നീതിക്കു വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും കുറിച്ച് അയാള്‍ പറഞ്ഞ വാചകങ്ങള്‍ ഒരു കുറിപ്പില്‍ പോലും ഉദ്ധരിക്കാന്‍ പറ്റാത്തവണം സാമൂഹ്യ വിരുദ്ധമാണ്.

ഇമ്മാതിരി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശവും കൂടി ഉണ്ടെങ്കിലല്ലേ ജനാധിപത്യം സാര്‍ത്ഥകമാകൂ?

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം: പി സി ജോര്‍ജ്ജ്

രണ്ടു ഗ്ലാസ് വൈനിന്റെ ബലത്തില്‍ ഇടയലേഖനം വായിക്കുന്നതു പോലെയല്ല നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ എന്നോര്‍മ വേണം

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

ആ കന്യാസ്ത്രീകള്‍ നടത്തുന്നത് ചരിത്ര പോരാട്ടമാണ്; സര്‍ക്കാരില്ലെങ്കിലും കേരള സമൂഹം ഒപ്പമുണ്ടാകണം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍