UPDATES

സഞ്ജീവ് ഭട്ടില്‍ നിന്നും ജോയ് മാത്യുവിലേക്കുള്ള ദൂരം

വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ്; സഞ്ജീവ് ഭട്ടിന്റെയും ജോയ് മാത്യുവിന്റെയും കാര്യത്തിലും സുപ്രീം കോടതി പറഞ്ഞ ഈ വാചകം തന്നെയാണ് പ്രസക്തം

നരേന്ദ്ര മോദി വിമര്‍ശകനായ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ ഇന്നലെ ഒരു ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിനെ കണ്ടപ്പോള്‍ അവര്‍ പങ്കുവെച്ചതാണ് ഈ വിവരം എന്നാണ് ഷാഹിനയുടെ പോസ്റ്റ്. അതിങ്ങനെ;

“മുൻ ഗുജറാത്ത് ഡി ജി പി ആർ ബി ശ്രീകുമാറിനോടും സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയോടും ഇപ്പോൾ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുകയാണ്. നാളെ കോടതിയിൽ ഹാജരാക്കും. പതിനഞ്ച് ദിവസം അദ്ദേഹത്തെ അഭിഭാഷകനെ പോലും കാണാൻ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ ഇത് വരെ കാണാൻ അനുമതി കിട്ടിയിട്ടില്ല. മൂന്ന് ദിവസം മുൻപാണ് അഭിഭാഷകന് തന്നെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. അതും ജുഡീഷ്യൽ ഓർഡറിന്റെ ബലത്തിൽ. പൊലീസ് കസ്റ്റഡിയിൽ വിടുന്ന ഒരു പ്രതിക്ക് ചില അവകാശങ്ങളുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയനുസരിച്ച് . അതെല്ലാം സമ്പൂർണ്ണമായി ലംഘിക്കപ്പെടുകയാണ് സഞ്ജീവ് ഭട്ടിന്റെ കാര്യത്തിൽ.”

എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൌനം നാണംകെട്ടതും കുറ്റകരവും നിയമ നീതി വാഴ്ചയെ പിന്നോട്ടടിപ്പിക്കുന്നതുമാണ്. സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയില്‍ എടുത്തിട്ട് ഇന്നത്തേക്ക് 20 ദിവസം ആയിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. 1996-ല്‍ രാജസ്ഥാന്‍ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

തന്റെ ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പറഞ്ഞുകൊണ്ടു ശ്വേത സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ വിഷയം നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് ഈ മാസം 21-ന് സഞ്ജീവ് ഭട്ടിന് അഭിഭാഷകനെ കാണാന്‍ പോലീസ് അനുവദിച്ചിരുന്നു.

അതേസമയം ഇന്നലെ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് സുപ്രീംകോടതി പറഞ്ഞതാണ് ഏറ്റവും ശ്രദ്ധേയം. സഞ്ജീവ് ഭട്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്നും സഞ്ജീവ് ഭട്ടിനെ തടഞ്ഞിരിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പൊലീസിനും സര്‍ക്കാരിനുമെതിരെ ശ്വേത ഉന്നയിച്ചിരിക്കുന്നത്. ശ്വേതയുടെ ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

“സാധാരണഗതിയില്‍ പ്രതിയാണ് കോടതിയെ സമീപിക്കാറ്. ഇത് അദ്ദേഹത്തിന്റെ ഭാര്യയാണ് സമീപിച്ചിരിക്കുന്നത്. ഒരു പൗരന്‍ ഇത്തരത്തിലൊരു കാര്യം ഉന്നയിക്കുമ്പോള്‍ പ്രതികരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.” കോടതി പറഞ്ഞു.

സഞ്ജീവ് ഭട്ടിനോട് മോദിക്കും അമിത് ഷായ്ക്കുമുള്ള വിരോധം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഗുജറാത്ത് കലാപത്തിനിങ്ങോട്ട് മോദിയുടെ കടുത്ത വിമര്‍ശകനാണ് ഭട്ട്. “2002ൽ ഗുജറാത്ത് കലാപങ്ങൾ അരങ്ങേറുമ്പോൾ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമ്മീഷണർ – ഇൻ-  ചാർജായി ജോലി ചെയ്യുകയായിരുന്നു. അതിർത്തി സുരക്ഷ, വിവിഐപി സെക്യൂരിറ്റി, തീരദേശ സുരക്ഷ തുടങ്ങിയവയ്ക്കൊപ്പം മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ കാര്യങ്ങളും ഇദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. കലാപകാലത്ത് ഹിന്ദുത്വ പരീക്ഷണങ്ങളുടെ ഭൂമികയായി മാറിയ ഗുജറാത്തിൽ ഒരു ഗൂഢാലോചക സംഘമായി പരിണമിച്ച പൊലീസ് സംവിധാനത്തിനകത്ത് തികച്ചും ഒറ്റപ്പെട്ടതും ധീരമായതുമായ ശബ്ദമായി സഞ്ജീവ് ഭട്ടിന്റേത്.”

അഴിമുഖം പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം: സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

എന്തായാലും സഞ്ജീവ് ഭട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍മാരായ ഗുജറാത്ത് പോലീസ്-സംഘപരിവാര്‍ മാഫിയ കൂട്ടൂകെട്ട് അല്ലെങ്കില്‍ സനാതന്‍ സന്‍സ്തയെ പോലുള്ള ഹിന്ദുത്വ തീവ്ര ഗ്രൂപ്പുകള്‍ ഭട്ടിനെ അപകടപ്പെടുത്തുമോ എന്ന ഭീതി നരേന്ദ്ര ദബോള്‍ക്കറിന്റെയും പന്‍സാരയുടെയും കല്‍ബുര്‍ഗിയുടെയും ഗൌരി ലങ്കേഷിന്റെയും ഓര്‍മ്മകള്‍ വേട്ടയാടുന്ന രാജ്യത്തെ പൊതുസമൂഹത്തിനുണ്ട്.

സഞ്ജീവ് ഭട്ടില്‍ നിന്നും നടന്‍ ജോയ് മാത്യുവിന്റെ വിഷയത്തിലേക്ക് വരുമ്പോള്‍ സമാനമായ ഒരു പാറ്റേണ്‍ കാണാം. ഭട്ട് ബിജെപിയെയും മോദിയെയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത് പോലെ തന്നെ തന്റെ ഫേസ്ബുക്ക് കേരള സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെയും സിപിഎമ്മിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിക്കുന്നയാളാണ് നടന്‍ ജോയ് മാത്യു. അതില്‍ പലതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും നവമാധ്യമങ്ങളില്‍ ഭരണകൂടത്തിന് തലവേദനയായി ഏറെ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

കന്യാസ്ത്രീ സമരത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ മൌനജാഥ നടത്തിയതിനാണ് ഇപ്പോള്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവ് സമര നിരോധിത മേഖലയായി ജില്ല ഭരണകൂടവും കോഴിക്കോട് നഗരസഭയും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണു കാരണം. അവിടെ സമരം മാത്രമല്ല പാട്ടു പാടുന്നതും നിരോധിച്ചിരുന്നു എന്നാണ് തെരുവ് ഗായകനായ ബാബു ഭായിയെ പാടാന്‍ അനുവദിക്കാത്ത പോലീസ് നടപടി തെളിയിച്ചത്. അതിനെതിരെ പാട്ടുപാടിയാണ് സാംസ്കാരിക ലോകം പ്രതിഷേധിച്ചത്. നഗരം സൌന്ദര്യവത്ക്കരിക്കപ്പെടുമ്പോള്‍ യാചകര്‍ മാത്രമല്ല പ്രക്ഷോഭകാരികളും അരികിലേക്ക് മാറ്റപ്പെട്ടും എന്ന സൂചനയാണ് മിഠായിത്തെരുവ് നല്‍കുന്നത്.

Also Read: ‘ഇനി മുതൽ ഈ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല’; ഫാസിസത്തിന്റെ വരവ്

ഭയപ്പെടുത്തി മൗനിയാക്കാനാണ് ഞാനടക്കമുള്ള സാംസ്കാരിക പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതെന്നാണ് ജോയ് മാത്യു ഇതിനോട് പ്രതികരിച്ചത്. പള്ളിയും പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം അധികാരത്തിന്റെ വിവിധ രൂപങ്ങളാണ്. പോലീസ് അതിന്റെ പ്രതിരൂപമാണ്. ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

ഭീമ കൊരഗോൺ അക്രമവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക സുധ ഭരദ്വാജ്, വെർണൻ ഗോൺസ്ലേവ്സ്, അരുൺ ഫരൈരാ, ഗൗതം നവ്ലാഖാ, വരവര റാവു എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മഹാരാഷ്ട പോലീസ് അറസ്റ്റ് ചെയ്തത് ഈ അടുത്തകാലത്താണ്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഇവരെ ജയിലില്‍ അടക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചന പൊളിയുകയായിരുന്നു. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ഈ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നത് ജനാധിപത്യ വിശ്വാസികളെ അലോസരപ്പെടുത്തുന്നതാണ്.

വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ്; സഞ്ജീവ് ഭട്ടിന്റെയും ജോയ് മാത്യുവിന്റെയും കാര്യത്തിലും സുപ്രീം കോടതി പറഞ്ഞ ഈ വാചകം തന്നെയാണ് പ്രസക്തം.

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

ഇനി പാടിയാല്‍ ജയിലില്‍ പാടിക്കുമെന്ന് ഏമാന്‍മാര്‍; ബാബുക്ക പാടി നടന്ന നഗരത്തില്‍ നിന്നും ബാബു ഭായിമാര്‍ പുറത്താക്കപ്പെടുമ്പോള്‍

‘ഇനി മുതൽ ഈ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല’; ഫാസിസത്തിന്റെ വരവ്

അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല കേസ് അന്വേഷിച്ച വി എല്‍ സോളങ്കി പറയുന്നു, ‘ഇന്ത്യയില്‍ നീതി ഇല്ല’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍