UPDATES

വാര്‍ത്തകള്‍

താമര ചിഹ്നവുമായി ബൂത്തില്‍ പട്ടി; ഒട്ടും അമാന്തിച്ചില്ല, ആ ചൌക്കിദാറിനെ പൊക്കുക തന്നെ ചെയ്തു

രാജ്യത്തിന്റെ പ്രധാന മന്ത്രി മുതല്‍ ഗ്രാമ പഞ്ചായത്ത് അംഗം വരെയുള്ളവര്‍ നഗ്നമായി ചട്ടങ്ങള്‍ ലംഘിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കടന്നുകൊണ്ടിരിക്കുന്നത് എന്നു എല്ലാ ജനാധിപത്യ വിശ്വാസികളെയും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു

പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായിരുന്നു ഇന്നലെ കഴിഞ്ഞത്. 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലേക്ക് നടന്ന ഈ ഘട്ടം ഭരണ പാര്‍ട്ടിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മോദി വീണ്ടും വരണോ എന്നു തീരുമാനിക്കുന്ന ഘട്ടം കൂടിയാണ് ഇത്.

അങ്ങനെയിരിക്കെ മോദി വീണ്ടും വരണം എന്നാഗ്രഹിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപിക്കാര്‍ അതിവിചിത്രമായ ഒരു തന്ത്രം ഇന്നലെ പ്രയോഗിച്ചു. ബൂത്തിലേക്ക് പട്ടിയെ കടത്തിവിടുക. പട്ടി വെറും കയ്യോടെയല്ല വന്നത്. “മോദിക്ക് വോട്ട് ചെയ്യൂ, രാജ്യത്തെ രക്ഷിക്കൂ” എന്നെഴുതിയ താമര ചിഹ്നത്തോടെയുള്ള സ്റ്റിക്കര്‍ മേലാസകലം പതിച്ചാണ് അവന്റെ/അവളുടെ വരവ്.

എന്തായാലും രാജ്യമാകെ സഞ്ചരിച്ച് പ്രധാനമന്ത്രി തന്നെ നടത്തുന്ന തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളുടെ ഘോഷയാത്ര കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങി നില്‍ക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷേ ഇവിടെ ഒട്ടും അമാന്തിച്ചില്ല. ആ ചൌക്കിദാറിനെ പൊക്കുക തന്നെ ചെയ്തു.

വടക്കന്‍ മഹാരാഷ്ട്രയിലെ നന്‍ദര്‍ബാര്‍ പട്ടണത്തിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടിയുടെ ഉടമയായ എക്നാഥ് മോത്തിറാം ചൌധരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം പ്രചാരണം നടത്തുന്നത് തടയുന്ന ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പ് പ്രകാരം കേസും എടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെയൊക്കെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ഇലക്ഷന്‍ ട്രിക്ക്. നീളമുള്ള ക്യൂവിലൂടെ ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ ജനം അപ്രത്യക്ഷമാകുന്ന മാജിക്കല്‍ ഐറ്റം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മാന്ത്രികര്‍ പ്രയോഗിച്ച ട്രിക്ക് നമ്മുടെ രാഷ്ട്രീയ മാന്ത്രികര്‍ പയറ്റികൊണ്ടേ ഇരിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്നത്തെ ഒന്നാം പേജ് നോക്കൂ, എന്തൊക്കെ ട്രിക്കുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നത് എന്നതിന്റെ ഏകദേശ ചിത്രം കിട്ടും.

മെയിന്‍ ലീഡ് കാസര്‍ഗോഡ് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടിനെ സംബന്ധിച്ചാണ്. പിലാത്തറയില്‍ നടന്നത് കള്ളവോട്ടാണ് നടന്നത് എന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ സ്ഥിരീകരിച്ചു. കള്ളവോട്ട് ചെയ്ത ഗ്രാമ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ട പ്രകാരവും ജന പ്രാതിനിധ്യ നിയമ പ്രകാരവും കേസെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തൊട്ടടുത്ത വാര്‍ത്ത മോദിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിശോധിക്കും എന്നതാണ്. പരാതി ഉയര്‍ന്നു മൂന്നാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷന്‍ വിഷയം പരിശോധനയ്ക്ക് എടുക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെട്ട ചട്ട ലംഘന പരാതികള്‍ പരിഗനയ്ക്കെടുക്കാന്‍ കമ്മീഷന്‍ വിമുഖത കാണിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന.

മറ്റൊരു വാര്‍ത്ത മോദി ഇന്നലെ ബംഗാളിലെ സെറാംപൂരില്‍ നടത്തിയ പ്രസംഗമാണ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞ ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 40 എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെനാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വന്നായിരുന്നു പരസ്യമായ കൂറുമാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ഈ പ്രസംഗം.

കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ എ‌,ബി‌,സി‌,ഡി പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര കമ്മീഷന്‍ രംഗത്തുവന്നതായാണ് മറ്റൊരു വാര്‍ത്ത. യു പിയിലെ സുല്‍ത്താന്‍പൂരില്‍ വെച്ച് തനിക്ക് കിട്ടുന്ന വോട്ട് വെച്ച് ഗ്രാമങ്ങളെ എ ബി സി ഡി എന്നു വര്‍ഗ്ഗീകരിക്കുമെന്നും അതനുസായിച്ചിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ എന്നായിരുന്നു മേനകയുടെ പ്രസംഗം.

ഇനിയും വാര്‍ത്തകള്‍ നിരവധിയുണ്ട് മറ്റ് പത്രങ്ങളിലൂടെ കടന്നുപോയാല്‍.

ഇടുക്കി ജില്ലയില്‍ വ്യാപകമായി ഡബിള്‍ വോട്ടുകള്‍ നടന്നു എന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം കണ്ണൂര്‍ മാടായിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഇനിയും കൂടുതല്‍ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ തെളിവുകള്‍ ഇരുപക്ഷവും ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് വരുന്ന സൂചനകള്‍.

90 ശതമാനത്തില്‍ അധികം വോട്ട് പോള്‍ ചെയ്ത ബൂത്തുകളില്‍ റിപോളിംഗ് നടത്തണം എന്നാവശ്യവും യു ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 110 ബൂത്തുകളിലാണ് റിപോളിംഗ് വേണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തായാലും രാജ്യത്തിന്റെ പ്രധാനമന്ത്രി മുതല്‍ ഗ്രാമപഞ്ചായത്ത് അംഗം വരെയുള്ളവര്‍ നഗ്നമായി ചട്ടങ്ങള്‍ ലംഘിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കടന്നുകൊണ്ടിരിക്കുന്നത് എന്ന് എല്ലാ ജനാധിപത്യ വിശ്വാസികളെയും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍