UPDATES

ട്രെന്‍ഡിങ്ങ്

‘ലോകത്താകെ മൃതദേഹ പരിശോധന നടത്തുന്ന രീതി’യെ കുറിച്ചാണ് പ്രഗത്ഭ വക്കീല്‍ കൂടിയായ ശ്രീധരന്‍പിള്ള പറഞ്ഞത്

ചട്ട ലംഘനങ്ങള്‍ നടത്താന്‍ മുന്നില്‍ നിന്നും നയിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്നത്

ലോകത്താകെ മൃതദേഹ പരിശോധന നടത്തുന്ന രീതിയെയാണ് പ്രഗത്ഭ അഭിഭാഷകന്‍ കൂടിയായ ബിജെപി അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പരാമര്‍ശിച്ചതെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍. യഥാ നേതാ തദാ അനുയായി എന്നല്ലാതെ എന്തു പറയാന്‍.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസ്താവന. ബലാകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഇങ്ങനെ; “ജീവന്‍ പണയം വച്ച് സൈന്യം അവിടെ പോയപ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവര്‍ പറഞ്ഞത് അവര്‍ അവിടെ ഇറങ്ങി കൊല്ലപ്പെട്ടത് ആരാണെന്ന് പരിശോധിക്കണം എന്നാണ്. അവരുടെ രാജ്യം, അവരുടെ മതം, അവരുടെ ജാതി ഒക്കെ. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. അവരുടെ തുണി മാറ്റി നോക്കിയാല്‍ മതിയല്ലോ”.

താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല എന്നാണ് പിള്ളയുടെ നിലപാട്. എങ്ങനെയാണ് തിരിച്ചറിയല്‍ നടത്തുന്നത് എന്ന് പിള്ള ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചത്. താന്‍ പറഞ്ഞത് പാക് ഭീകരവാദികളെ കുറിച്ചാണെന്നും അത് മുസ്ലീങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നും പിള്ള പറയുന്നു. അതിനെന്താണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇത്ര ദേഷ്യം പിടിക്കാന്‍ കാരണമെന്നു ചോദിച്ച പിള്ള, ഇക്കാര്യത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പിള്ള പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയാണ് ഇന്നലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. പിള്ളയുടെ പ്രസംഗം മത വിദ്വേഷത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്നാണ് കണ്ടെത്തല്‍. പ്രസംഗം ഇസ്ലാം മതത്തെ ആക്ഷേപിക്കുന്നതാണ് എന്ന ഇടതു മുന്നണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും എന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിനു പുറമേ, ജനപ്രാതിനിധ്യ നിയമത്തിന്റെ 123-3 എ വകുപ്പും 125 ആം വകുപ്പും ആണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ജാതികളും വംശങ്ങളും തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതിന് സ്ഥാനാര്‍ഥിയോ ഏജന്‍റോ മറ്റാരെങ്കിലുമോ ശ്രമിക്കുന്നതിന് എതിരാണ് 123-3-എ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമുദായ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് 125.

എന്തായാലും സമര്‍ത്ഥനായ വക്കീലിന്റെ ശ്രദ്ധയില്‍ ഈ ചട്ടങ്ങളൊന്നും പെട്ടില്ലേ എന്തോ?

തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെയുണ്ടായ മറ്റ് ചില നടപടികള്‍, പരാതികള്‍

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ കെ സുധാകരനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. “ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിന്നും കൊള്ളൂല.” എന്നായിരുന്നു പരസ്യചിത്രത്തിലെ പരാമര്‍ശം.

മുസ്ലിം ലീഗിനെ ‘വൈറസ്’ എന്നധിക്ഷേപിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്തു. യോഗിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ബിജെപിയുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യ, അകാലിദള്‍ എം എല്‍ എ മജീന്ദര്‍ സിങ് സിര്‍സ, നടി കൊയ്ന മിത്ര തുടങ്ങി 31 പേരുടെ 34 ട്വീറ്റുകളാണ് നീക്കം ചെയ്തത്.

നിശബ്ദ പ്രചരണ വേളയില്‍ ബിജെപിയുടെ നമോ ടിവിയിലൂടെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് എന്നു കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ വയനാട് മണ്ഡലത്തെ പാക്കിസ്ഥാനോട് ഉപമിച്ച് നടത്തിയ പ്രസംഗത്തിനെതിരെ മുസ്ലീം ലീഗ് നല്കിയ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടു. നേരത്തെ ശബരിമലയുമായി ബന്ധപ്പെട്ട് നരേന്ദ്ര മൊദി നടത്തിയ പ്രസംഗത്തിനെതിരെ സി പി എം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സുകള്‍ തിരുവനന്തപുരത്ത് നീക്കം ചെയ്തു.

തനിക്കെതിരെ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയെ സമീപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കുന്നതിന് വേണ്ടിയാണ് രാം നാഥ് കോവിന്ദിനെ ബിജെപി രാഷ്ട്രപതിയാക്കിയത് എന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലൊട്ടിന്റെ പരാമര്‍ശം ഇന്നലെ വിവാദമായി.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒന്നും ഇല്ലാത്ത വിധം നിയമങ്ങളും രാഷ്ട്രീയ ധാര്‍മികതയും മൂല്യങ്ങളും ചവിട്ടി അരക്കപ്പെടുകയാണ് ഈ തെരഞ്ഞെടുപ്പില്‍. അതിനെ മുന്നില്‍ നിന്നും നയിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍